പാലക്കാട്ട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം
പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ മുണ്ടൂര്‍ പന്നിയംപാടത്തെ അപകടവളവില്‍ എല്‍.പി.ജി ഗ്യാസ് കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞു. വന്‍ദുരന്തമാണ് ഇന്നലെ രാവിലെ തലനാരിഴക്ക് ഒഴിവായത്. രാവിലെ ഏഴുമണിയോടെയാണ് സംഭവം. മംഗലാപുരത്തെ എച്ച്.പി പ്ലാന്റില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന 21 ടണ്‍ ഭാരമുള്ള ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് അപകട ഭീഷണി ഒഴിവാക്കാനായി ഇതുവഴിയുള്ള വാഹനങ്ങള്‍ മുണ്ടൂര്‍, വള്ളിക്കോട് ഭാഗങ്ങളില്‍ നിന്നായി പൊലിസ് വഴിതിരിച്ചു വിട്ടു.
ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ദുരൈസ്വാമി (45) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൈക്കും കാലിനും പരുക്കേറ്റ ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് കഞ്ചിക്കോട് നിന്ന് എത്തിച്ച മറ്റൊരു ടാങ്കറിലേക്ക് മറിഞ്ഞ ടാങ്കറില്‍ നിന്ന് ഗ്യാസ് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച ഗ്യാസ് നീക്കം രാത്രി ഒന്‍പതോടെയാണ് അവസാനിച്ചത്. ടാങ്കര്‍ മറിഞ്ഞ ഉടന്‍തന്നെ പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
ഗ്യാസ് ചോര്‍ച്ച പരിശോധിക്കാനായി കോഴിക്കോട് നിന്നും വിദഗ്ധരും പിന്നീട് എത്തി. ഗ്യാസ് ചോര്‍ച്ച ഉണ്ടാകാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
വളവ് എത്തിയപ്പോള്‍ ലോറിയുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വലിയ വാഹനങ്ങളുടെ സ്ഥിരം അപകടമേഖലയായ ഇവിടെ മുന്‍പ് നിരവധി വാഹനങ്ങള്‍ മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."