രാമന്തളിയില്‍ വീണ്ടും കിണറുകളില്‍ ജലവിതാനം ഉയര്‍ന്നു
പയ്യന്നൂര്‍: മാലിന്യ പ്രശ്‌നത്താല്‍ ജനജീവിതം ദുസ്സഹമായ രാമന്തളിയില്‍ വീണ്ടും കിണറുകളില്‍ മലിനജലം നിറഞ്ഞ് ജലവിതാനം ഉയര്‍ന്നു. നിലവില്‍ മാലിന്യപ്രശ്‌നം അനുഭവിക്കാത്ത പത്തോളം പുതിയ കിണറുകളിലാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ശക്തമായ ഉറവയോടു കൂടി ജലവിതാനം ഉയര്‍ന്നത്.
വെള്ളത്തിന് നിറവ്യത്യാസവും രൂക്ഷഗന്ധവുമുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റില്‍ നിന്നു അല്പദൂരം മാറിയുള്ള വീട്ടുകിണറുകളിലാണ് കഴിഞ്ഞ ദിവസം മുതല്‍ ജലവിതാനം ഉയര്‍ന്നത്. മലിനജലം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരേ ജന ആരോഗ്യ സംരക്ഷണ സമിതി കഴിഞ്ഞ എഴുപത് ദിവസമായി അനിശ്ചിതകാല സമരത്തിലാണ്. 49 ദിവസമായി സമരപന്തലില്‍ നിരാഹാര സമരവും നടന്നു വരുന്നുണ്ട്. രാമന്തളി തെക്കുമ്പാട് പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്നുസ്ഥാപിച്ച നാവിക അക്കാദമി മാലിന്യപ്ലാന്റില്‍ നിന്നു മലിനജലം ഇതിനകം നൂറോളം കിണറുകള്‍ മലിനമാക്കിക്കഴിഞ്ഞു. മഴക്കാലം വരുന്നതോടെ മലിനജലം കിലോമീറ്ററുകളോളം ദൂരത്തില്‍ വ്യാപിക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍. എന്നാല്‍ മഴയ്ക്ക് മുമ്പുതന്നെ മലിനജലം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും അടിക്കടി കിണറുകളില്‍ ജലവിതാനം ഉയരുകയും ചെയ്യുന്നതില്‍ നാട്ടുകാര്‍ ഭീതിയിലാണ്. മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി അടക്കം നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ ആറോളം തവണ പരിശോധന നടത്തിയിട്ടും കിണറുകളില്‍ ജലവിതാനം ഉയരുന്നതിന്റെ കാരണം കണ്ടു പിടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."