സങ്കീര്‍ണ്ണമാക്കലല്ല ഭാഷാ നവീകരണം
പുതിയ എഴുത്തുകാരില്‍, പ്രത്യേകിച്ച് ഐറിഷ് യുവ എഴുത്തുകാരില്‍ ശ്രദ്ദേയമായ എഴുത്തുകള്‍ കൊണ്ടുവരുന്ന രണ്ട് പേരാണ് ലൂസി കാള്‍ഡ് വെല്‍, സാലി റൂണി എന്നിവര്‍. മറ്റ് യുവ ഐറിഷ് എഴുത്തുകാരുമായുള്ള ഒരഭിമുഖത്തിനിടെ, ചോദ്യ കര്‍ത്താവ്, എഴുത്തിലെ പ്രഗത്ഭരായ മുന്‍ കാല ഐറിഷ് എടുത്തുകാര്‍ സ്വാധീനിച്ചതിനെപ്പറ്റി ചോദിക്കുന്നുണ്ട്. സാലിയുടെ മറുപടി, പ്രത്യേകിച്ച് ട്രഡീഷണല്‍ എഴുത്തുകള്‍ സ്വന്തം എഴുത്തില്‍ അത്രകണ്ട് സ്വാധീനം ചെലുത്തിയിട്ടില്ല എന്നും, അവരില്‍ നിന്നും തികച്ചും മാറി ചിന്തിക്കുന്ന, ഇീിലോുലൃീൃ്യ എഴുത്തുകളിലാണ് താന്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്നും തുറന്നു പറയുന്നുണ്ട്.
മലയാളത്തിലേയ്ക്ക് വരുമ്പോള്‍, യാഥാസ്ഥിക ചട്ടക്കൂടുകളില്‍ നിന്നുകൊണ്ടു മാത്രം കഥ പറയുക, വിഷയങ്ങള്‍ സ്വീകരിക്കുന്നതിലെ പുതുമ എന്നതിനപ്പുറം, എഴുത്തു രീതികളില്‍, പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കാന്‍ തയ്യാറാകാതിരിക്കുക എന്ന ഒരു പ്രവണത നിലനില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ സ്വാഭാവികമായും ഒരേ തരത്തിലുള്ള കുറേയേറെ നോവലുകളെ മാത്രം മലയാളത്തില്‍ സൃഷ്ടിക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ സമ്മതിക്കാനാകുമോ? പുതിയ ശ്രമങ്ങള്‍ കഥ പറച്ചിലിന്റെ ചട്ടക്കൂടില്‍ വരുത്താന്‍ എഴുത്തുകാര്‍ ഭയക്കുന്നുണ്ടോ?
യാഥാസ്ഥിതിക ചട്ടക്കൂടുകളില്‍ നിന്നുകൊണ്ടു മാത്രം കഥ പറയുന്ന ഒരേ തരത്തിലുള്ള കുറേയേറെ നോവലുകള്‍ ഉണ്ടാകുന്നുണ്ടാവാം. എന്നാല്‍ അങ്ങനെയുള്ളവ മാത്രം സൃഷ്ടിക്കപ്പെടുന്നു എന്ന് പറഞ്ഞാല്‍ സമ്മതിക്കാനാവില്ല. പുതിയ രചനാരീതികള്‍ കൊണ്ടുവരുന്ന എഴുത്തുകാര്‍ ഇന്ന് മലയാളത്തിലുണ്ട്. ധാരാളം ചെറുകഥകളും നോവലുകളും ഈ രീതിയില്‍ ഇറങ്ങുന്നുണ്ട്. പരീക്ഷണങ്ങള്‍ വായനക്കാര്‍ സ്വീകരിക്കുകയും അത്തരം രചനാതന്ത്രങ്ങള്‍ വിജയിക്കുകയും ചെയ്തിട്ടുമുണ്ട്. സി അഷറഫിന്റെ 'ചില വിശുദ്ധ ജന്മങ്ങളുടെ വിശേഷങ്ങള്‍', ടി.ഡി രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര' എം. കമറുദ്ദീന്റെ 'രണ്ടു നാവികര്‍ക്ക് ഒരു ശരത്കാലം' കരുണാകരന്റെ 'യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും' ലിജി മാത്യുവിന്റെ 'ദൈവാവിഷ്ടര്‍' എസ് ഹരീഷിന്റെ 'മീശ' എന്നിവ പുതിയ ശ്രമങ്ങള്‍ കഥ പറച്ചിലിന്റെ ചട്ടക്കൂടില്‍ വരുത്താന്‍ ഭയക്കാത്ത എഴുത്തുകാര്‍ ഉണ്ടെന്നതിനു ചില ഉദാഹരണങ്ങള്‍ മാത്രം.
