കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് റുബെല്ലാ വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം
ചെറുവത്തൂര്‍: വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് റുബെല്ലാ വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് ഈ മാസം അവസാനവാരം പ്രതിരോധ കുത്തിവയ്പ്പ് നല്‍കുക.
സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് റുബെല്ലാ വാക്‌സിന്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. 2013-14 അധ്യയനവര്‍ഷം മുതലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. അന്ന് നിര്‍ബന്ധിത കുത്തിവയ്പ്പിനെതിരേ വിവിധയിടങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ റുബെല്ലാ രോഗം ബാധിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അതൊഴിവാക്കുന്നതിനാണ് കൗമാരപ്രായക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഡിസബിലിറ്റീസ് ആണ് വാക്‌സിനുകള്‍ വിദ്യാലയങ്ങളില്‍ എത്തിക്കുക. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ചുമതല. വാക്‌സിനേഷന്‍ നല്‍കുന്നതിനായി എട്ടു നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാലയത്തിലെ എട്ട്, ഒന്‍പത് ക്ലാസുകളിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്‌കൂള്‍തലത്തില്‍ പ്രധാനാധ്യപകര്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
രക്ഷിതാക്കളെ പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച വിവരങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി വിദ്യാലയങ്ങളില്‍ പി.ടി.എ യോഗങ്ങള്‍ ചേരണം. പ്രദേശത്തെ പി.എച്ച്.സി ഡോക്ടറുടെ സേവനം യോഗത്തില്‍ ഉപയോഗപ്പെടുത്തണം. കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കും ബോധവല്‍ക്കരണം നല്‍കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വാക്‌സിനേഷന്‍ സംബന്ധിച്ച കണക്കുകള്‍ സ്‌കൂള്‍തലം മുതല്‍ സമാഹരിച്ച് സംസ്ഥാനതലത്തില്‍ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."