HOME
DETAILS

പശു കുത്തിയിട്ടില്ല; ദലിത് പെണ്‍കുട്ടിയെ ആരും പീഡിപ്പിച്ചിട്ടില്ല...

  
backup
October 04 2020 | 00:10 AM

hathra

 

വളരെ, വളരെ മുന്‍പ് നടന്ന കഥ: ശ്രീ ശങ്കരാചാര്യര്‍ തന്റെ അദ്വൈത ദൗത്യത്തിന്റെ ഭാഗമായുള്ള യാത്രക്കിടയില്‍ ഒരു നാട്ടിന്‍പുറത്തുകൂടി കടന്നുപോവുകയായിരുന്നു. ദ്വൈതമോ അദ്വൈതമോ എന്തെന്നറിയാത്ത, ആചാര്യ മാഹാത്മ്യത്തെ കുറിച്ച് ഒരു ബോധ്യവുമില്ലാത്ത ഒരു പാവം പശു ആ മഹാത്മാവിനെ കുത്താനായി കയററുത്ത് മുക്രയിട്ടാഞ്ഞപ്പോള്‍ മറ്റാരെയും പോലെ ആചാര്യര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. ഒരുവിധം തടി രക്ഷപ്പെട്ട ആചാര്യരെ തിരിച്ചറിഞ്ഞ ഗ്രാമീണരില്‍ ഒരാള്‍ ചോദിച്ചു: അല്ല, അങ്ങയുടെ സിദ്ധാന്തമനുസരിച്ച്, പശു എന്നത് വെറും ഒരു മായയല്ലേ? പിന്നെ അതു കുത്താന്‍ വന്നപ്പോള്‍ അങ്ങെന്തിന് ഇങ്ങനെ പരിഭ്രമിച്ചോടി?


എന്നാല്‍ ഒന്നൊന്നര ചോദ്യം കൊണ്ടൊന്നും ആര്‍ക്കും വീഴ്ത്താന്‍ കഴിയുന്ന ആളായിരുന്നില്ല കാലടിക്കാരന്‍ ആചാര്യര്‍. അദ്ദേഹത്തിന്റെ മറുപടി ശരശീഘ്രം: പശു എന്നെ കുത്താന്‍ വന്നുവെന്നും പേടിച്ച് ഞാന്‍ ഓടിയെന്നും നിങ്ങള്‍ക്ക് തോന്നിയതാണ് മായ. അല്ലാതെ ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല.
ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആളെ കൂട്ടുകയും 'തര്‍ക്കമന്ദിരം' തകര്‍ക്കാന്‍ ഇന്ത്യ മുഴുവന്‍ ടൊയോട്ട രഥം തെളിക്കുകയും തകര്‍ത്തയിടത്ത് ക്ഷേത്രം പണിയാന്‍ രാജ്യം മുഴുവന്‍ ഇഷ്ടികപ്പൂജ സംഘടിപ്പിക്കുകയും ചെയ്ത സംഘ്പരിവാര്‍ നേതാക്കള്‍ക്ക് പള്ളി തകര്‍ത്തതില്‍ ഒരു പങ്കുമില്ലെന്ന് 1963ലെ ഒരു സാദാ വിഡ്ഢിദിനത്തില്‍ ഭൂജാതമായ സി.ബി.ഐയുടെ പ്രത്യേക കോടതി പറയുമ്പോള്‍, ആചാര്യര്‍ മുന്‍പ് പറഞ്ഞതുപോലെ, പള്ളിയില്‍ ആരോ വിഗ്രഹം കൊണ്ടിട്ടെന്നും പിന്നീട് അതിന്റെ താഴികക്കുടങ്ങള്‍ ഒന്നൊന്നായി ആരോ പൊളിച്ചെന്നും എനിക്കും നിങ്ങള്‍ക്കും തോന്നിയതെല്ലാം വെറും മായയായിരുന്നുവെന്നല്ലേ നാം മനസിലാക്കേണ്ടത്?


