വാതില്‍ തുറന്നിടുന്നു; തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭാഗമാകുമെന്ന് ജോസ് കെ. മാണി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിരാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി എം.പി. രണ്ടില ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചവര്‍ പാര്‍ട്ടിയിലേക്കു തിരിച്ചുവരണം. അല്ലാത്തവരെ അയോഗ്യരാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇനി കേരള കോണ്‍ഗ്രസ് എന്നത് ഒന്നേയുള്ളൂ. രണ്ടില ചിഹ്നവും. കഴിഞ്ഞ കുറേ നാളുകളായി മാധ്യമങ്ങള്‍ ജോസ് പക്ഷം എന്ന് എഴുതിയിരുന്ന രീതി ഇനി ആവശ്യമില്ല. എല്ലാവരും കേരള കോണ്‍ഗ്രസ് (എം) കുടുംബത്തില്‍ തന്നെയുണ്ടാകണം. ചിലര്‍ തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്. തങ്ങള്‍ക്ക് ആരോടും ശത്രുതയില്ല. പിതൃതുല്യരായവര്‍ തിരിച്ചുവരണം. പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.
യു.ഡി.എഫ് സാങ്കേതിക തിരുത്ത് മാത്രമാണ് എടുത്തത്. രാഷ്ട്രീയ തിരുത്തിന് തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി യു.ഡി.എഫിന് രാഷ്ട്രീയ തിരിച്ചടിയായോ എന്ന് അവര്‍ പരിശോധിക്കട്ടെ.
നിയമസഭാ രേഖയില്‍ റോഷി അഗസ്റ്റിനാണ് പാര്‍ട്ടി വിപ്പ്. ആ വിപ്പ് ലംഘിച്ചവര്ക്കെതിരേ നിയമപരമായ നടപടിയുണ്ടാകും. ചിഹ്നം അനുവദിച്ചുകിട്ടിയതിലൂടെ കെ.എം മാണിയുടെ ആത്മാവ് സന്തോഷിക്കുകയാണ്. തനിക്കും തന്റെ പിതാവിനുമെതിരേ വലിയ രീതിയിലാണ് വ്യക്തിഹത്യ നടന്നത്. എങ്കിലും ആര്‍ക്കെതിരേയും മോശം ഭാഷയില്‍ പ്രതികരിക്കാനോ പരാതിപ്പെടാനോ ശ്രമിച്ചില്ല. വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നിലവില്‍ സ്വതന്ത്രമായ നിലപാടിലാണ് പാര്‍ട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിനു മുന്‍പ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."