തൃശൂര്‍ പൂരത്തിന് കൊടിയേറി
തൃശൂര്‍: പൂരപ്രേമികളുടെ മനംനിറച്ച് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറ്റം. ഇനി ശക്തന്റെ തട്ടകത്തില്‍ പൂരക്കാഴ്ചകള്‍ പൊടിപാറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിനെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളിലും ഇന്നലെ വിവിധ സമയങ്ങളിലായി കൊടിയേറ്റ് നടന്നു.
തിരുവമ്പാടി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ 11.30ന് തട്ടകക്കാര്‍ ആര്‍പ്പുവിളിച്ചാണ് കൊടിയേറ്റിയത്. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിത്തും ഒരുക്കിയ കൊടിമരത്തില്‍ പൂരക്കൊടി കെട്ടി ഭൂമിപൂജയ്ക്കുശേഷം ദേശക്കാര്‍ ചേര്‍ന്നാണ് കൊടിമരം ഉയര്‍ത്തിയത്.
വൈകിട്ട് മൂന്നിന് തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ ഭഗവതിയുടെ കോലമേന്തി ക്ഷേത്രത്തില്‍ നിന്നു മേളത്തിന്റെ അകമ്പടിയില്‍ പുറത്തേക്കെഴുന്നള്ളി. കുമരപുരം വിനോദിന്റെ നേതൃത്വത്തില്‍ നടപാണ്ടിയായി മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും എത്തി പൂരക്കൊടികള്‍ ഉയര്‍ത്തി. എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് എത്തി മേളം കൊട്ടികലാശിച്ചു.
പാറമേക്കാവ് ക്ഷേത്രത്തില്‍ ഉച്ചക്ക് 12.05നാണ് തട്ടകക്കാര്‍ കൊടിയേറ്റിയത്. ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും കൊടിയുയര്‍ത്തി.
തുടര്‍ന്ന് ഭഗവതി അഞ്ച് ആനകളുടെയും മേളത്തിന്റെയും അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളി. തുടര്‍ന്ന് മണികണ്ഠനാലിലും പൂരക്കൊടി ഉയര്‍ത്തി. പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന മേളം കിഴക്കേ ഗോപുരം വഴി വടക്കുന്നാഥ ക്ഷേത്രത്തിനകത്തെത്തി കൊട്ടിക്കലാശിച്ചു.
തൃശൂര്‍ പൂരത്തിനെത്തുന്ന ചെറു പൂരങ്ങളായ കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കുംപിള്ളി ശ്രീ ധര്‍മശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രം, ചിയ്യാരം പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ദുര്‍ഗാദേവി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്ത്യായനി ദേവീ ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി എന്നീ എട്ടു ക്ഷേത്രങ്ങളിലും കൊടിയേറ്റി.
ഈ മാസം 13നാണ് വിശ്വപ്രസിദ്ധമായ പൂരം. 11ന് സാമ്പിള്‍വെടിക്കെട്ട് നടക്കും. 11,12 തിയതികളില്‍ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."