തല്‍ക്കാലം അതങ്ങനെ തന്നെയായിരുന്നുവെന്ന ആത്മബോധ്യം വരുത്താന്‍ നമുക്ക് ശ്രമിക്കാം. പക്ഷേ, ഈ ബോധ്യം ഇതിനപ്പുറം നീട്ടേണ്ടി വരുമെന്നതാണ് വര്‍ത്തമാന ഇന്ത്യയിലെ യാഥാര്‍ഥ്യം. ഇതേ യുക്തിവച്ച് ഗാന്ധിയെ ആരും വധിച്ചില്ലെന്നും അദ്ദേഹം വധിക്കപ്പെട്ടപ്പോള്‍ ഇങ്ങ് തെക്ക് അനന്തപുരിയിലടക്കം ആരും മധുരം നുണഞ്ഞില്ലെന്നും മിഠായി വിതരണം ചെയ്തില്ലെന്നുമെല്ലാം നാം സമ്മതിക്കണം. എങ്കില്‍, സമ്മതിക്കാമെന്ന് വച്ചാല്‍ അവിടെയും കാര്യം നില്‍ക്കില്ല; ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദലിത് പെണ്‍കുട്ടിയെ ആരും കടന്നുപിടിച്ചില്ലെന്നും അവളുടെ നാവ് ആരും അരിഞ്ഞുമാറ്റിയില്ലെന്നും ആ ഇളം തലയോട്ടി ആരും തല്ലിയുടച്ചില്ലെന്നും അവളുടെ മൃതദേഹം ആരും നിര്‍ബന്ധിച്ച് ദഹിപ്പിച്ച് കളഞ്ഞില്ലെന്നും എല്ലാം ഇതേ യുക്തിവച്ച് സമ്മതിച്ച് കൊടുക്കേണ്ടി വരും; പക്ഷേ, അവിടെയും അതു നില്‍ക്കില്ല. ഹത്രാസ് പെണ്‍കുട്ടിയുടേതു പോലെ, മേല്‍ജാതിക്കാരുടെ കാമക്രോധത്തിനും ക്രൂരതകള്‍ക്കും നിരന്തരം വിധേയമാകുന്ന അനവധി ദരിദ്ര ദലിത് ന്യൂനപക്ഷ ജന്മങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന നാഷണല്‍ ക്രൈം ബ്യൂറോയുടേതടക്കമുള്ള സകല കണക്കുകളും ഇതുപോലെ ആര്‍ക്കോ തോന്നിയ വെറും മായകളാണെന്ന് നാം സമ്മതിക്കേണ്ടി വരും.
ഇന്ത്യയില്‍ ഭാവി പ്രവചനവിധേയമാണെങ്കിലും അവിടെ ഭൂതം എന്നും മാറ്റത്തിനു വിധേയമാണെന്ന് പ്രശസ്ത ഇന്‍ഡോളജിസ്റ്റ് വെന്‍ഡി ഡോണിഗര്‍ പറഞ്ഞത് മോദി ഭരിക്കുന്ന ഇന്ത്യയെക്കുറിച്ച് എത്രമാത്രം ശരിയാണെന്നതാണ് വര്‍ത്തമാന സംഭവങ്ങള്‍ നമ്മോട് പറയുന്നത്. ചരിത്രവും വര്‍ത്തമാനവും ഇവിടെ നിരന്തരം ഉടച്ചു വാര്‍ക്കപ്പെടുകയാണ്. അതു പ്രത്യേകമായ ഒരു ടെംപ്ലേറ്റ് പ്രകാരം നടക്കുന്ന ആസൂത്രിതമായ ഒരു പദ്ധതിയാണ്. അതനുസരിച്ച് ഇവിടെ ബലാത്സംഗങ്ങളും ദേവാലയധ്വംസനങ്ങളും എല്ലാം നടത്തിയത് വിദേശത്തുനിന്ന് വന്ന ചില പ്രത്യേക വിഭാഗങ്ങള്‍ ആയിരുന്നു. നമ്മള്‍ പൂണൂലും പശുക്കളുമായി ഗാര്‍ഹസ്ഥ്യത്തിന്റെയും വാനപ്രസ്ഥത്തിന്റെയും ധ്യാനസമൃദ്ധിയിലായിരുന്നു. അതിനിടയില്‍ ഒരു കുരുക്ഷേത്രവും കലിംഗയും നടന്നുവെന്നു പറയുന്നത് ബാബരി മസ്ജിദ് തകര്‍ത്തുവെന്നോ, ഗാന്ധിജിയെ സവര്‍ക്കര്‍ജി കൊടുത്ത തോക്കു കൊണ്ട് ഗോദ്‌സേജി കൊന്നുവെന്നോ പറയുന്നതു പോലുള്ള വെറും പൊട്ടക്കഥകള്‍ മാത്രം!.


