ഗെയില്‍ പൈപ്പ് ലൈന്‍: നഷ്ടപരിഹാരത്തിനായി ഇനി എവിടെ പോകണം..?
പെരിയ: മംഗളൂരു-കൊച്ചി ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച വകയില്‍ ഭൂ ഉടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കും നഷ്ടപരിഹാര തുക ഇനിയും ലഭിച്ചില്ല. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പരിധിയില്‍ വിവിധ ഭാഗങ്ങളിലുള്ള ഭൂ ഉടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കുമാണ് നഷ്ടപരിഹാരം ലഭിക്കാത്തത്. വീട്ടുപറമ്പുകളില്‍ ഉള്‍പ്പെടെ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് പലര്‍ക്കും കടുത്ത ദുരിതം പേറേണ്ടി വന്നെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. കൃഷി ഭൂമികളില്‍ കൂടിയും പൈപ്പ് ലൈന്‍കടന്നു പോയതോടെ പലര്‍ക്കും കൃഷി നടത്താനുള്ള സാഹചര്യവും ഇല്ലാതായി. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയാണ് കരാറുകാര്‍ പല ഭൂ ഉടമകളെയും കെട്ടിട ഉടമകളെയും പാട്ടിലാക്കിയത്.
പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കുണിയ കാനം പ്രദേശത്ത് നിരോധിത സ്‌ഫോടന വസ്തു ഉപയോഗിച്ച് കരിങ്കല്‍ പാളി പൊട്ടിച്ച സംഭവത്തില്‍ പ്രദേശത്തെ ഒട്ടനവധി വീടുകള്‍ക്ക് വിള്ളല്‍ വീണിരുന്നു. ഇവരില്‍ പലര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പലവിധ കാരണങ്ങള്‍ പറഞ്ഞു നഷ്ടപരിഹാരം നല്‍കുന്നത് താമസിപ്പിച്ച കരാറുകാര്‍ ഒടുവില്‍ യന്ത്രങ്ങളുമായി കടന്നു കളയുകയും ചെയ്തു.
അതിനിടെ ആകെയുള്ള അഞ്ചു സെന്റ് ഭൂമിയില്‍ കൊച്ചുകൂര കെട്ടി താമസിച്ചിരുന്ന പ്രദേശത്തെ നസീര്‍ എന്ന യുവാവിന് കുടുംബസമേതം വാടകക്വര്‍ട്ടേഴ്‌സണ്ടണ്ടണ്ടിണ്ടണ്ടണ്ടല്‍ താമസിക്കേണ്ട അവസ്ഥയാണുണ്ടായി. ഇയാളുടെ വീട്ടുപറമ്പ് നെടുകെ പിളര്‍ന്നു പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ സ്ഥലത്തിനും വീടിനും ഉള്‍പ്പെടെ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് കരാറുകാരും ബന്ധപ്പെട്ട അധികൃതരും ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതും നല്‍കിയിട്ടില്ല.
നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലതാമസം ഉണ്ടായതോടെ പല ഭൂ ഉടമകളും മറ്റും കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇതുസംബന്ധമായി തീരുമാനം കൈക്കൊള്ളുന്നതില്‍ കാലതാമസം നേരിടുകയും ചെയ്തു. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി ആദ്യം തയാറാക്കിയ സര്‍വേ ഒഴിവാക്കിയാണ് കരാറുകാര്‍ ഇത് സ്ഥാപിച്ചത്. ഇതേ തുടര്‍ന്നാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണമായും ജനവാസ കേന്ദ്രങ്ങളില്‍ കൂടി പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടി വന്നത്. ദുരിതത്തിലായ ഭൂ ഉടമകള്‍ക്കും മറ്റും നഷ്ടപരിഹാരം ഇനി എവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."