ഏറനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാംപുകള്‍ അവസാനിച്ചു
മഞ്ചേരി: ഏറനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാംപുകള്‍ അവസാനിച്ചു. കഴിഞ്ഞ 16 മുതലാണ് വിവിധ പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചത്. 34 ദുരിതാശ്വാസ ക്യാംപുകളാണ് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ചില ക്യാംപുകള്‍ പിരിച്ചുവിട്ടിരുന്നു. മലപ്പുറം നഗരസഭ 12, ഊര്‍ക്കാട്ടിരി 7, എടവണ്ണ 7, കീഴുപറമ്പ് 2, പാണ്ടിക്കാട് 2, അരീക്കോട് 1, മഞ്ചേരി 1 എന്നിങ്ങനെയാണ് പഞ്ചായത്ത്, നഗരസഭ തിരിച്ചുള്ള ക്യാംപുകളുടെ എണ്ണം. 5884 ആളുകളാണ് ക്യാംപുകളില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ ദിവസം പ്രവര്‍ത്തിച്ചത് ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറ ഗവ.ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാംപാണ്. 16ന് തുടങ്ങിയ ഇവിടത്തെ ക്യാംപ് ഇന്നലെ വൈകിട്ടാണ് അവസാനിപ്പിച്ചത്. ജില്ലയിലെ ഏറ്റവും വലിയ ക്യാംപ് ഇതായിരുന്നു. എണ്ണൂറോളം ആളുകളാണ് വെറ്റിലപ്പാറയിലെ ക്യാംപില്‍ മാത്രമായി ഉണ്ടായിരുന്നത്. ഉരുള്‍പൊട്ടലില്‍ മരിച്ച ഏഴുപേരുടെ ബന്ധുക്കളും ഇവിടെയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായതോടെ ഭുരിഭാഗം കുടുംബങ്ങളും തങ്ങളുടെ വീടുകളിലേക്കും ബന്ധു വീടുകളിലേക്കുമായി മടങ്ങിയിരുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം വീട് ഭാഗികമായി തകര്‍ന്ന കുടുംബങ്ങളിലുള്ള പലരും ബന്ധു വീടുകളിലേക്ക് താമസം മാറ്റി. വീട് പൂര്‍ണമായി നഷ്ടപെട്ടതോടെ ക്യാംപില്‍ നിന്ന് പോകാന്‍ ഇടമില്ലാതെ വിഷമിച്ച അഞ്ച് കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക സൗകര്യമൊരുക്കി. ഓടക്കയം നെഹ്‌റു യുവജന ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ഓടക്കയം കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് വീട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്.
വിവിധ കെടുതികളിലായി ഏറനാട് താലൂക്കില്‍ 600 വീടുകള്‍ ഭാഗികമായും 12 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇതിന് പുറമെ കെട്ടിടങ്ങള്‍, കിണറുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയും തകര്‍ന്നിട്ടിട്ടുണ്ട്. പൂര്‍ണമായി തകര്‍ന്ന അഞ്ച് വീടുകള്‍ ഊര്‍ങ്ങാട്ടിരിയിലെ ആദിവാസി കുടുംബങ്ങളുടേതാണ്. ഭാഗികമായി തകര്‍ന്ന വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവക്ക് മാത്രമായി 1.66 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. പൂര്‍ണമായി തകര്‍ന്നവക്ക് 3.60 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായ വിലയിരുത്തല്‍. ഊര്‍ങ്ങാട്ടിരി, അരീക്കോട്, ഊര്‍ങ്ങാട്ടിരി, എടവണ്ണ പഞ്ചായത്തുകളില്‍ ഉള്ളവരാണ് മഴക്കെടുതികള്‍ മൂലം കൂടുതല്‍ നഷ്ടം അനുഭവിക്കേണ്ടി വന്നത്.
വെറ്റിലപ്പാറ ഗവ.ഹൈസ്‌കൂളിലെ ക്യാംപില്‍നിന്ന് പിരിഞ്ഞുപോയവര്‍ക്ക് അന്‍പത് കിലോ അരി, പച്ചക്കറി, പഞ്ചസാര തുടങ്ങിയ അന്‍പതോളം ഇനങ്ങള്‍ നല്‍കി. ആവശ്യമായ കുടുംബങ്ങള്‍ക്ക് പാത്രങ്ങളും വിതരണം ചെയ്തു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."