പശുവിലേക്കു തന്നെ തിരിച്ചുപോകാം. നിര്‍ദോഷികളായ പശുക്കളും കാളകളും ഏതോ ജനിതകമാറ്റങ്ങളുടെ ഫലമായി, വേട്ടനായ്ക്കളുടെ സ്വഭാവമാര്‍ജിക്കുന്നതും അവര്‍ കൊമ്പുകുലുക്കി നഗരപ്രാന്തങ്ങളെ വിറകൊള്ളിക്കുന്നതും അഭിനവ ഇന്ത്യയെ ബാധിച്ചിരിക്കുന്ന സംഘോന്മാദത്തിന്റെ രൂപകമായി അരുന്ധതി റോയ് 'പരമാനന്ദത്തിന്റ മന്ത്രാലയ'ത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സി.പി സുരേന്ദ്രന്റെ 'ലോസ്റ്റ് ആന്‍ഡ് ഫൗണ്ടി'ലും ബോംബെയിലെ ഒരു ബഹുനിലയ കെട്ടിടത്തിന്റെ ഗോവണിപ്പടി കയറിവരുന്ന എമണ്ടന്‍ പശുവിനെ ഇതേ ഭീഷണിയുടെ ഭീകരബിംബമായാണ് അവതരിപ്പിക്കുന്നത്. പക്ഷേ, എല്ലാവരെക്കാളും നേരത്തെ, ശങ്കരാചാര്യര്‍ കാര്യം മനസിലാക്കിയിരുന്നുവെന്നു വേണം പറയാന്‍. കാരണം, സാക്ഷാല്‍ ശ്രീകൃഷ്ണനെ വധിക്കാന്‍ കംസന്‍ കാളയായും പശുവായും എല്ലാം വന്ന പുരാണകഥകള്‍ മറ്റാരെക്കാളും നന്നായി ആചാര്യര്‍ക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ, പശു കുത്താന്‍ വരുന്നത് മായയാണെന്നറിഞ്ഞിട്ടും ആചാര്യര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയത്.


