മാലിന്യം നിറഞ്ഞ് ദേശീയപാതയോരം; ദുരിതം പേറി യാത്രക്കാര്‍
കാസര്‍കോട്: പാതയോരത്തെ തഴച്ചുവളര്‍ന്ന കാടിനുള്ളില്‍ തള്ളിയ മാലിന്യം ചീഞ്ഞുനാറി യാത്രക്കാര്‍ക്കു ദുരിതമാകുന്നു. ദേശീയ പാതയില്‍ ചെര്‍ക്കള വളവു മുതല്‍ പുല്ലൂര്‍ മൂലക്കണ്ടം വളവു വരെയാണ് ദുര്‍ഗന്ധം കാരണം ദുരിത പാതയാകുന്നത്. ചെര്‍ക്കള വളവ് മുതല്‍ ചട്ടഞ്ചാല്‍ വരെയും ചാലിങ്കാല്‍ വളവുമുതല്‍ മൂലക്കണ്ടം വളവ് വരെയും പാതയോരം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്.
അറവുമാലിന്യങ്ങളും കല്യാണ വീടുകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉള്‍പ്പെടെ പാതയോരത്തെ കുറ്റിക്കാടുകളിലേക്കു ചാക്കിലും പെട്ടികളിലും പൊതിഞ്ഞു യഥേഷ്ടം മാലിന്യം കൊണ്ടുതള്ളുകയാണ്. ബസുകളിലും മറ്റും സഞ്ചരിക്കുന്നവരില്‍ പലരും ദുര്‍ഗന്ധം കാരണം ചര്‍ദിക്കുകയും അസ്വസ്ഥകള്‍ അനുഭവിക്കുകയും ചെയ്യുന്നു.
അതേസമയം, പാതയോരത്ത് മുളച്ചുപൊങ്ങിയ കുറ്റിക്കാടുകള്‍ കഴിഞ്ഞ വര്‍ഷം അധികൃതര്‍ വെട്ടിമാറ്റാന്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇവിടം മാലിന്യകേന്ദ്രമാകുന്നതിനു പുറമെ അപകട വളവുകളില്‍ കാടുകള്‍ തഴച്ചു വളരുകയും ഡ്രൈവര്‍മാര്‍ക്ക് കാഴ്ചയ്ക്കു വിഘാതമുണ്ടാകുകയും ചെയ്യുന്നു.
പാതയോരത്തെ സൂചനാ ബോര്‍ഡുകള്‍ പോലും കാടു കയറി കാണാന്‍ പറ്റാത്ത അവസ്ഥയിലാണ്. ചെര്‍ക്കള മുതല്‍ ചാത്തന്‍ചാല്‍ വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം വരുന്ന പാതയും ചാലിങ്കാല്‍ മുതല്‍ മൂലക്കണ്ടം വരെയുള്ള ആറുകിലോമീറ്ററോളം ദൂരം പാതയും ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകട ഭീഷണിയുള്ള പാതയാണ്.
ബേവിഞ്ച, തെക്കില്‍, ചാലിങ്കാല്‍ കേളോത്ത്, പുല്ലൂര്‍ മൂലക്കണ്ടം വളവുകളില്‍ ഒട്ടനവധി വാഹനാപകടങ്ങളാണ് ഓരോ മാസവും ഉണ്ടണ്ടാകുന്നത്. ഇത്തരം ഭാഗങ്ങളില്‍ പോലും ഡ്രൈവര്‍മാര്‍ക്ക് ദൂരക്കാഴ്ചക്കു തടസമാകുന്ന കാടുകള്‍ തെളിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. ഇത്തരം വളവുകളില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധ ഒന്നുതെറ്റിയാല്‍ വളരെ ആഴത്തിലുള്ള കൊക്കയിലേക്കാണ് വാഹനങ്ങള്‍ പതിക്കുക.
സുരക്ഷാവേലികള്‍ ഉള്‍പ്പെടെ കാടുകള്‍ കയറി മറഞ്ഞതോടെ ദീര്‍ഘദൂര പ്രദേശങ്ങളില്‍നിന്നു വരുന്ന വാഹനമോടിക്കുന്നവര്‍ അപകടത്തില്‍പെടാന്‍ സാധ്യത വളരെ കൂടുതലാണ്. ഇതിനുപുറമെ അപകട വളവുകളിലുള്ള പല കലുങ്കുകള്‍ക്കും പാര്‍ശ്വ ഭിത്തിയില്ല. പാര്‍ശ്വഭിത്തികള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും ഇവ പുനഃസ്ഥാപിക്കാനുള്ള നടപടികളും ദേശീയപാത അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."