ഉറുമ്പിനെന്ത് തീക്കട്ട! ഐ.ജിയുടെ പേരിലും തട്ടിപ്പിനായി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
കോഴിക്കോട്: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഐ.ജിയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി പി.വിജയന്റെ പേരിലാണ് വ്യാജ പ്രൊഫൈലില്‍ അക്കൗണ്ട് ആരംഭിച്ചത്. ഐ.ജി തന്നെ ഇക്കാര്യം മുന്നറിയിപ്പായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാജ അക്കൗണ്ട് നിര്‍മിക്കുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും രണ്ട് അക്കൗണ്ടുകള്‍ ഒഴിവാക്കിയിരുന്നതായും ഐ.ജി പറഞ്ഞു. സംസ്ഥാനത്തിന് പുറത്തു നിന്നാണ് ഇതു ചെയ്തതെന്നാണ് സൂചന. സംഭവത്തില്‍ ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
പൊലിസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടുന്ന സംഭവം സംസ്ഥാനത്ത് നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലുവ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പിയുടെ പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് അതിലൂടെ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പു രീതി. 'അത്യാവശ്യമാണ്, സഹായിക്കണമെന്നും' മറ്റും മെസഞ്ചറിലൂടെ അഭ്യര്‍ഥിച്ച് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മാധ്യമപ്രവര്‍ത്തകര്‍, സ്വകാര്യ കമ്പനി ഉടമകള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലും ഇത്തരത്തില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ട്. സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ മുന്‍ ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍ എന്നിവരുടെ പേരിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. ഇരുവരും ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുകയും എ. സജീവന്‍ ഇതുസംബന്ധിച്ച് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."