30നകം പൊളിച്ചുനീക്കണം
കൊച്ചി: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെടുക്കാന്‍ ചീങ്കണ്ണിപ്പാലിയില്‍ നിര്‍മിച്ച തടയണ 30നകം പൂര്‍ണമായും പൊളിച്ച് വെള്ളം ഒഴുക്കിവിടണമെന്ന് ഹൈക്കോടതി. വെള്ളം തുറന്നുവിട്ടതുകൊണ്ടു മാത്രം പ്രശ്‌നത്തിനു പരിഹാരമാവില്ലെന്ന് കോടതി ഓര്‍മിപ്പിച്ചു. ഏപ്രില്‍ 10നുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ അന്‍വറിന്റെ ഭാര്യാപിതാവ് വീഴ്ചവരുത്തിയതായും കോടതി വിലയിരുത്തി.
ജില്ലാ ജിയോളജിസ്റ്റ് മേല്‍നോട്ടം വഹിക്കണമെന്നും റിപ്പോര്‍ട് നല്‍കാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കഴിഞ്ഞ പ്രളയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും പ്രളയത്തെപ്പറ്റി മറന്നുവോയെന്നും കോടതി ആരാഞ്ഞു.
തടയണ സ്വന്തമായി പൊളിച്ചു നീക്കിക്കൊള്ളാമെന്ന് ഭാര്യാപിതാവ് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ഭാഗിക തടസമുണ്ടെന്നും ശക്തമായ മഴ ഉണ്ടായാല്‍ വെള്ളം കെട്ടിനില്‍ക്കുമെന്നും ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടുണ്ടന്ന് ഹര്‍ജിക്കാരായ ആലുവ റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. തടയണ പരിസ്ഥിതിക്കു ഭീഷണിയും പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നതാണന്നും ചൂണ്ടിക്കാട്ടിയാണ് റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കോടതിയെ സമീപിച്ചത്.
തടയണ അനധികൃതമാണെന്നും പൊളിച്ചു നീക്കണമെന്നും കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ അന്‍വറിന്റെ ഭാര്യാപിതാവും കോടതിയെ സമീപിച്ചിരുന്നു.
മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ 11 ഏക്കര്‍ ഭൂമിയിലെ കുന്നുകള്‍ക്കിടയിലാണ് തടയണ.
നിലവിലുണ്ടായിരുന്ന കുളത്തിന്റെ ഒരു ഭാഗത്തു കരിങ്കല്‍ഭിത്തി നിര്‍മിച്ച് ബലപ്പെടുത്തുകയായിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല.
അന്‍വറിന്റെ പേരിലായിരുന്ന ഭൂമി ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലേക്ക് മാറ്റിയ ശേഷമായിരുന്നു അനധികൃത തടയണ നിര്‍മാണം.
തടയണയുടെ താഴ്ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും വനത്തിനും വന്യജീവികള്‍ക്കും പ്രകൃതിക്കും തടയണ കനത്ത ഭീഷണിയാണെന്നും സ്ഥലപരിശോധന നടത്തി വിശദപഠനം നടത്തിയ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ് അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."