പരിസ്ഥിതിയും കര്‍ഷകനും സംരക്ഷിക്കപ്പെടണം: എം.വി ശ്രേയാംസ് കുമാര്‍
കല്‍പ്പറ്റ: മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ശുദ്ധമായ വായുവും വെള്ളവും മണ്ണുമെല്ലാമെങ്കിലും പരിസ്ഥിതി ആഘാത പഠനവിജ്ഞാപനത്തിന്റെ കരട് ഇതില്‍ പലകാര്യങ്ങളും നിഷേധിക്കുന്ന തരത്തിലുള്ളതാണെന്ന് നിയുക്ത രാജ്യസഭാംഗം എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. വയനാട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് ഇംഗ്‌ളീഷിലും ഹിന്ദിയിലും മാത്രമാണ് പ്രസിദ്ധീകരിച്ചത്. ഗ്രാമങ്ങളില്‍ ജനം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട ഗൗരവമുള്ള വിഷയമാണ് ഇത്. ഖനം, കല്‍ക്കരി പോലുള്ള തന്ത്രപ്രധാനമേഖലകളില്‍ അനുമതിയില്ലാതെ കാര്യങ്ങള്‍ ചെയ്യാം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള അവകാശം പോലും പരിമിതിപ്പെടുത്തിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജനാധിപത്യരീതിയില്‍ ഇതിനെതിരായ പോരാട്ടം തുടരുമെന്നും പരിസ്ഥിതിക്കൊപ്പം മനുഷ്യരും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ ഉദ്യോഗസ്ഥഭരണമാണ് സംസ്ഥാനത്തുണ്ടാവുക. ഭരണസമിതിയുടെ കാലാവധി നീട്ടി നല്‍കാന്‍ സര്‍ക്കാരിനാവില്ല. ഇതു പ്രാദേശിക വികസനത്തെ ബാധിക്കും. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടത്.
അതേസമയം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നവംബറില്‍ നടത്തിയാലും എം.എല്‍.എ ആകുന്നവര്‍ക്ക് അഞ്ചു മാസമെ ലഭിക്കൂ. ഈ കാലയളവില്‍ ജനപ്രതിനിധികള്‍ക്ക് ഒന്നും തന്നെ ചെയ്യാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതില്‍ വിരുദ്ധാഭിപ്രായം പറഞ്ഞത്. എങ്കിലും തെരഞ്ഞെടുപ്പ് നടന്നാല്‍ ജയിക്കുമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിന് ഒരു സംശയവുമില്ല.
ജോസ് കെ.മാണി ഇടതുപക്ഷത്തെത്തുന്നതിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല, രതീഷ് വാസുദേവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."