റഷ്യന്‍ വിമാനം കത്തിയമര്‍ന്നത് ഇടിമിന്നല്‍ കാരണമെന്ന്
മോസ്‌കോ: റഷ്യയില്‍ 41 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിനു കാരണമായത് ഇടിമിന്നലെന്ന് പൈലറ്റ്.
മോസ്‌കോയിലെ വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയ വിമാനം നിമിഷങ്ങള്‍ക്കകം അഗ്നിഗോളമായി കത്തിയമരുകയായിരുന്നു. സുഖോയ് സൂപ്പര്‍ ജെറ്റ്-100 ആണ് ഞായറാഴ്ച വൈകിട്ട് ഷെറെമത്യേവോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ഇടിച്ചിറക്കിയത്.
ഇടിമിന്നല്‍ കാരണം വിമാനത്തിന് ആശയവിനിമയബന്ധം പൂര്‍ണമായി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നുവെന്നാണ് പൈലറ്റ് ഡെന്നിസ് യെവ്‌ദോകിമോവ് പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ വന്ന വിഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് വിമാനം തിരിച്ചിറക്കുന്നതും തുടര്‍ന്ന് അതിവേഗം റണ്‍വേയിലൂടെ പായുമ്പോള്‍ തീഗോളമായി മാറുന്നതുമാണ്.
അപകടത്തില്‍ മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഒന്‍പതുപേരില്‍ മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തില്‍ 73 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണുണ്ടായിരുന്നത്. റഷ്യയുടെ സുഖോയ് സൂപ്പര്‍ജെറ്റ് അത്ര മികച്ച ട്രാക് റെക്കോര്‍ഡുള്ള വിമാനമല്ല. 2012ല്‍ ഇന്തോനേഷ്യയില്‍ നടന്ന പ്രദര്‍ശനത്തില്‍ ഈ ശ്രേണിയിലുള്ള ഒരു വിമാനം അഗ്നിപര്‍വതത്തിലേക്ക് പതിച്ച് 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. പൈലറ്റിന്റെ പിഴവാണ് അപകടകാരണമെന്ന് ഇന്തോനേഷ്യ അറിയിച്ചിരുന്നു.
ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അപകടത്തെ തുടര്‍ന്ന് സുഖോയ് സൂപ്പര്‍ജെറ്റ്-100 വിമാനങ്ങള്‍ നിലത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ലന്ന് റഷ്യന്‍ ഗതാഗതമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."