ചരിത്രവിജയം നേടി വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലം
പുതുക്കാട് (തൃശൂര്‍): എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായ പുതുക്കാട് എല്ലാ സര്‍ക്കാര്‍ സ്കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി.
ഏഴ് സര്‍ക്കാര്‍ സ്കൂളുകളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും ഉപരിപഠനത്തിന് അര്‍ഹത നേടി. മണ്ഡലത്തിലെ 13 സ്കൂളുകള്‍ നൂറുശതമാനം വിജയം നേടിയിട്ടുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ചത് 142 കുട്ടികള്‍ പരീക്ഷയെഴുതിയ നന്തിക്കര സ്കൂളാണ്. മുപ്ലിയം സ്കൂളില്‍ 96 വിദ്യാര്‍ഥികളും തൃക്കൂര് സര്‍വോദയം സ്കൂളില്‍ 87 വിദ്യാര്‍ഥികളും പരീക്ഷയെഴുതി.
സര്‍വോദയ സ്കൂളില്‍ ആദ്യമായി നൂറ് ശതമാനം വിജയം നേടുന്ന ചെമ്പൂച്ചിറ സ്കൂളില്‍ 70, അളഗപ്പനഗര്‍ പഞ്ചായത്ത് ഹൈസ്കൂളില്‍ 58, കന്നാറ്റുപാടം സ്കൂളില്‍ 29, പുതുക്കാട് ഗവ. ഹൈസ്കൂളില്‍ 24 കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി.
മണ്ഡലത്തിലെ പത്ത് എയ്ഡഡ് സ്കൂളുകളില്‍ ആറിടത്തും നൂറു ശതമാനം വിജയം നേടി. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ 328, വരന്തരപ്പിള്ളി അസംപ്ഷന്‍ ഹൈസ്കൂള്‍ 320, ചെങ്ങാലൂര്‍ സെന്റ് മേരീസ് 142, വെള്ളിക്കുളങ്ങര പ്രെസന്റേഷന് ഹൈസ്കൂള്‍ 125, വേലുപ്പാടം സെന്റ് ജോസഫ്സ് 124, പറപ്പൂക്കര പി.വി.എസ്. ഹൈസ്കൂള്‍ 46 കുട്ടികളെയും വിജയിപ്പിച്ച് നൂറു ശതമാനം നേടി.
ചിമ്മിനി എച്ചിപ്പാറ ആദിവാസി കോളനിയിലെ വൈഷ്ണവി എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് പുതുക്കാട് മണ്ഡലത്തിന് ഇരട്ടി മധുരമായി. അതിരപ്പിള്ളി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലെ വൈഷ്ണവി ബാലകൃഷ്ണന്- ഷീബ ദമ്പതികളുടെ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."