പൊതുവിദ്യാലയങ്ങള്‍ അടുത്ത വര്‍ഷം തുറക്കാനായേക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈവര്‍ഷം ഇതുവരെ തുറക്കാന്‍ കഴിയാത്ത വിദ്യാലയങ്ങള്‍ 2021 ജനുവരിയില്‍ സാധാരണഗതിയില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷത്തോളം വിദ്യാലയ അന്തരീക്ഷത്തില്‍ നിന്ന് അകന്നു നിന്നതിനുശേഷം സ്‌കൂളിലെത്തുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി വരവേല്‍ക്കും.
500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. ഓരോ സ്‌കൂളിനും അഞ്ച് കോടി രൂപ വീതം മുടക്കി നിര്‍മിക്കുന്ന 35 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ചെലവില്‍ പണി തീര്‍ക്കുന്ന 14 സ്‌കൂള്‍ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യുമെന്ന് നൂറുദിന പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
27 സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകും. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയിട്ടുണ്ട്. എല്ലാ എല്‍പി സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റാനുള്ള പരിപാടി കിഫ്ബി സഹായത്തോടെ പുരോഗമിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ 11,400 സ്‌കൂളുകളില്‍ ഹൈടെക് കംപ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും.
കെ.എസ്.എഫ്.ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളില്‍ വിതരണം ആരംഭിക്കും. 18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐ.ടി.ഐ അടക്കം നവീകരിച്ച 10 ഐ.ടി.ഐകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവയ്ക്ക് സ്ഥിരം കാംപസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി രൂപ മുതല്‍മുടക്കില്‍ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."