ഉംറ തീർത്ഥാടനം ഉടൻ പുനഃരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ
റിയാദ്: കൊവിഡ് 19 വൈറസ് വ്യാപന പാശ്ചാതലത്തിൽ വിശുദ്ധ ഹറമിലേക്കുള്ള പ്രവേശനം താത്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിർത്തലാക്കിയ വിശുദ്ധ ഉംറ തീർത്ഥാടനം ഉടൻ പുനഃരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നേരത്തെ ഇത് സംബന്ധമായ വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും പാകിസ്ഥാനിലെ സഊദി അംബാസിഡറാണ് ഇതേ കുറിച്ച് ഏറ്റവും ഒടുവിൽ പ്രതികരിച്ചത്. കൊവിഡ് 19 വൈറസ് വ്യാപന നിയന്ത്രണങ്ങൾ ശക്തമായി സ്വീകരിച്ച് ഉംറ തീർത്ഥാടനം ഉടൻ തന്നെ പുനഃരാരംഭിക്കുമെന്ന് പാകിസ്ഥാനിലെ സഊദി അംബാസിഡർ നവാഫ് ബിൻ സൈദ് അൽ മാലികി പറഞ്ഞു. പാകിസ്ഥാൻ മതകാര്യ മന്ത്രി നൂറുൽ ഹഖ് ഖാദിരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അംബാസിഡർ ഇക്കാര്യം വ്യക്തമാക്കിയതെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
[caption id="attachment_882109" align="alignnone" width="360"] മത്വാഫിൽ സാമൂഹിക അകലം പാലിച്ച് മുസ്വല്ലകൾ വിരിച്ചിരിക്കുന്നു[/caption]കൊവിഡ് 19 വൈറസ് വ്യാപന പാശ്ചാതലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെ ഈ വർഷം നടന്ന വിശുദ്ധ ഹജ്ജ് വൻ വിജയമായിരുന്നു. വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും കൈകൊണ്ടായിരുന്നു ഹജ്ജ് പൂർത്തീകരിച്ചത്. ഇതേ മാർഗ്ഗം അവലംബിച്ച് ഉംറ തീർത്ഥാടനവും വിജയകരമായി നടപ്പാക്കാനാവുമെന്ന് നേരത്തെ തന്നെ വിവിധ കോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു. എങ്കിലും ഇക്കാര്യത്തിൽ ഇത് വരെ സഊദി ഭരണകൂടം തീരുമാനം കൈക്കൊണ്ടിട്ടില്ല.
അതിനിടെ മക്കയിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. വിശുദ്ധ കഅ്ബയുടെ പ്രദക്ഷിണ കേന്ദ്രമായ മത്വാഫിൽ ഉൾപ്പെടെ സാമൂഹിക അകലം പാലിച്ച് നിസ്കാരം നിർവ്വഹിക്കാൻ സഹായിക്കുന്ന രീതിയിൽ കാർപെറ്റുകൾ വിരിച്ച് തയാറാക്കിയിട്ടുമുണ്ട്. ഒരുക്കങ്ങൾ പൂർത്തീകരിച്ച് ഉംറ തീർത്ഥാടനം ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.
കൊവിഡ് 19 വൈറസ് വ്യാപന പാശ്ചാതലത്തിൽ ഫെബ്രുവരി അവസാനത്തോടെയാണ് അന്താരാഷ്ട്ര ഉംറ തീർത്ഥാടനത്തിന് സഊദി നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് മാർച്ച് ആദ്യത്തിൽ ആഭ്യന്തര ഉംറ തീർത്ഥാടനത്തിനും മദീന സന്ദർശനത്തിനും വിലക്കേർപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."