പക്ഷേ, ഭരണഘടനാ ശില്‍പ്പിയായിരുന്ന അംബേദ്കറിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ തിരക്കിയിരുന്നെങ്കില്‍, അദ്ദേഹം ആചാര്യര്‍ ഓടേണ്ടിയിരുന്നില്ലെന്നും പശു അദ്ദേഹത്തെ കുത്തേണ്ടിയിരുന്നുവെന്നുമായിരിക്കും പറയുക. കാരണം, ഇന്ത്യ ഇന്നു നേരിടുന്ന ജാത്യാചാരങ്ങള്‍ക്കും തൊട്ടുകൂടായ്മയ്ക്കും കാരണം ആചാര്യരായിരുന്നു എന്നതാണ് അംബേദ്കറിന്റെ പക്ഷം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന എം.ഒ മത്തായി മലയാളിയാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തോട് അരിശത്തോടെ അംബേദ്കര്‍ പ്രതികരിച്ചു: കേരളീയര്‍ ഇന്ത്യയോട് ചെയ്ത പാപത്തിന് ഒരിക്കലും മാപ്പില്ല. കേരളമാണല്ലോ ആ ശങ്കരാചാര്യര്‍ക്ക് ജന്മം നല്‍കിയത്. അങ്ങേരല്ലേ ബുദ്ധമതത്തെയും ജൈനമതത്തെയും ഇവിടെനിന്ന് ആട്ടിയോടിച്ച് അടിമുടി ജാതിചിന്തയില്‍ അധിഷ്ഠിതമായ ബ്രാഹ്മണിസത്തെ ഈ രാജ്യത്ത് വീണ്ടും നട്ടുവളര്‍ത്തിയത്. ദലിത് ചരിത്രകാരനായ ഡോ. ജയപ്രകാശിന്റെ അഭിപ്രായത്തില്‍, അതിക്രൂരമായ പീഡനതാഢന താണ്ഡവങ്ങളിലൂടെയാണ് കേരളമടക്കമുള്ള പ്രദേശങ്ങളില്‍നിന്ന് ബുദ്ധമതക്കാരെ ശങ്കരന്‍ പുകച്ചുചാടിച്ചത്. ആലുവാതീരത്ത് ശങ്കരാചാര്യരുടെ സാരഥ്യത്തില്‍ ബുദ്ധസന്ന്യാസിമാര്‍ തീകുണ്ഡത്തിലെറിയപ്പെട്ടുവെന്നു പറയുന്ന അദ്ദേഹം ആലുവാ പട്ടണത്തിന് ആ പേര് വന്നതു തന്നെ പെരിയാര്‍ തീരത്തുവച്ച് ബുദ്ധവിശ്വാസികളെ ആലം (വിഷം) തേച്ച കുന്തങ്ങളില്‍ തറച്ച് ചിത്രവധത്തിനു വിധേയമാക്കിയതിനാലാണെന്നാണ് എഴുതിയത്. ശങ്കരന്‍ മഹാബുദ്ധിമാനും പ്രതിഭാധന നുമാണെങ്കിലും ആ ഹൃദയത്തില്‍ കാരുണ്യത്തിന്റെ അംശമില്ലായിരുന്നുവെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതും ഈ വസ്തുതയെ അടിവരയിട്ടു കൊണ്ടായിരുന്നു.


