എലിപ്പനിക്ക് പിന്നാലെ ഡെങ്കിപ്പനിയും; ആശങ്കയില്‍ ജില്ല
കൊച്ചി / നെടുമ്പാശേരി: ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനി മൂലം ഒ. പി വിഭാഗത്തില്‍ 1053 പേര്‍ ചികിത്സ തേടി. 28 പേര്‍ കിടത്തി ചികിത്സാ വിഭാഗത്തിലാണ്. വയറിളക്കരോഗങ്ങള്‍ ബാധിച്ച് ഒ. പി വിഭാഗത്തില്‍ 171 പേര്‍ എത്തിയതില്‍ മൂന്നു പേരെ അഡ്മിറ്റു ചെയ്തു. ഡെങ്കിപ്പനി സംശയിക്കപ്പെടുന്ന ആറു പേര്‍ ആശുപത്രികളിലെത്തി. എലിപ്പനി സംശയിക്കപ്പെടുന്ന 14 പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പായിപ്ര, മാറാടി -2, കാലടി, നെല്ലിക്കുഴി, കീരംമ്പാറ, കുന്നത്തുനാട് , പള്ളുരുത്തി - 2, തൃക്കാക്കര -2, ആലങ്ങാട് , കാഞ്ഞൂര്‍, പിറവം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എലിപ്പനി ലക്ഷണങ്ങളുമായി എത്തിയത്.
അതേസമയം, ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നു. ആശങ്കയ്ക്ക് ആക്കം കൂട്ടി ഇന്നലെ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചെങ്ങമനാട്, കരുമാല്ലൂര്‍, വാഴക്കുളം, മുളന്തുരുത്തി, പെരുമ്പാവൂര്‍, ഒക്കല്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഡെങ്കിപ്പനി സംശതയിച്ച് ചികിത്സയ്‌ക്കെത്തിയത്. എലിപ്പനി ബാധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി മരണങ്ങള്‍ കൂടി ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ പ്രളയ ബാധിത മേഖലയിലെ ജനങ്ങള്‍ ഭീതിയിലായിരുന്നു. വെള്ളം ഇറങ്ങിയതിനു ശേഷം വീടു വൃത്തിയാക്കുന്നതിനും മറ്റുമായി അഴുക്ക് വെള്ളത്തില്‍ കൂടുതല്‍ സമയം ഇടപഴകേണ്ടി വന്നവരാണ് എലിപ്പനി പിടികൂടിയവരില്‍ അധികവും. എന്നാല്‍ പ്രളയം ഒഴിഞ്ഞ് രണ്ടാഴ്ച്ചയോളം പിന്നിട്ടതോടെയാണ് ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനി പടരുന്നത്.
എലിപ്പനി പടരുന്നതിന്റെ തോത് കുറയാനാണ് സാധ്യത. എലിപ്പനിയുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ പതിനഞ്ച് ദിവസത്തിനകം തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. ഇത് പരമാവധി 20 ദിവസം വരെയാണ്. ഈ കാലാവധി പിന്നിടുന്നതോടെ ഇനി പുതിയതായി ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രളയ ബാധിതമായ വിവിധ മേഖലകളില്‍ ഇപ്പോഴും മാലിന്യങ്ങള്‍ കൂടി കിടക്കുന്നതിനെ തുടര്‍ന്ന് ഡെങ്കിപ്പനി പടരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇത് ഗുരുതരമായ നിലയിലേക്ക് നീങ്ങാനും സാധ്യത ഏറെയാണ്. ഡെങ്കിയോടൊപ്പം മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നീ രോഗങ്ങള്‍ക്കും സാധ്യത ഏറെയാണ്.അതുകൊണ്ട് തന്നെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും പരമാവധി ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകളില്‍ കൃത്യമായി ക്ലോറിനേഷന്‍ നടത്താനും ശ്രദ്ധിക്കണം. ചിക്കന്‍ പോക്‌സ് ലക്ഷണങ്ങളുമായി ആറു പേരും എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണങ്ങളുമായി ഒരാളും ഇന്നലെ ചികിത്സ തേടി.
കോതമംഗലത്ത് ബോധവല്‍കരണ ക്യാംപ്
കോതമംഗലം: താലൂക്കില്‍ മൂന്ന് കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോതമംഗലം താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
കോതമംഗലം താലൂക്കില്‍ പ്രളയ ബാധിത മേഖലകളില്‍ താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണ ക്യാംപ് നടത്തുന്നുണ്ട്. വെള്ളപ്പൊക്കം ഉണ്ടായ മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് പറഞ്ഞുകൊടുത്തുമാണ് അധികൃതര്‍ മുന്‍കരുതല്‍ എടുക്കുന്നത്.
മഴക്കാലം തുടങ്ങി പനിയും മറ്റു സാംക്രമിക രോഗങ്ങളും പടര്‍ന്നു പിടിക്കുന്നതിനു മുന്നേ തന്നെ താലൂക്ക് ആശുപത്രി നടപടികള്‍ സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."