മധ്യേഷ്യയിൽ യുദ്ധ സാധ്യത തള്ളി വീണ്ടും സഊദി; പക്ഷെ, കലുഷിത നീക്കങ്ങളെ തടയും; സഊദി മന്ത്രിസഭ.
റിയാദ്: ഇറാൻ ജനതയടക്കം മേഖലയിലെ മുഴുവൻ ആളുകൾക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അതിനാൽ വിധ്വംസക പ്രവർത്തനങ്ങളും വിനാശ പ്രവർത്തനങ്ങളുടെ വ്യാപനവും തടയുന്നതിന് ഇറാനെതിരെ അന്താരാഷ്‌ട്ര സമൂഹം ഒരുമിക്കണമെന്നും സഊദി മന്ത്രി സഭ ആവശ്യപ്പെട്ടു. സഊദി എണ്ണക്കപ്പൽ, എന്ന പമ്പിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇറാൻ അനുകൂല സംഘടനകൾ ആക്രമണം നടത്തിയതിനു ശേഷമുള്ള ആദ്യ മന്ത്രി സഭാ യോഗമാണ് ഇറാനെതിരെ യുദ്ധം വേണ്ടെന്ന ആവശ്യത്തോടെ രംഗത്തെത്തിയത്. പശ്ചിമേഷ്യയില്‍ കലുഷിത സാഹചര്യമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭ യുദ്ധം തടയുമെന്ന നേരത്തെയുള്ള പ്രഖ്യാപനം ആവർത്തിക്കുകയും ചെയ്‌തു.
ഈ മാസം മുപ്പതിന് സഊദി രാജാവ് വിളിച്ചു ചേർത്ത അടിയന്തിര ഉച്ചകോടിയെ സംബന്ധിച്ചും അനുബന്ധ കാര്യങ്ങളെ കുറിച്ചും മന്ത്രി സഭ വിശകലനം ചെയ്‌തതായി മീഡിയ മന്ത്രി തുർക്കി അൽ ശബാന സഊദി വാർത്താ ഏജൻസിയോട് വ്യക്തമാക്കി. മേഖലയുടെ സുരക്ഷക്കായി സഊദി അറേബ്യ ചെയ്യുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് മറ്റു രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലമായ സമ്മേളനം വിളിച്ചു ചേർക്കുന്നത്. ഇക്കാര്യത്തിൽ സഊദിയുടെ ഉത്തരാവാദിത്വമാണ് സഊദി നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും ഇറാൻ ഏജൻസികളും മേഖലയിൽ നിന്നും വിട്ടു നിൽക്കണം. മറ്റുള്ള രാജ്യങ്ങളിൽ കൈ കടത്തുന്ന പ്രവണതകളിൽ നിന്നും ഇവർ അകന്നു നിൽക്കണം. യുദ്ധം ഒഴിവാക്കാനായി സഊദി എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കും. സമാധാനത്തിനും നന്മക്കും സഊദി ശക്തമായി നിലകൊള്ളും. സഊദിയുടെ കരങ്ങൾ ഇപ്പോഴും സമാധാനത്തിനു വേണ്ടിയുള്ളതാണ്. അതേസമയം, ഇറാൻ ഭീഷണികളിൽ നിന്നും രക്ഷ നേടാൻ അന്താരാഷ്‌ട്ര സമൂഹം ഒന്നിക്കണമെന്നും സഊദി ആവശ്യപ്പെട്ടു. എണ്ണ വിപണി സന്തുലിതമാക്കാനുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി സഭ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."