HOME
DETAILS
MAL
ഉമ്മന്‍ചാണ്ടി മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം: സോണിയ ഗാന്ധി
backup
September 18 2020 | 03:09 AM
കോട്ടയം: ജനാധിപത്യ മതേതര മൂല്യങ്ങളും സാമൂഹ്യനീതിയും ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയെന്ന് എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം സുവര്‍ണം, സുകൃതം പരിപാടിയുടെ ഉദ്ഘാടന സന്ദേശം നല്‍കുകയായിരുന്നു സോണിയ. അരനൂറ്റാണ്ട് കാലം അര്‍പ്പണ മനോഭാവത്തോടെയും ആത്മാര്‍ഥതയോടെയും ജനക്ഷേമത്തിനും പുരോഗതിക്കും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കുള്ള നന്ദിയുടെയും സ്നേഹത്തിന്റെയും പ്രതിഫലനം കൂടിയാണ് ഈ അസാധാരണമായ നേട്ടമെന്നും സോണിയ ഗാന്ധി സന്ദേശത്തില്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടി കേരള ജനതയുടെ മനസ് തൊട്ടറിഞ്ഞ യഥാര്‍ഥ നേതാവെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. ജനങ്ങളോട് പ്രതിബദ്ധതയും കരുണയുമുള്ള നേതാവായ ഉമ്മന്‍ ചാണ്ടിയുടെ ജനകീയത അത്ഭുതപ്പെടുത്തുന്നതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ ചാണ്ടി പരിണിതപ്രഞ്ജനായ നേതാവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എല്ലാവരെയും സ്വീകരിക്കുകയെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് അദ്ദേഹത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്തെന്നും കോടിയേരി പറഞ്ഞു. ഉമ്മന്‍ ചാണ്ടി പ്രത്യേക പ്രതിഭാസമാണെന്നും ഞങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കി നില്‍ക്കുന്നതെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
നല്ലത് മാത്രം കേള്‍ക്കേണ്ടി വന്ന അവസ്ഥ ജീവിതത്തിലെ അസാധാരണ സംഭവമാണെന്നു മറുപടി പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. നന്ദിയും കടപ്പാടും ഹൃദയത്തില്‍ നിറയുന്നു. ജനങ്ങളില്ലാതെ ഇങ്ങനൊരു പരിപാടി നടക്കുമ്പോള്‍ മാനസിക സംഘര്‍ഷത്തിലാണ്. ജനങ്ങളും പാര്‍ട്ടിയുമാണ് എന്റെ വിജയത്തിന്റെ അവകാശികള്‍. അനുഭവങ്ങളും അറിവുകളും ഉണ്ടാകുന്നത് ജനങ്ങളുമായി സംവദിക്കുമ്പോഴാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷനായി. മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം.കെ മുനീര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, കുമ്മനം രാജശേഖരന്, പി.ജെ ജോസഫ്, ജോസ് കെ.മാണി, ജസ്റ്റിസ് കെ.ടി തോമസ്, മമ്മൂട്ടി, മോഹന്‍ലാല്‍, കവിയത്രി സുഗതകുമാരി, വിവിധ സാമൂഹ്യ, സാമുദായിക, രാഷ്ട്രീയ നേതാക്കള്‍ നേരിട്ടും ഓണ്‍ലൈനിലൂടെയും ആശംസകള്‍ നേര്‍ന്നു. മാമന് മാപ്പിള ഹാളില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടത്തിയ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയുടെ കൊച്ചുമകന് എഫിനോവ കേക്ക് മുറിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മംഗള പത്രം കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."