യഥാര്‍ഥത്തില്‍, അംബേദ്കര്‍ പറഞ്ഞ, ശങ്കരന്‍ നിമിത്തമായ ബ്രാഹ്മണ്യത്തിന്റെ വൈറസ് തന്നെയാണ് ബാബരി മുതല്‍ ഹത്രാസ് വരെയുള്ള സംഭവങ്ങളുടെ ഗതി തീരുമാനിച്ച മനഃശാസ്ത്രം ഉല്‍പാദിപ്പിച്ചത്. വിന്ധ്യനു മേലെയുള്ള ഭൂപ്രദേശം അഭിജാത ജാതിക്കാര്‍ക്ക് അവകാശപ്പെട്ടതാണെന്നും അതിനു താഴെയുള്ള പ്രദേശം കിരാതന്മാര്‍ അധിവസിക്കുന്നതാണെന്നും മനു മുന്‍പേ പറഞ്ഞുവച്ചതാണല്ലോ. ഒരു കുതിരയെ വാങ്ങാന്‍ ഔദ്ധത്യം കാണിച്ചതിന്റെ പേരില്‍ ദലിത് യുവാവിനെ തല്ലിക്കൊന്ന യു.പിയിലെ ജാതി മേലാളന്മാരെയും തങ്ങളുടെ നടവഴിയില്‍ ദലിത് പെണ്‍കുട്ടിയുടെ നിഴല്‍ വീണുപോയ കുറ്റത്തിന് അവളെ നിഷ്ഠൂരം മര്‍ദിച്ച മധ്യപ്രദേശിലെ സവര്‍ണ മാടമ്പികളെയും ബാബരി പള്ളിയുടെ താഴികക്കുടങ്ങള്‍ തകര്‍ത്തപ്പോള്‍ ആഹ്ലാദനൃത്തം ചവിട്ടിയ അദ്വാനി-ജോഷി-ഭാരതിമാരെയും എല്ലാം ഭരിക്കുന്നത് ഇതേ സവര്‍ണ സങ്കുചിതത്വം തന്നെയാണ്. 12ാം വയസില്‍ കളിക്കൂട്ടുകാരോടൊപ്പം ചേര്‍ന്ന് അയല്‍പ്രദേശത്തെ ഒരു പള്ളി ധ്വംസിച്ചതിന്റെ വീരസ്യം പറയുന്ന സവര്‍ക്കറിന്റെ അനുയായികളില്‍നിന്ന് ഒരുവേള ഇതില്‍പരം വല്ലതും പ്രതീക്ഷിക്കുന്നതായിരിക്കും അപരാധം. കാരണം അവരുടെ പ്രചോദനം ഗാന്ധി വായിച്ച ഭഗവത് ഗീതയോ ആ മഹാത്മാവ് മനസിലാക്കിയ ഹിന്ദുമതമോ അല്ല.
ലോകം മുഴുവന്‍ ഉള്‍ക്കൊള്ളലിന്റെയും വിട്ടുവീഴ്ചയുടേതുമായ പുതിയ പാഠങ്ങള്‍ സ്വാംശീകരിക്കുമ്പോഴാണ് ചരിത്രത്തില്‍ തന്നെ സഹിഷ്ണുതയുടെ മാതൃക തീര്‍ത്ത ഇന്ത്യാരാജ്യത്ത് ഈ വിധിവൈപരീത്യം അരങ്ങേറുന്നതെന്നാണ് സങ്കടം. ഒരു ഹിന്ദുമത വിശ്വാസി പോലും പൗരനായിട്ടില്ലാത്ത യു.എ.ഇയില്‍ അവിടുത്തെ ഭരണാധികാരികള്‍ ക്ഷേത്രം നിര്‍മിക്കാനായി സ്ഥലവും സൗകര്യവും നല്‍കുന്നു. പാകിസ്താനില്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് ഭരണകൂടം മതന്യൂനപക്ഷങ്ങള്‍ക്കായി ക്ഷേത്രം പണിതു കൊടുക്കുന്നു. ന്യൂനപക്ഷ ക്രിസ്ത്യാനികള്‍ക്ക് ഏറെ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന പാക്പഞ്ചാബിലെ ഗോജ്‌റയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വര്‍ഗീയസംഘര്‍ഷത്തില്‍ തകര്‍ന്ന ക്രിസ്ത്യന്‍ ചര്‍ച്ച് നിര്‍മിക്കാന്‍ ആ നാട്ടിലെ ദരിദ്രരായ മുസ്‌ലിം കര്‍ഷകര്‍ മുന്നിട്ടിറങ്ങിയതും അവരുടെ തുച്ഛമായ വരുമാനം അതിനായി വകമാറ്റിയതും ഏറെ പ്രാധാന്യത്തോടെ 2016ല്‍ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തതായിരുന്നു.
പക്ഷേ, ഗാന്ധിജിയുടെ ഈ നാടിന് ആ മഹാത്മാവിന്റെ 151ാം ജന്മവാര്‍ഷികത്തില്‍ ലോകത്തിനു കാണിക്ക സമര്‍പ്പിക്കാനുള്ളത് ആരും 'പൊളിക്കാതെ പൊളിഞ്ഞുവീണ' ബാബരിയും ആരും 'കീറിമാന്താതെ ചീന്തിവലിക്കപ്പെട്ട' ഒരു ദലിത് പെണ്‍കുട്ടിയുടെ ചാരിത്ര്യവും ഉടഞ്ഞ തലയോട്ടിയുമാണല്ലോ. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെപോലെ കാര്യങ്ങള്‍ എല്ലാം ശരിയാകുമെന്ന അര്‍ഥത്തില്‍ ഒരു 'ഇന്‍ശാ അല്ലാഹ്' പറയാനെങ്കിലും നമ്മെ ഭരിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ കഴിഞ്ഞെങ്കില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  17 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  17 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago