സൈനികന് ഔറംഗസീബിനെ വധിച്ച ഭീകരനടക്കം മൂന്നുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: സൈനികന് ഔറംഗസീബിനെ വധിച്ചയാള്‍ ഉള്‍പ്പെടെ മൂന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ ഏറ്റുമുട്ടലില്‍ കശ്മിരില്‍ കൊലപ്പെടുത്തി. പുല്‍വാമയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.
ഷൗക്കത്ത് ദാര്‍, ഇര്ഫാന് വാര്, മുസഫര്‍ ശൈഖ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് പറഞ്ഞു.
സൈനികനായ ഔറംഗസീബ്, പൊലിസ് ഉദ്യോഗസ്ഥനായ അക്വബ് അഹമ്മദ് വാഗേ എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിലെ അംഗമാണ് ഷൗക്കത്ത് ദാര്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഈദ് ആഘോഷിക്കാനായി എത്തിയ ഔറംഗസീബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ സുരക്ഷാ സേനക്കും സിവിലിയന്മാര്ക്കുമെതിരേയുള്ള നിരവധി ആക്രമണങ്ങളില്‍ ഇദ്ദേഹത്തിന് പങ്കാളിത്തമുണ്ടെന്ന് പൊലിസ് വക്താവ് പറഞ്ഞു.
ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസും സുരക്ഷാ സേനയും ഇന്നലെ പുലര്‍ച്ചെ അവന്തിപ്പോറയിലെ പന്സഖമില് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഒളിച്ചിരുന്ന ഭീകരര്‍ വെടിവച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരിച്ചടിക്കുകയായിരുന്നു. പ്രദേശത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."