ഒസ്സാത്തി വായിക്കുമ്പോള്‍, ഒരു നോവല്‍ വായിക്കുക എന്ന ധാരണ അല്ലായിരുന്നു. അടുത്തു കണ്ട ഒരു ജീവിതത്തെ തന്നെ പകര്‍ത്തിയെഴുതുകയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. 'ആക്ടിവിറ്റിസ്റ്റ്' എന്നത് ഈയടുത്ത് പ്രചാരം നേടിയ പുതിയ വാക്ക് ആണെന്ന് അരുന്ധതി റോയി അഭിപ്രായപ്പെടുന്നുണ്ട്. അതിനും മുന്‍പേ, എഴുത്തുകാര്‍ ചുറ്റും നടക്കുന്ന അസമത്വങ്ങള്‍, സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ എഴുതി വച്ചിട്ടുമുണ്ട്. സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയമാണ് 'ഒസ്സാത്തി'യിലൂടെ പറയുന്നത്. ആ നിലയില്‍, ഒരു എഴുത്തുകാരി എന്ന തലക്കെട്ടില്‍, സ്വയം എങ്ങിനെയാണ് വിലയിരുത്തുന്നത്?
എഴുത്തുകാരി എന്ന 'തലക്കെട്ടില്‍' സ്വയം വിലയിരുത്താറില്ല. എഴുത്തുകാരി എന്ന് ആരെങ്കിലും വിശേഷിപ്പിക്കുന്നത് കേട്ടാല്‍ ജാള്യത തോന്നാറുണ്ട്. എന്നാല്‍ എന്റെ എഴുത്തിനെ ഞാന്‍ വിലയിരുത്തേണ്ടതുണ്ട്. അടുത്ത കാലത്ത് മാത്രം എഴുതിത്തുടങ്ങിയ ഒരാളാണ് ഞാന്‍. രണ്ടാമത്തെ നോവലായ ഒസ്സാത്തി മുസ്‌ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന, ജാതി എന്ന് വിശേഷിപ്പിക്കാന്‍ ആവില്ലെങ്കിലും അതുപോലുള്ള ഒരവസ്ഥ ഉണ്ടാക്കുന്ന വിവേചനമാണ് ചര്‍ച്ച ചെയ്യുന്നത്. അരുന്ധതി റോയി എത്രമാത്രം ആക്റ്റിവിസ്റ്റ് സ്പിരിറ്റോടെയാണ് 'ദ മിനിസ്റ്റ്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്' എഴുതിയിട്ടുള്ളതെന്ന് നമുക്കറിയാം. ഒരു നോവല്‍ രചനാരീതിയല്ല ആ സൃഷ്ടിയില്‍ നമ്മള്‍ കണ്ടത്. അതിലെ രാഷ്ട്രീയം അത്രമേല്‍ ഉന്നതിയിലേക്ക് ആ നോവലിനെ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സര്‍ഗാത്മക സൗന്ദര്യത്തെ കവച്ചുവച്ച് ആക്റ്റിവിസം മുന്തിച്ചുനിന്ന് ചെടിപ്പിക്കുക എന്ന പരിമിതിയില്‍ നിന്ന് ആ കൃതി വിട്ടു നില്‍ക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആനന്ദിന്റെ നോവലുകള്‍ അദ്ദേഹം പറയുന്ന വിഷയങ്ങള്‍ സാഹിത്യാസ്വാദനത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പരിമിതികള്‍ മറികടന്നവയാണ്. എന്നാല്‍ രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങള്‍ എഴുത്തില്‍ കൊണ്ടുവരുമ്പോള്‍ അതില്‍ ആസ്വാദനത്തിന്റെ ഒഴുക്ക് അനുവാചകര്‍ക്ക് അനുഭവപ്പെടേണ്ടതുണ്ട് എന്ന് എനിക്ക് ജാഗ്രതയുണ്ട്. ഒസ്സാത്തിയുടെ വിഷയം ഇരുപത് വര്‍ഷം മുന്‍പ് എന്നെ സ്പര്‍ശിച്ചതാണ്. ഒരു ഒസ്സാനെയോ ഒസ്സാത്തിയെയോ എനിക്ക് നേരിട്ട് പരിചയമില്ല. എന്നാല്‍ ഒസ്സാന്‍ കുടുംബത്തില്‍പ്പെട്ടവരെ മുസ്‌ലിം സമുദായത്തിലെ തന്നെ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്ന