കെ.എസ്.യു - എസ്.എഫ്.ഐ സംഘര്‍ഷം
തൊടുപുഴ: കോളജ് കാമ്പസിലുണ്ടായ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷം നഗരത്തിലെ ആശുപത്രിയിലേക്കും വ്യാപിച്ചു.
കോളജ് പരിസരത്തു കഞ്ചാവ് എത്തിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്കും പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് പെരുമ്പിള്ളിച്ചിറയില്‍ എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷമുണ്ടായത്. ഇതില്‍ കെ.എസ്.യു പ്രവര്‍ത്തകരായ മുഹമ്മദ് ഷെരീഫ്, ഫസല്‍ സുലൈമാന്‍ എന്നിവര്‍ക്കും എസ്.എഫ്.ഐ പ്രവര്‍ത്തകരായ റോണി, സന്ദീപ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
കെ.എസ്.യു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിരുന്ന തൊടുപുഴ ചാഴികാട് ആശുപത്രിക്കു മുന്‍പില്‍ വൈകിട്ട് അഞ്ചരയോടെയാണു വീണ്ടും സംഘര്‍ഷമുണ്ടായത്.
ആശുപത്രിയിലെത്തിയ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനമില്ലാതെ തങ്ങളെ വീണ്ടും ആക്രമിച്ചുവെന്ന് കെഎസ്‌യു ആരോപിക്കുന്നു. എന്നാല്‍, ആശുപത്രിയിലെത്തിയവരെ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്യുകയാണുണ്ടായതെന്നും മര്‍ദിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ നേതൃത്വം വിശദീകരിച്ചു.
ആശുപത്രിയിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റ ജവഹര്‍ ബാലജനവേദി ജില്ലാ ചെയര്‍മാന്‍ കെ.വി.ബാബുവിനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് കോണ്‍ഗ്രസ് ഓഫീസില്‍ നിന്നു കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. പിന്നീട് കൂടുതല്‍ പൊലിസ് എത്തിയാണ് ഇരു വിഭാഗത്തെയും പിരിച്ചുവിട്ടത്.
അതേസമയം പെരുമ്പിള്ളിച്ചിറ മേഖലയില്‍ കഞ്ചാവ് മാഫിയയുടെ എതിര്‍ത്തതിന്റെ പേരില്‍ എസ്എഫ്‌ഐ പ്രര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, കഞ്ചാവ് വിതരണക്കാരെ എസ്എഫ്‌ഐയാണു സഹായിക്കുന്നതെന്നു കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."