വേണം, സംവരണരീതിയില്‍ പുനരവലോകനം
സംസ്ഥാനത്ത് സംവരണം നടപ്പാക്കുന്ന രീതിയില്‍ പുനഃപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ജാതീയവും സാമൂഹികവും സാമ്പത്തികവുമായ രീതിയില്‍ എത്രയും പെട്ടെന്ന് സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് പ്രമുഖ അഭിഭാഷകനും മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായ അഡ്വ. വി.കെ ബീരാന്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സാമുദായിക സംവരണത്തിലെ പാകപ്പിഴവ് കാരണം മുസ്‌ലിം സമുദായം ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ഉദ്യോഗ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് ഹരജിയിലെ പ്രധാന പരാതി. ഇത് ലഭ്യമാക്കാന്‍ കോടതി ഉചിത നടപടി സ്വീകരിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടിരിക്കുന്നത്. ഇന്ദിരാ സാഹ്നി കേസിലെ വിധിയനുസരിച്ച് ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും സംവരണ പട്ടിക പുനഃപരിശോധിക്കണമെന്നത് സുപ്രിം കോടതി വിധിയാണ്. എന്നാല്‍ കഴിഞ്ഞ 61 വര്‍ഷമായി സംവരണഘടനയില്‍ പുനഃപരിശോധന ഉണ്ടായിട്ടില്ലെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗങ്ങളെ മറ്റു സമുദായങ്ങള്‍ക്കൊപ്പം എത്തിക്കാനാണ് ഉദ്യോഗ, വിദ്യാഭ്യാസ നിയമനങ്ങളിലും പ്രവേശനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിയത്. പ്രബലമായ ഒരു വിഭാഗം പിന്തള്ളപ്പെട്ടുപോയതിന് കാരണം ഇന്ത്യയില്‍ കൊടികുത്തി വാഴുന്ന ജാതി വ്യവസ്ഥ തന്നെയായിരുന്നു. സംവരണം യഥാവിധി നടപ്പിലാക്കാനാണ് ഭരണഘടനയില്‍ അതു എഴുതിച്ചേര്‍ത്തത്. ഭരണഘടനയുടെ 16 (1) ഖണ്ഡിക സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉദ്യോഗരംഗത്ത് സംവരണം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഗാന്ധിജിയുടെ ആഹ്വാനം കേട്ട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരില്‍ ഏറെയും ന്യൂനപക്ഷ, പിന്നാക്ക, ദലിത് വിഭാഗത്തില്‍ പെട്ടവരായിരുന്നു. ബ്രിട്ടിഷ് സര്‍ക്കാരിന്റെ വിദ്യാഭ്യാസവും ഉദ്യോഗവും ഈ വിഭാഗം സ്വീകരിക്കാതിരുന്നത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. അതിനാല്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഔദ്യോഗിക രംഗത്തും സാമൂഹിക രംഗത്തും പിന്തള്ളപ്പെട്ടു. ബ്രിട്ടിഷ് ഇന്ത്യയില്‍ സര്‍ക്കാരിന്റെ ജോലി സ്വീകരിച്ച് ഉന്നത സ്ഥാനങ്ങളിലിരുന്നവര്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും അതേ സ്ഥാനങ്ങളില്‍ തുടര്‍ന്നു. അവര്‍ക്ക് ശേഷം അവരുടെ പിന്‍മുറക്കാരെയും യഥാസ്ഥാനങ്ങളില്‍ അവര്‍ പ്രതിഷ്ഠിച്ചു. അവരില്‍ ഒരു വിഭാഗമാണിപ്പോഴും സംവരണതത്വത്തെ അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് 1958ല്‍ ഭരണഘടനാ പ്രകാരം നടപ്പിലാക്കിയ സംവരണത്തിന്റെ ഫലം അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് ഇപ്പോഴും കിട്ടാതെ പോകുന്നത്.
