വിമാന യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം
നെടുമ്പാശ്ശേരി: വിമാനങ്ങള്‍ രണ്ട് മണിക്കൂറിലധികം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരതുക വര്‍ധിപ്പിച്ച ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ( ഡി.ജി.സി.എ) തീരുമാനം മറയാക്കി യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ നീക്കംതുടങ്ങി. വിമാനം രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ 10,000 രൂപയും യാത്ര മുടങ്ങിയാല്‍ 20,000 രൂപയും ഓരോ യാത്രക്കാരനും നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
നിലവില്‍ ഇത് 4,000 രൂപയായിരുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിര്‍ദേശം നിലവില്‍വരുമെന്നാണ് ഡി.ജി.സി.എ അറിയിച്ചിരിക്കുന്നത്. പുതിയ നിര്‍ദേശം വിമാന കമ്പനികള്‍ക്ക് വന്‍ ബാധ്യത വരുത്തിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക്‌വര്‍ധനക്ക് നീക്കം ആരംഭിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതുസംബന്ധിച്ച് അനൗദ്യോഗികമായി സൂചന നല്‍കിക്കഴിഞ്ഞു. ഓഗസ്റ്റ് പകുതിയോടെ നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ പെട്ടെന്നുള്ള നിരക്കു വര്‍ധനയില്‍ ഡി.ജി.സി.എ ഇടപെടാനുള്ള സാധ്യത കണക്കിലെടുത്ത് ടിക്കറ്റ് നിരക്കില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് നീക്കം.
യാത്രക്കാരെ സംബന്ധിച്ച് ഫലത്തില്‍ ഇത് ടിക്കറ്റ്‌നിരക്ക് വര്‍ധനവ് തന്നെയാണ്. പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെയാണ് യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം ഉയര്‍ത്തുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
മറ്റ് വിമാന കമ്പനികള്‍ക്ക് നഷ്ടപരിഹാരതുക ഇനത്തില്‍ പ്രതിമാസം കേവലം രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ചെലവ് . എന്നാല്‍ എയര്‍ ഇന്ത്യക്ക് ഇത് ശരാശരി 50 മുതല്‍ 60 ലക്ഷം രൂപ വരെയാണ്.
വിമാന സര്‍വിസുകള്‍ കാര്യക്ഷമമാക്കുന്നതിന് ഡി.ജി.സി.എ എടുത്ത തീരുമാനം ഫലത്തില്‍ ഇപ്പോള്‍ യാത്രക്കാര്‍ക്ക് തന്നെ തിരിച്ചടിയാകുകയാണ്. പലപ്പോഴും വിമാന കമ്പനികളുടെ അമിത ചാര്‍ജ് വര്‍ധനയെ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടാന്‍ മടിക്കുന്നതാണ് യാതൊരു നിയന്ത്രണവും മാനദണ്ഡവുമില്ലാതെ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ വിമാന കമ്പനികള്‍ക്ക് സഹായകമാകുന്നതെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."