ഐ.പി.എല്‍: കൊവിഡ് കണക്ക് ബി.സി.സി.ഐ പുറത്തുവിട്ടു
ദുബായ്: ഐ.പി.എല്ലിനു മുന്നോടിയായി യു.എ.ഇയില്‍ സംഘടിപ്പിച്ച കൊവിഡ് ടെസ്റ്റുകളുടെ കണക്കുകള്‍ ബി.സി.സി.ഐ പുറത്തുവിട്ടു. 1988 ടെസ്റ്റുകളാണ് ഈ മാസം 20 മുതല്‍ 28 വരെ വിവിധ ഐ.പി.എല്‍ ടീമുകളിലെ താരങ്ങള്‍ക്കും ഓഫീഷ്യല്‍സിനുമായി നടത്തിയത്.
എട്ടു ടീമുകളുടേയും താരങ്ങള്‍, കോച്ചുമാര്‍, ബി.സി.സി.ഐ, ഐ.പി.എല്‍ ഒഫീഷ്യല്‍സ്, ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാഫുമാര്‍ എന്നിവരെ ഉള്‍പ്പെടെ പരിശോധനക്ക് വിധേയരാക്കി. ഇതില്‍ 13 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12ഉം ചെന്നൈ സൂപ്പര്‍ കിങ്‌സിലെ താരങ്ങളോ ഒഫീഷ്യല്‍സോ ആണ്. ഇതിന് പുറമെ കഴിഞ്ഞ ദിവസവും ഒരു ചെന്നൈ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഈ കണക്കില്‍ പെടില്ല. ആര്‍ക്കെല്ലാമാണ് കൊവിഡ് ബാധിച്ചിരിക്കുന്നതെന്ന കാര്യം ഇപ്പോള്‍ പുറത്ത് വിട്ടിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ച സി.എസ്.കെ ടീമിലെ രണ്ടു താരങ്ങുള്‍പ്പെടെ 13 പേര്‍ക്കു രണ്ടാഴ്ച കാറന്റീനില്‍ കഴിയണം. അതിനു ശേഷമുള്ള കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ ഇവര്‍ക്ക് ടീമിനൊപ്പം ചേരാന്‍ കഴിയൂ.
റെയ്‌ന ഐ.പി.എല്ലില്‍ നിന്ന് പിന്മാറി
അബൂദബി:ഐ.പി.എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തിരിച്ചടി. സീനിയര്‍ താരം സുരേഷ് റെയ്‌ന വ്യക്തിപരമായ കാരങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചിരിക്കുകയാണിപ്പോള്‍. ഈ സീസണില്‍ താരം ഇനി ചെന്നൈയിക്ക് വേണ്ടി കളിക്കില്ലെന്നാണ് വിവരം. റെയ്‌നയുടെ കുടുംബത്തിലെ ചില പ്രശനങ്ങള്‍ കാരണമാണ് താരം നാട്ടിലേക്ക് തിരിച്ചതെന്നാണ് വിവരം. ദൈനിക് ജാഗരനാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്ത് വിട്ടത്. പത്താന്‍കോട്ടിലെ തരിയാല്‍ ഗ്രാമത്തില്‍ താമസിക്കുന്ന റെയ്‌നയുടെ അമ്മാവനും കുടുംബത്തിനും നേരെ അജ്ഞാതരില്‍ നിന്ന് ആക്രമണം നേരിട്ടുവെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാത്രിയില്‍ കുടുംബാംഗങ്ങള്‍ വീടിന്റെ ടെറസില്‍ ഉറങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മാരകായുധങ്ങളുമായാണ് ആക്രമികള്‍ ഇവരെ ആക്രമിച്ചതെന്നാണ് വിവരം. അജ്ഞാതരുടെ ആക്രമണത്തില്‍ റെയ്‌നയുടെ അമ്മാവനായ 58 കാരനായ അശോക് കുമാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. റെയ്‌നയുടെ പിതൃസഹോദരിയായ ആശാ ദേവിയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട അശോക് കുമാര്‍. ഗുരുതര പരുക്കേറ്റ ആശാ ദേവി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
അശോക് കുമാറിന്റ 80 വയസുള്ള മാതാവിനും ഗുരുതര പരുക്കുണ്ടെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ക്ക് വേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."