പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം: 696 കോടി വായ്പ നല്‍കാമെന്ന് ജര്‍മന്‍ ബാങ്ക്
തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് വായ്പ നല്‍കാന്‍ സന്നദ്ധമെന്ന് അറിയിച്ച് ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യു സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.
അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കെ.എഫ്.ഡബ്ല്യു കുറഞ്ഞ പലിശനിരക്കില്‍ 696 കോടി രൂപ (90 മില്ല്യണ്‍ യൂറോ) വായ്പ നല്‍കാമെന്നാണ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്.
രണ്ടാംഘട്ടമായി 80 മില്ല്യണ്‍ യൂറോ അനുവദിക്കുന്നത് പരിഗണിക്കാമെന്നും കത്തില്‍ പറയുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി കെ.എഫ്.ഡബ്ല്യു അധികൃതര്‍ ഈയാഴ്ച കേരളത്തിലെത്തും. നേരത്തെ കൊച്ചി മെട്രോക്ക് ധനസഹായം നല്‍കിയ ഏജന്‍സിയാണ് കെ.എഫ്.ഡബ്ല്യു. നവകേരള നിര്‍മാണത്തിനുള്ള ധനസമാഹരണം ലക്ഷ്യമിട്ട് ജൂണ്‍ ആദ്യവാരം സര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക കോണ്‍ക്ലേവില്‍ കെ.എഫ്.ഡബ്ല്യു അധികൃതരും പങ്കെടുക്കും.പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ആധുനികരീതിയില്‍ പുനര്‍നിര്‍മിക്കാനും സമാനമായ ദുരന്തങ്ങള്‍ നേരിടാന്‍ തക്കവിധം കേരളത്തിലെ റോഡ് ശൃംഖല മെച്ചപ്പെടുത്താനും 10,000 കോടിയോളം രൂപ വേണ്ടിവരുമെന്നായിരുന്നു യു.എന്‍ അടക്കമുള്ള വിവിധ ഏജന്‍സികള്‍ തയാറാക്കിയ കണക്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ നവകേരള നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് വിവിധ ധനകാര്യ ഏജന്‍സികളുടെ സഹായം തേടിയിരുന്നു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ലോകബാങ്ക് നിലവില്‍ 3,600 കോടി രൂപ വായ്പ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനാവശ്യമായ 30,000 കോടി രൂപ ദീര്‍ഘകാല വായ്പയായി വിവിധ ഏജന്‍സികളില്‍ നിന്നായി കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച വിദേശത്തേക്ക് പോകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."