ഐ.ജിയുടെ കാറില്‍ സ്വാമി: ഡി.ജി.പി വിശദീകരണം തേടി
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ സംഘടിപ്പിച്ച ബി.ജെ.പി പരിപാടിയില്‍ പങ്കെടുക്കാന്‍ ഐ.ജിയുടെ കാറില്‍ സ്വാമിയെത്തിയ സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടി. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡി.ജി.പി ഐ.ജിയോട് വിശദീകരണം തേടിയത്. പയ്യന്നൂര്‍ മഠത്തിലെ ശ്രീകൃഷ്ണാനന്ദസ്വാമിയാണ് പൊലിസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗിക വാഹനത്തില്‍ കുമ്മനം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
വ്യാഴാഴ്ച രാവിലെ കരമനയിലെ കുമ്മനത്തിന്റെ താല്‍ക്കാലിക വസതിയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുമ്മനത്തിന് ലഭിച്ച ഷാളുകളും മറ്റു വസ്തുക്കളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്ന പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കാനാണ് പൊലിസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗിക വാഹനത്തില്‍ പയ്യന്നൂര്‍ മഠത്തിലെ ശ്രീകൃഷ്ണാനന്ദസ്വാമി എത്തിയത്. പരിപാടിയില്‍ മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തിരുന്നു.
കുമ്മനത്തിന്റെ വസതിക്കു സമീപം ഐ.ജിയുടെ വാഹനം കണ്ട സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിവരം മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഐ.ജിയുടെ വാഹനത്തിലാണ് സ്വാമി എത്തിയതെന്ന് സ്ഥിരീകരിച്ചു. ഈ സമയത്ത് ഐ.ജി. ഒപ്പമുണ്ടായിരുന്നില്ലെന്നും അവര്‍ അറിയിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ വീട്ടിലെത്തിയ ശ്രീകൃഷ്ണാനന്ദസ്വാമി അവിടെ നിന്നും ഐ.ജിയുടെ ഔദ്യോഗിക വാഹനത്തില്‍ കുമ്മനത്തിന്റെ വീട്ടിലെത്തുകയായിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത് പത്തുമിനിട്ടോളം കുമ്മനവുമായി കൂടിക്കാഴ്ച നടത്തിയശേഷം സ്വാമിയെ തിരികെ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് കാര്‍ ഐ.ജിയുടെ വീട്ടിലേക്ക് മടങ്ങിയത്. ഐ.ജിയെ സന്ദര്‍ശിക്കാനെത്തിയ സ്വാമിയെ അവിടെ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കാനായാണ് ഐ.ജിയുടെ വണ്ടി വിട്ടുകൊടുത്തതെന്നും യാത്രാമധ്യേ സ്വാമി കരമനയില്‍ കുമ്മനം രാജശേഖരനെ കാണാന്‍ ഇറങ്ങുകയായിരുന്നുവെന്നും ഇതേക്കുറിച്ച് ഐ.ജിക്ക് അറിവില്ലെന്നും അദ്ദേഹം കാറില്‍ ഇല്ലായിരുന്നുവെന്നുമാണ് ദിനേന്ദ്ര കശ്യപിന്റെ ഓഫിസ് നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."