ഒരു ചെറിയ അറിവ് ഉണ്ടായ അന്നുമുതല്‍ അത് മനസിലൊരു സ്പാര്‍ക്കായി കിടന്നു. അന്നൊന്നും ഞാന്‍ എഴുതാറില്ലായിരുന്നു. ആറു വര്‍ഷം മുന്‍പ് ആ വിഷയം എഴുതണമെന്ന് എനിക്ക് അതിയായ ഒരു ഉള്‍പ്രേരണ ഉണ്ടായി. ഒരു സാമൂഹ്യജീവി എന്ന നിലക്ക് എഴുത്തിലൂടെ ആ വിഷയം പ്രതിഫലിപ്പിക്കേണ്ട ഒരു ഉത്തരവാദിത്തം ഉണ്ടെന്ന ബോധ്യവും അത് ഫലിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഒസ്സാത്തി എഴുതാന്‍ പ്രേരണയായി. ലളിതമായി പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത രീതിയിലാണ് അത് എഴുതിയത്. ഞാന്‍ പ്രതീക്ഷിക്കാത്തത്രയും വായനക്കാര്‍ അത് വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നതില്‍ അതിയായ സന്തോഷം തോന്നുന്നു. കൂടുതല്‍ കരുതലോടെ എഴുത്തിനെ സമീപിക്കാന്‍ ഇതൊരു പ്രചോദനമാവുന്നുണ്ട്.
ഗൃഹസ്ഥ, അധ്യാപിക, എഴുത്തുകാരി ഇങ്ങനെ വിവിധ റോളുകള്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ ഇന്ന് കുറവല്ല. വിവിധ റോളുകള്‍ കൈകാര്യം ചെയ്യുന്ന പുരുഷ എഴുത്തുകാരും ഉണ്ട്. ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സ്വാഭാവികമായും, നിരീക്ഷിച്ചിട്ടുള്ളതും അനുഭവത്തില്‍ വന്നിട്ടുള്ളതുമായ പ്രത്യേകതകള്‍, വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്ന് പറയാമോ?
സ്ത്രീയുടെ സാഹിത്യമെന്നത് ഒരു 'ആക്റ്റ് ഓഫ് കറേജ്' ആണെന്ന് ഒരിക്കല്‍ മാധവിക്കുട്ടി പറഞ്ഞത് ഓര്‍ക്കുന്നു. ഒരു സാഹിത്യകൃതി വായിക്കുമ്പോള്‍ അത് സ്ത്രീ എഴുതിയതോ പുരുഷന്‍ എഴുതിയതോ എന്ന രീതിയിലല്ല വായനക്കാര്‍ വിലയിരുത്തുക. ഏത് ലിംഗത്തില്‍പ്പെട്ട ആള്‍ എഴുതിയാലും കൃതി മികച്ചതാക്കേണ്ടതുണ്ട്. ഒരു പുരുഷന്‍ നിരീക്ഷിച്ചും അനുഭവിച്ചും എഴുത്തില്‍ സാധ്യമാക്കാവുന്ന കാര്യങ്ങള്‍ സ്ത്രീ എഴുതുമ്പോള്‍ ഭാവനയിലൂടെ മാത്രം ഉണ്ടാക്കുക എന്നത് ഏറെ ആയാസകരമാണ്. ഇതിനെ മറികടക്കുന്ന എഴുത്തുസാഹചര്യങ്ങള്‍ ഉള്ള സ്ത്രീ എഴുത്തുകാര്‍ അപൂര്‍വമായേ ഉണ്ടാവുന്നുള്ളൂ. 'ആരാച്ചാര്‍' എന്ന നോവല്‍ രചിക്കാന്‍ കെ.ആര്‍ മീര കൊല്‍ക്കത്തയില്‍ പോയി താമസിച്ചു. ആഗ്രഹിച്ചാല്‍ പോലും യാത്ര ചെയ്തും പൊതു ഇടങ്ങളെ നിരീക്ഷിച്ചും എഴുത്തിനെ സമ്പുഷ്ടമാക്കാന്‍ സാഹചര്യമില്ലാത്തവരാവാം ഭൂരിപക്ഷം സ്ത്രീ എഴുത്തുകാരും. അധ്യാപനം എന്ന തൊഴില്‍ ധാരാളം മുന്നൊരുക്കങ്ങള്‍ വേണ്ട ഒന്നാണ്. തൊഴിലും വീട്ടിലെ പണികളും മൂലമുള്ള സമയക്കുറവ്. എന്റെ എഴുത്തിനെ വല്ലപ്പോഴും മാത്രം എഴുതുക എന്നതിലേക്ക് പരിമിതപ്പെടുത്തുന്നുണ്ട്. എങ്കിലും വായന എന്ന സര്‍ഗാത്മക പ്രവര്‍ത്തനത്തിനു അല്‍പമെങ്കിലും സമയം കണ്ടെത്താന്‍ നിര്‍ബന്ധപൂര്‍വം ശ്രമിക്കാറുണ്ട്.
