ലയണ്‍സ് രക്തബാങ്ക് ഉദ്ഘാടനം 25ന്
കോട്ടയം: ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹായത്തോടെ എസ്.എച്ച് മെഡിക്കല്‍ സെന്ററില്‍ ആരംഭിക്കുന്ന രക്തബാങ്ക് 25ന് ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോയി തോമസും സഹഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ രക്തബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വശദീകരിച്ചു.
രാവിലെ 10ന് എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫസ്റ്റ് വൈസ് പ്രസിഡന്റ് ലയണ്‍ നരേഷ് അഗര്‍വാള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലഡ് കളക്ഷന്‍ മൊബൈല്‍വാന്‍ ലയണ്‍സ് ഡിസ്ട്രിക്ട് 318-ഡി ഗവര്‍ണര്‍ വി.പി നന്ദകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെയും ലയണ്‍സ് ഡിസ്ട്രിക്ട് 318-ബിയുടെ ഓവര്‍സീസ് ക്ലബുകളുടെയും മണപ്പുറം ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഒരുകോടിയിലേറെ രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് ബ്ലഡ് ബാങ്ക് അടക്കമുള്ള സംവിധാനങ്ങള്‍. ബ്ലഡ് കമ്പോണന്റ് സെപ്പറേഷന്‍ യൂണിറ്റും മൂന്നുപേര്‍ക്ക് ഒരേസമയം രക്തപരിശോധന നടത്തി ദാനം ചെയ്യാവുന്ന എല്ലാ അത്യാധുനീക സൗകര്യങ്ങളോടു കൂടിയ പൂര്‍ണ്ണമായും ശീതീകരിച്ച മൊബൈല്‍വാനും പദ്ധതിയുടെ ഭാഗമാണ്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318-ബി യുടെ വിവിധ ക്ലബുകള്‍, സാമൂഹികസേവന സന്നദ്ധസംഘടനകള്‍, വിദ്യഭ്യാസസ്ഥാപനങ്ങള്‍ എന്നിവ മുഖേന സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പുകള്‍ വഴി ശേഖരിക്കുന്ന രക്തത്തില്‍ 30 ശതമാനം നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി നല്‍കും. 70 ശതമാനം കുറഞ്ഞ നിരക്കിലും രോഗികള്‍ക്ക് നല്‍കും. ലയണ്‍സ് ഡിസ്ട്രിക്ട് 318-ബിയുടെ മേല്‍നോട്ടത്തില്‍ കോട്ടയം എസ്.എച്ച് മെഡിക്കല്‍ സെന്ററിനായിരിക്കും രക്തബാങ്ക് നടത്തിപ്പിന്റെയും രക്തശേഖരണത്തിന്റെയും ചുമതല.
മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബിനു ജോര്‍ജ്, ട്രസ്റ്റംഗങ്ങളായ പി.എ ദേവസ്യ, സെബാസ്റ്റിയന്‍ മാര്‍ക്കോസ്, സലിം വര്‍ഗീസ്, ചീഫ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷാജിലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പഴങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."