ആനപ്രേമികളുടെ പ്രിയങ്കരി ലക്ഷ്മി ചെരിഞ്ഞു
പത്തനംതിട്ട: ആന പ്രേമികളുടെയും സന്ദര്‍ശകരുടെയും പ്രിയങ്കരിയായ കോന്നി ആനത്താവളത്തിലെ കുട്ടിയാന ലക്ഷ്മി (അഞ്ച്) ചെരിഞ്ഞു. ഇന്നലെ പുലര്‍ച്ചെയോടെയാണ് ലക്ഷ്മി ചെരിഞ്ഞത്. ആനത്താവളത്തിലെ പ്രദര്‍ശന കേന്ദ്രത്തിലായിരുന്നു അന്ത്യം. വൈറസ് ബാധയേ തുടര്‍ന്നാണത്രേ അന്ത്യം സംഭവിച്ചത്. ബുധനാഴ്ച ഉച്ച മുതലാണ് ആനക്കുട്ടിയില്‍ ആരോഗ്യപ്രശ്‌നം കണ്ടത്. തുടര്‍ന്ന് വനം വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചെങ്കിലും പുലര്‍ച്ചെയോടെ നില വഷളായതിനെ തുടര്‍ന്ന് ചെരിയുകയായിരുന്നു.
രണ്ടര വര്‍ഷം മുമ്പ് കോടനാട് ആനത്താവളത്തില്‍ നിന്നാണ് ലക്ഷ്മിയെ കോന്നിയിലെത്തിച്ചത്. കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ വനമേഖലകളില്‍ നിന്നും ലഭിച്ച അഞ്ചുവയസില്‍ താഴെയുള്ള മൂന്നു കുട്ടിയാനകള്‍ കൂടി ഇവിടെയുണ്ട്. ചെരിഞ്ഞ ആനക്കുട്ടിയുടെ ജഡം ഇന്നലെ രാവിലെ ആറരയോടെ നടുവത്തുംമൂഴി വനത്തിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മറ്റ് ആനക്കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ പ്രതിരോധ മരുന്നുകള്‍ നല്‍കാനാണ് വനം അധികൃതരുടെ തീരുമാനം. കോന്നി ഡി.എഫ്.ഒ മോഹനന്‍ പിള്ള, വെറ്റിനറി സര്‍ജന്‍ ഡോ. ജയകുമാര്‍, റേഞ്ച് ഓഫീസര്‍ നിബു കിരണ്‍, ഫോറസ്റ്റര്‍ പ്രകാശ് എന്നിവര്‍ നടപടികള്‍ക്കു മേല്‍നോട്ടം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."