ദുരന്തഭൂമിയിലെ അക്ഷരപ്പുരകള്‍ക്ക് കൈത്താങ്ങൊരുക്കി താലൂക്ക് ലൈബ്രറി കൗണ്‍സില്‍
കരുനാഗപ്പള്ളി: പ്രളയദുരന്തം തകര്‍ത്ത കേരളത്തിന്റെ നവസൃഷ്ടിക്കായി കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വേറിട്ട സഹായ പദ്ധതി. ദുരന്തമേഖലകളില്‍ സര്‍വവും തകര്‍ത്തെറിഞ്ഞ പ്രളയം മൂലം കുട്ടനാട്ടില്‍ മാത്രം 34 ലൈബ്രറികള്‍ക്കാണ് നാശം നേരിട്ടത്.
ഈ ഗ്രന്ഥശാലകളില്‍ ഒന്നിനെ ഏറ്റെടുത്ത് മാതൃകാപരമായി പുനരുജ്ജീവിപ്പിക്കുകയും ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറിയുമാണ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ദുരിത മുഖത്ത് കൈത്താങ്ങായത്.
തകര്‍ന്നു പോയ ഓരോ ഗ്രന്ഥശാലയും പഴയ രൂപത്തില്‍ പുനസൃഷ്ടിക്കുക എന്നതും നവകേരള സൃഷ്ടിയില്‍ പ്രധാനമാണെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ബി ശിവനും സെക്രട്ടറി വി. വിജയകുമാറും പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കുട്ടനാട്ടില്‍ പ്രളയത്തില്‍ തകര്‍ന്ന ഒരു ഗ്രന്ഥശാല താലൂക്ക് കൗണ്‍സില്‍ ഏറ്റെടുക്കുന്നത്. പ്രളയത്തില്‍ ഒഴുകിപ്പോയ പുസ്തകങ്ങള്‍ക്ക് പകരം പുസ്തകങ്ങള്‍, വിവിധ രജിസ്റ്ററുകള്‍, ആനുകാലികങ്ങള്‍, ദിനപത്രങ്ങള്‍ എന്നിവ ഉള്‍പ്പടെ നല്‍കി ഒരു ഗ്രന്ഥശാലയെ മാതൃകാപരമായി ഏറ്റെടുക്കുകയാണ് ലക്ഷ്യം.
കുട്ടനാട് ചെമ്പുംപുറം വിജ്ഞാന പോഷിണി ഗ്രന്ഥശാല ആന്റ് വായനശാലയാണ് ഇത്തരത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ദത്തെടുക്കുക.
കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും ശേഖരിച്ച് നല്‍കും. ഇതിന്റെ ഒന്നാം ഘട്ടമായി എട്ട് ലക്ഷം രൂപയുടെ ചെക്ക് വ്യവസായ മന്ത്രി ഇ.പി ജയരാജന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍ ചെക്ക് കൈമാറി.
കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള, താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം എം സുരേഷ്‌കുമാര്‍, വി.പി ജയപ്രകാശ് മേനോന്‍, ബി പ്രദീപ് പങ്കെടുത്തു.
താലൂക്കിലെ 100 അംഗ ഗ്രന്ഥശാലകളില്‍ ബാലവേദി, വനിതാവേദി പ്രവര്‍ത്തകരുടെ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് സഹായ നിധി സ്വരൂപിച്ചത്. 5000 മുതല്‍ ഒരു ലക്ഷം വരെയാണ് വിവിധ ഗ്രന്ഥശാലകളുടെ നേതൃത്വത്തില്‍ സ്വരൂപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."