HOME
DETAILS
MAL
പ്ലീസ് ഇന്ത്യ നിയമ പോരാട്ടം ഫലം കണ്ടു: സഊദിയിൽ കോടതി ഇടപെട്ട് തൊഴിലുടമയുടെ അക്കൗണ്ടിൽ നിന്ന് പണം പിടിച്ചെടുത്തു നൽകി
backup
September 10 2018 | 04:09 AM
റിയാദ് :കൃത്യമായി ശമ്പളമോ ഭക്ഷണമോ താമസ സൗകര്യമോ ലഭിക്കാതെ മൂന്ന് വർഷമായി നരകയാതന അനുഭവിച്ച മലയാളിക്ക് ഒടുവിൽ കോടതി തുണയായി. ശമ്പളവും മറ്റും തടഞ്ഞുവെച്ച നടപടിക്കെതിരെ കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിൽ സ്‌പോൺസറുടെ കൗണ്ടിൽ നിന്നും പണം പിടിച്ചെടുത്തു നൽകിയാണ് കോടതി നീതി നൽകിയത്. അരുൺ സുധാകരൻ കടക്കലിനാണു ഏറെ കാലത്തെ ദുരിതങ്ങൾക്കൊടുവിൽ നിയമ സഹായ വേദിയായ പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ ) സഹായത്തോടെ ദുരിതക്കടൽ നീന്തിക്കടന്നത്. ഏറെ ചർച്ചയായ ഇദ്ദേഹത്തിന്റെ കഥന കഥ ഇംഗ്ളീഷ് പത്രങ്ങൾ പോലും പ്രസിദ്ധീകരിച്ചിരുന്നു.
രണ്ടായിരം റിയാൽ മാസശമ്പള വാഗ്‌ദാനത്തിൽ എത്തിയ അരുൺ കുമാറിനെ കൊണ്ട് ക്യാമറമാൻ, ഹൗസ് ഡ്രൈവർ തുടങ്ങി വിവിധ ജോലികൾ എടുപ്പിച്ചിരുന്നു. എന്നാൽ തുടർച്ചയായി പത്തു മാസത്തോളം ശമ്പളം കിട്ടാതെ വന്നപ്പോഴാണ് നീതിക്കായി പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ ) എന്ന സൗജന്യ നിയമ സഹായവേദിയെ സമീപിച്ചത്. തുടർന്ന് പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി സ്പോൺസറുമായി അനുരഞ്ജനത്തിനു ശ്രമിച്ചെങ്കിലും സ്പോൺസർ വഴങ്ങിയില്ല. ഇതിനിടയിൽ സ്‌പോൺസറുടെ നിർദേശപ്രകാരം അബഹയിൽ ജോലിക്കായി പോകുന്നതിനിടെ പോലീസ് പരിശോധനയിൽ കുടുങ്ങുകയും ജയിലിലാവുകയും ചെയ്‌തു. ഇവിടെ നിന്നും പ്ലീസ് ഇന്ത്യ പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറ സ്പോൺസറുടെ ഇടപെടലിനെ തുടർന്നാണ് മൂന്ന് ദിവസത്തിന് ശേഷം ജയിലിൽ നിന്നും പുറത്തിറക്കാൻ സ്‌പോൺസർ സന്നദ്ധമായത് .
