വി.പി.എസ് ഹെല്‍ത്ത് കെയര്‍ 12 കോടിയുടെ മരുന്നുകളും അവശ്യസാധനങ്ങളും കൈമാറി
തിരുവനന്തപുരം: യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ശൃംഖലയായ വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് പ്രളയ ബാധിത കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി നല്‍കുന്ന സഹായത്തിന്റെ ആദ്യ ഗഡുവായി 12 കോടി രൂപ വിലമതിക്കുന്ന 70 ടണ്ണോളം മരുന്നുകളും അവശ്യസാധനങ്ങളും കൈമാറി.
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ഏറ്റുവാങ്ങി. കേരളത്തിലെ ജനങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോള്‍ സഹായഹസ്തവുമായെത്തുന്ന പ്രവാസികളെ മലയാളികള്‍ എക്കാലവും ഓര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞു. നിപാ വൈറസ് ബാധയുടെ സമയത്ത് വി.പി.എസ് ഹെല്‍ത്ത് കെയര്‍ 30 ലക്ഷം രൂപ വിലമതിക്കുന്ന സുരക്ഷാവസ്തുക്കള്‍ പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ട് എത്തിച്ചു നല്‍കിയിരുന്നു. ഇതെല്ലാം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
അബൂദബിയില്‍ നിന്ന് പ്രത്യേക ബോയിങ് 777 വിമാനത്തിലാണ് സാമഗ്രികള്‍ എത്തിയത്. മരുന്നുകള്‍, വസ്ത്രങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍, സാനിറ്ററി പാഡ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവ അടങ്ങിയ 70 ടണ്‍ അവശ്യവസ്തുക്കളാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തിച്ചത്.
നവകേരളം കെട്ടിപ്പടുക്കുന്നതിനായി 50 കോടി രൂപയാണ് വി.പി.എസ് ഹെല്‍ത്ത് കെയര്‍ നല്‍കുന്നതെന്ന് മാനേജിങ് ഡയരക്ടറും സി.ഇ.ഒ.യുമായ ഡോ. ഷംസീര്‍ വയലില്‍ അറിയിച്ചു.
അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കേണ്ട പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഹായം സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, ജില്ലാ കലക്ടര്‍ വാസുകി, കെ.എസ്.ഐ.ഇ കാര്‍ഗോ ജനറല്‍ മാനേജര്‍ ജയരാജ്, വി.പി.എസ് ഇന്ത്യ മാനേജന്‍ ഹാഫിസ് അലി, സി.എസ്.ആര്‍ ഇന്‍ ചാര്‍ജ് രാജീവ് മാങ്കോട്ടില്‍, റിലേഷന്‍ഷിപ്പ് മാനേജര്‍ സഫര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."