സി.ഒ.ടി നസീര്‍ വധശ്രമം: രണ്ട് സി.പി.എമ്മുകാര്‍ അറസ്റ്റില്‍
തലശ്ശേരി: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരു സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു. പൊന്ന്യം വെസ്റ്റിലെ ചേരിപുതിയ പറമ്പത്ത് കെ. അശ്വന്ത് (20), കൊളശ്ശേരി കുഞ്ഞിനേരി മീത്തലിലെ വി.കെ സോജിത്ത് (25) എന്നിവരെയാണു തലശ്ശേരി പൊലിസ് പിടികൂടിയത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ ് അറസ്റ്റിലായ രണ്ടുപ്രതികളുമെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ പങ്കാളികളായ രണ്ടുപേരെയും ഗൂഢാലോചന നടത്തിയ അഞ്ചുപേരെയും ഇനിയും പിടികൂടാനുണ്ടെന്നും പൊലിസ് വ്യക്തമാക്കി.
എ.എസ്.പി അരവിന്ദ് സുകുമാറിന്റെ കീഴിലുള്ള സ്ക്വാഡ് അംഗങ്ങളാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ അശ്വന്ത് നേരത്തെ റാഗിങുമായി ബന്ധപ്പെട്ട് യുവാവിനെ അടിച്ചുപരുക്കേല്‍പ്പിച്ച കേസിലെ പ്രതിയാണെന്നു പൊലിസ് പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്ക് അശ്വന്തിന്റെ വീടിനുസമീപത്ത് നിന്നു കണ്ടെടുത്തു.
സി.ഒ.ടി നസീര്‍ പാര്‍ട്ടി വിട്ടതും വടകര ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി നിന്ന വൈരാഗ്യവുമാണ് അക്രമത്തിനു പിന്നിലെന്നു പ്രതികള്‍ സമ്മതിച്ചതായി പൊലിസ് വ്യക്തമാക്കി. അക്രമത്തിനു പിന്നില്‍ പ്രാദേശിക നേതാക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മറ്റുള്ള പ്രതികളെയും പിടികൂടാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. പ്രതികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിട്ടും അറസ്റ്റ് രേഖപ്പെടുത്താത്തതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. മറ്റു പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും പൊലിസ് അറിയിച്ചു.
കഴിഞ്ഞ 18നു രാത്രി തലശ്ശേരി കായ്യത്ത് റോഡില്‍ വച്ചാണു സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ടത്. ബൈക്ക് കൊണ്ട് ഇടിച്ചിട്ട ശേഷം അക്രമിസംഘം നസീറിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. സുഹൃത്തായ നൗഫീറും നസീറിനൊപ്പം ഉണ്ടായിരുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് നേരത്തെ സി.പി.എം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."