മൂവാറ്റുപുഴക്ക് 168.46 കോടിയുടെ കിഫ്ബി ഫണ്ട്
മൂവാറ്റുപുഴയില്‍ 168.46 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. കിഴക്കന്‍ മേഖലയിലെ കായിക മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷയേകി മൂവാറ്റുപുഴ പി.പി എസ്‌തോസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിനാണ് കിഫ്ബിയില്‍ നിന്നു 32.55 കോടി രൂപയ്ക്ക് അംഗീകാരം ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കുന്നതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കിറ്റ്‌കോ തയാറാക്കിയ രൂപരേഖയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍, ബാസ്‌കറ്റ്, ടെന്നീസ്, വോളിബോള്‍ കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് പുല്ല് പിടിപ്പിച്ച് മനോഹരമാക്കുന്ന ജോലിയും ഇതിനോടകം പൂര്‍ത്തിയായി. 25,000 പേര്‍ക്കിരുന്ന് മത്സരം കാണാവുന്ന തരത്തിലാണ് ഗാലറി സജ്ജീകരിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ ഗ്രാമീണ കുടിവെള്ള പദ്ധതിയായ പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതിയ്ക്ക് 28.82 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്. 200 കി.മീറ്റര്‍ പൈപ്പുലൈനുകള്‍ ഉള്‍പ്പെടുന്ന 20,000 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതികളാണ് മൂവാറ്റുപുഴ ടൗണ്‍ വികസനവും ബൈപാസ് നിര്‍മാണവും. ടൗണ്‍ വികസനത്തിന്റെ ബാക്കിയുള്ള 53 പേരുടെ സ്ഥലത്തെ ഭൂമി ഏറ്റെടുക്കുന്നതിനും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും കെ.എസ്.ഇ.ബിയുടെ വൈദ്യുതിത്തൂണുകളും നീക്കം ചെയ്യുന്നതിനും റോഡ് നിര്‍മാണത്തിനുമായി 32.14കോടി രൂപ കിഫ്ബിയില്‍ നിന്നു അനുവദിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ബൈപാസിന്റെ നിര്‍മാണത്തിനായി 64കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബി പരിഗണനയിലുമാണ്.
എം.സി റോഡ് വികസനം കെ.എസ്.ടി.പിയുടെ നേതൃത്വത്തിലായിരുന്നു നടന്നുവന്നത്. കെ.എസ്.ടി.പി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതോടെ മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നല്‍കിയത്. ടൗണ്‍ വികസനത്തിന്റെ ഭാഗമായി രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കുന്നതിന് 2019 ഓഗസ്റ്റിലാണ് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. മാറാടി, വെള്ളൂര്‍കുന്നം വില്ലേജുകളിലായിട്ടാണ് 29.5 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ളത്. പൊതുമരാമത്ത്, റവന്യൂ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോര്‍ഡിന് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കാനുള്ള 4.5കോടി രൂപ കിഫ്ബിയില്‍നിന്നും അനുവദിച്ചിരുന്നു.
2008ല്‍ നിര്‍മാണം ആരംഭിച്ച മൂവാറ്റുപുഴ ബൈപാസിന്റെ 400 മീറ്റര്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായി. 2011-16 കാലയളവില്‍ മൂവാറ്റുപുഴയാറിന് കുറുകെ മുറിക്കല്ലില്‍ പാലം നിര്‍മാണവും പൂര്‍ത്തിയായി. നെല്‍വയലുകള്‍ അടക്കമുള്ള സ്ഥലമാണ് ബൈപാസിനായി സ്ഥലം കണ്ടെത്തിയിരുന്നത്. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ കടാതിയില്‍ നിന്നു ആരംഭിച്ച് എം.സി റോഡില്‍ 130 ജങ്ഷനില്‍ എത്തിച്ചേരുന്നതാണ് മൂവാറ്റുപുഴ ബൈപാസ്. മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമാണ് മൂവാറ്റുപുഴ ടൗണ്‍ വികസനവും മൂവാറ്റുപുഴ ബൈപാസും. ഹൈടെക് സ്‌കൂളായി പ്രഖ്യാപിച്ച പേഴയക്കാപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 6.95 കോടി രൂപയുടെ പദ്ധതിക്കാണ് കിഫ്ബി അംഗീകാരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."