16ാം ലോക്സഭ പിരിച്ചു വിട്ടു, മെയ് 30 ന് രണ്ടാം എന്‍.ഡി.എ അധികാരത്തിലേറും
ന്യൂദല്‍ഹി: 16ാം ലോക്സഭ പിരിച്ചുവിടാനുള്ള ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ഇതോടെ ലോക്സഭ പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശപ്രകാരമാണിത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് ഇന്നലെച്ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ലോക്സഭ പിരിച്ചുവിടാനുള്ള പ്രമേയം പാസ്സായിരുന്നു. അതിലാണിപ്പോള്‍ രാഷ്ട്രപതി ഒപ്പിട്ടത്.
ഇനി ഔദ്യോഗിക വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചതിനുശേഷം 17ാം ലോക്സഭ രൂപീകരിക്കും. മെയ് 30നാണ് രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ മുന്നണിയില്‍ തര്‍ക്കമില്ലാത്തതിനാല്‍ വലിയ മാറ്റങ്ങളില്ലാത്ത മന്ത്രിസഭയാകും രൂപീകരിക്കുക.
എന്നാല്‍ മന്ത്രിസഭയിലെ രണ്ടാമനായി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അധ്യക്ഷസ്ഥാനം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ ഏല്പ്പിച്ചശേഷമാകും ഇതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. നാളെച്ചേരുന്ന എന്‍.ഡി.എ യോഗത്തിലാണ് മോദിയെ ഔദ്യോഗികമായി തങ്ങളുടെ നേതാവായി മുന്നണി പ്രഖ്യാപിക്കുക. തുടര്‍ന്ന് രാഷ്ട്രപതി അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കും.
മെയ് 23നു ഫലം പ്രഖ്യാപിച്ചപ്പോള്‍ ആധികാരികമായ വിജയമാണ് ബി.ജെ.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ നേടിയത്. 303 സീറ്റ് ബി.ജെ.പിക്കു മാത്രമായി ലഭിച്ചു. കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ 22 സീറ്റ് അധികമാണിത്. അതേസമയം എന്‍.ഡി.എയ്ക്ക് 352 സീറ്റ് ലഭിച്ചു. ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും വന്‍മുന്നേറ്റമാണ് ബി.ജെ.പി കാഴ്ചവെച്ചത്. പശ്ചിമബംഗാളിലും ഒഡീഷയിലും മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. യു.പിയില്‍ മഹാസഖ്യം പരാജയപ്പെട്ടതും ബി.ജെ.പിക്ക് നേട്ടമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."