ലോക്കറിലെ പണത്തിന്റെ ഉറവിടം സ്വപ്ന വെളിപ്പെടുത്തിയില്ലെന്ന് വേണുഗോപാല്‍
സ്വന്തം ലേഖിക
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ കൂടുതല്‍ കുരുക്കിലാക്കി ചാര്‍ട്ടേഡ് അക്കൗണ്ടിന്റെയും ബില്‍ഡറുടെയും മൊഴികള്‍. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടുന്നതിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ച് കൂടുതല്‍ പേര്‍ക്ക് നോട്ടിസ് നല്‍കിയെന്നും സ്വപ്നക്ക് കമ്മീഷന്‍ നല്‍കിയവര്‍ക്കാണ് പുതുതായി നോട്ടിസ് നല്‍കിയിരിക്കുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സ്വപ്നയുടെ ബാങ്ക് ലോക്കറിന്റെ ജോയിന്റ് ഹോള്‍ഡര്‍ കൂടിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരുടെ മൊഴി ഓഗസ്റ്റ് 19ന് രേഖപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു. തന്റെ കൂടി ഉടമസ്ഥതയിലുള്ള ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത പണത്തിന് തനിക്ക് കൂടി ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ഈ പണത്തിന്റെ ഉറവിടം സ്വപ്ന തന്നോട് വെളിപ്പെടുത്തിയില്ലെന്നാണ് അദ്ദേഹം മൊഴി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ സംശയനിഴലില്‍ നില്‍ക്കുന്ന, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സുഹൃത്ത് കൂടിയാണ് വേണുഗോപാല്‍.
എന്നാല്‍, ലൈഫ് മിഷന്‍ പദ്ധതിയിലെ കരാര്‍ ലഭിച്ചിരുന്ന ഏജന്‍സി തനിക്ക് കമ്മീഷനായി നല്‍കിയതാണ് ഈ തുകയെന്നാണ് സ്വപ്ന നേരത്തെ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിരുന്നത്. അതേസമയം സ്വപ്നക്ക് കമ്മീഷന്‍ നല്‍കിയിട്ടില്ലെന്നാണ് പദ്ധതി നടത്തിപ്പുകാരായ സെയ്ന്‍ വെഞ്ചേഴ്‌സ് ഡയറക്ടര്‍ പി.വി വിനോദ് മൊഴി നല്‍കിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം വിശദീകരിക്കുന്നു. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാനിടയുണ്ടെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നീ പ്രതികളെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹാജരാക്കിയത്. ഇവരെ അടുത്തമാസം ഒന്‍പത് വരെ വീണ്ടും റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."