പാലിക്കപ്പെടാതെ പോകുന്ന സംവരണം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നിരവധി കമ്മിഷനുകളെയാണ് ഈ കാലയളവില്‍ മാറിമാറി വന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല്‍ കമ്മിഷന്‍, സംസ്ഥാന സര്‍ക്കാരിന്റെ നെട്ടൂര്‍ പി. ദാമോദരന്‍ കമ്മിഷന്‍, നരേന്ദ്രന്‍ കമ്മിഷന്‍ എന്നിവ അവയില്‍ ചിലതു മാത്രം. എന്നാല്‍, സംവരണത്തിന്റെ ആനുകൂല്യം അതിനര്‍ഹതപ്പെട്ടവര്‍ക്ക് കൃത്യമായി ലഭിച്ചില്ലെന്ന് മാത്രം. സംവരണതത്വത്തെ അട്ടിമറിക്കാനെന്നവണ്ണം സാമ്പത്തിക സംവരണവും ഏര്‍പ്പെടുത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ പത്ത് ശതമാനം സംവരണവും സംവരണ വിഭാഗങ്ങളില്‍ ക്രീമിലെയര്‍ ഏര്‍പ്പെടുത്തിയതും സംവരണം കൊണ്ട് ഭരണഘടനാ ശില്‍പികള്‍ എന്തായിരുന്നുവോ ഉദ്ദേശിച്ചത് അത് അട്ടിമറിക്കാനായിരുന്നു.
മുസ്‌ലിംകളടക്കമുള്ള പിന്നാക്ക, ദലിത് വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്കായി മണ്ഡല്‍ കമ്മിഷന്‍ രൂപീകരിച്ചത് 1979ല്‍ അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായി സര്‍ക്കാരായിരുന്നുവെങ്കിലും റിപ്പോര്‍ട്ട് ഭാഗികമായിട്ടെങ്കിലും നടപ്പിലാക്കാന്‍ ഉത്തരവിട്ടത് പിന്നീട് അധികാരത്തില്‍ വന്ന വി.പി സിങ് സര്‍ക്കാരായിരുന്നു. ഇതിന്റെ പേരില്‍ വി.പി സിങ്ങിന് ഭരണം തന്നെ നഷ്ടമായി. വമ്പിച്ച പ്രതിഷേധമായിരുന്നു സവര്‍ണലോബിയുടെ നേത്യത്വത്തില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ രാജ്യത്ത് നടത്തിയത്. ജാതി കലാപമായി അത് മാറി. നിരവധി പേര്‍ കൊല്ലപ്പെട്ടു. എല്‍.കെ അദ്വാനി അയോധ്യയിലേക്ക് നയിച്ച രഥയാത്ര പരോക്ഷമായി മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേയും കൂടിയായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അന്ന് വിലയിരുത്തിയിരുന്നു.
ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന സാമൂഹിക നീതി ജനസംഖ്യാനുപാതികമായ പ്രതിനിധ്യത്തോടെ എല്ലാ മേഖലകളിലും നടപ്പാക്കുക എന്ന സംവരണ തത്വം വളരെ സമര്‍ഥമായിട്ടാണ് ഓരോരോ ഘട്ടങ്ങളിലും അട്ടിമറിച്ചുകൊണ്ടിരുന്നത്. അധികാരത്തിന്റെ എല്ലാ മേഖലകളിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രതിനിധ്യം ഉണ്ടാകുമ്പോള്‍ മാത്രമേ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി ഉറപ്പാകൂ എന്നത് ഭരണഘടനയില്‍ ലിഖിതമായി തന്നെ ഇന്നും അവശേഷിക്കുന്നു. ജാതി വ്യവസ്ഥയുടെ നീക്കിയിരുപ്പാണ് പിന്നാക്കാവസ്ഥ. അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട പിന്നാക്ക വിഭാഗത്തിന് അഭിമാനവും അന്തസും വിഭാവനം ചെയ്യുന്ന സംവരണതത്വമാകട്ടെ അതിനാല്‍ തന്നെ കാലങ്ങളിലൂടെ അട്ടിമറിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു.
ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ ഭേദഗതി ചെയ്തു സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതും ഇതിന്റെ ഭാഗമായി കാണുന്നതില്‍ തെറ്റുണ്ടാകുമെന്ന് തോന്നുന്നില്ല. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിക്കൊണ്ട് 1990 ഓഗസ്റ്റ് 13 ന് വി.പി സിങ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മുപ്പത് വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാതെ പൂട്ടിവയ്ക്കാന്‍ ഭരണ സിരാ കേന്ദ്രങ്ങളില്‍ പിടിമുറുക്കിയ സവര്‍ണലോബിക്ക് ഇന്നും കഴിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."