ലളിതമായ ഭാഷയില്‍ എഴുതിയിരിക്കുന്ന കൃതികള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിപ്പെടാനുള്ള വഴികളിലൊന്നാണ്. വായിക്കപ്പെടുക എന്നതു തന്നെയാണ് എഴുത്തിന്റെ പ്രാഥമിക ലക്ഷ്യം എന്നു വിശ്വസിക്കുന്നു. എന്നാല്‍ ഭാഷയുടെ നവീകരണം കൂടി എഴുത്തുകളിലൂടെ നടക്കുന്നു അഥവാ നടക്കണം എന്ന വിലയിരുത്തലുകള്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. മലയാള സാഹിത്യത്തില്‍, ഈ നവീകരണം, ഈ പുതിയ തലമുറയിലെ എഴുത്തുകളുടെ വെളിച്ചത്തില്‍ ഒന്ന് വിലയിരുത്താമോ?
ഭാഷയെ നവീകരിക്കുക എന്നതുകൊണ്ട് ഭാഷയെ സങ്കീര്‍ണ്ണമാക്കുക എന്ന് അര്‍ഥമാക്കേണ്ടല്ലോ. ക്രാഫ്റ്റിലും ഭാഷയിലും പുതുമ കൊണ്ടുവരാന്‍ വേണ്ടി സ്വീകരിക്കുന്ന ചില രീതികള്‍ ചില എഴുത്തുകളില്‍ വല്ലാതെ കൃത്രിമത്വം തോന്നിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നാല്‍ ഓരോ കാലത്തും ഭാഷയിലേക്ക് പുതുപദങ്ങള്‍ സംഭാവന ചെയ്യുന്നതില്‍ സാഹിത്യം വിജയിക്കുന്നുണ്ട്. വി.കെ.എന്‍ ഉപയോഗിച്ച ചില പദങ്ങള്‍ മലയാളഭാഷയ്ക്കു തന്നെ മുതല്‍ക്കൂട്ടായിട്ടുണ്ട്. വിനോയ് തോമസിന്റെ 'ആനന്ദബ്രാന്റന്‍' ആ തലക്കെട്ടിലൂടെ പോലും മികച്ച ഒരു ഇമേജ് മലയാള ചെറുകഥാ വായനക്കാരില്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു.
പുതിയ എഴുത്തുകള്‍?
റൊഖയ സഖാവത് ഹൊസ്സൈന്‍ 1905 ല്‍ പ്രസിദ്ധീകരിച്ച 'സുല്‍ത്താനാസ് ഡ്രീം' എന്ന ഇംഗ്ലീഷ് നോവലെറ്റിന്റെ മലയാള പരിഭാഷയാണ് ഏറ്റവും ഒടുവിലായി ചെയ്തത്. കൊളോണിയല്‍ കാലത്ത് കിഴക്കന്‍ ബംഗാളില്‍ വീട്ടില്‍ യാഥാസ്ഥിതിക ചുറ്റുപാടില്‍ സഹോദരന്റെ സഹായത്തോടെയാണ് അവര്‍ ഇംഗ്ലീഷ് പഠിച്ചത്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യ ഉന്നമനത്തിനും ഒരുപാട് സംഭാവന ചെയ്ത ഫെമിനിസ്റ്റുകൂടിയാണ് റൊഖയ. എന്നെ വളരെയേറെ സ്വാധീനിച്ച ഇതിവൃത്തമായതിനാലാണ് അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. പ്രസിദ്ധീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."