തുടർന്നും എക്സിറ്റ് അടിച്ചു കിട്ടുന്നതിന് വേണ്ടി അരുൺ വീണ്ടും ജോലിയിൽ തുടർന്ന അരുണിന് ഒടുവിൽ എക്‌സിറ്റ് റെഡിയായെന്നു സ്‌പോൺസർ അറിയിച്ചതിനെ തുടർന്ന് സ്വന്തമായി ടിക്കറ്റെടുത്തു എയർപോർട്ടിൽ പോയപ്പോൾ എക്സിറ്റ് ക്യാൻസൽ ചെയ്തു എന്ന അറിയിപ്പാണ് എമിഗ്രേഷനിൽ നിന്നും ലഭിച്ചത്. ഗത്യന്തരമില്ലാതെ വീണ്ടും തിരികെ വന്നപ്പോൾ ജോലിയിൽ തുടർന്നാൽ എക്സിറ്റ് അടിച്ചു നൽകാം എന്നും ശമ്പളകുടിശിക നൽകാമെന്നറിയിച്ച സ്പോൺസർ കുറച്ചു ശമ്പളം കയ്യിൽ കൊടുക്കുകയും ചെയ്തപ്പോൾ അരുൺ വീണ്ടും അവിടെ ജോലി തുടരുകയും ചെയ്തെങ്കിലും തുടർച്ചയായി വീണ്ടും ആറു മാസം ശമ്പളം മുടങ്ങുകയും നാട്ടിലേക്കുള്ള മടക്കവും തടസ്സമായതോടെയാണ് ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. ആറു മാസത്തെ ശമ്പളവും എക്സിറ്റും ടിക്കറ്റും നൽകി നാട്ടിൽ അയക്കാൻ കോടതി വിധിച്ചു. എന്നാൽ കോടതി വിധി മാനിക്കാതെ ശമ്പളം നൽകില്ല വേണമെങ്കിൽ എക്സിറ്റ് നൽകാം എന്നും അറിയിച്ച സ്‌പോൺസർ അതിനായി തന്റെ ഓഫീസിലേക്ക് വരാൻ ആവശ്യപെട്ടപ്പോൾ സ്‌പോൺസറുടെ ഉദ്ദേശശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച സാമൂഹ്യ പ്രവർത്തകർ അത് തടയുകയും വിധി നേടിയെടുക്കാൻ മേൽ കോടതിയെ (മഹക്കമ തൻഫീദു) സമീപിക്കുകയും ചെയ്തു.
ഭക്ഷണവും മറ്റുമില്ലെന്ന ദുരിത കഥ ബോധ്യപെടുത്തിയപ്പോൾ കോടതി അധികൃതർ സ്‌പോൺസറുടെ അകൗണ്ട് ഉൾപ്പെടെ എല്ലാ ഗവർമെന്റ് സേവനങ്ങളും മരവിപ്പികുകയും അക്കൗണ്ടിൽ നിന്നും 12,000 റിയാൽ (രണ്ടര ലക്ഷം രൂപ) ശമ്പളകുടിശിക പിടിച്ചെടുത്ത് നീതിന്യായ മന്ത്രലയത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും, പിന്നീട് നീതിന്യായ മന്ത്രലയം 12,000 റിയാലിന്റെ ചെക്ക് നൽകുകയും ആയിരുന്നു. ദുരിതം സഹിക്കവയ്യാതെ ശമ്പളകുടിശിക വേണ്ട എക്സിറ്റ് മതി എന്ന് അരുൺ ആവർത്തിച്ചു പറഞ്ഞെങ്കിലും ജോലി ചെയ്തു കിട്ടാനുള്ളത് വാങ്ങിച്ചു പോകാം എന്ന ഷാനവാസ് രാമഞ്ചിറയുടെ നിലപാട് ആണ് വഴിതിരിവായത്. ഇതിനിടയിൽ തനിക്കു ആത്മഹത്യ അല്ലാതെ മറ്റു മാർഗമില്ലെന്നറിയിച്ചു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനു ചെയ്‌ത ട്വീറ്റ് വൻവാർത്തയാവുകയും വിഷയത്തിൽ ഇടപെടാൻ എംബസിക്ക് നിർദേശം നൽകുകയും ചെയ്‌തിരുന്നു.
ഫോട്ടോ: സഊദി നീതിന്യായ മന്ത്രാലയം നൽകിയ 12000 റിയാലിന്റെ ചെക്ക് പ്ളീസ് ഇന്ത്യ പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറ അരുണിന് കൈമാറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."