കെ.എം മാണിക്ക് നിയമസഭയുടെ ആദരം
തിരുവനന്തപുരം: അന്തരിച്ച മുന്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവുമായ കെ.എം മാണിക്ക് നിയമസഭയുടെ ആദരം. പകരം വയ്ക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എല്ലാ വിഭാഗത്തിന്റെയും സ്നേഹാദരവ് ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഭരണപക്ഷത്തും പ്രതിപക്ഷത്തും ശ്രദ്ധേയനായി. ലോക പാര്‍ലമെന്റ് ചരിത്രത്തില്‍ സ്ഥാനം നേടുന്ന അത്യപൂര്‍വ സാമാജികനായിരുന്നു. മാണിയുടെ റെക്കോര്‍ഡുകള്‍ വരും കാലങ്ങളില്‍ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇങ്ങനെയൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നറിയില്ലെന്നും അഭിപ്രായപ്പെട്ടു. ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനുഷ്യനായിരുന്നു മാണി സാറെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി കാരുണ്യ പദ്ധതി തിരികെ കൊണ്ടുവരണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. ദേശീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു മാണിയെന്ന് പി.ജെ ജോസഫ് പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, രാമചന്ദ്രന് കടന്നപ്പള്ളി, കക്ഷി നേതാക്കളായ സി.കെ നാണു, തോമസ് ചാണ്ടി, അനൂപ് ജേക്കബ്, ഒ. രാജഗോപാല്‍, കെ.ബി ഗണേഷ്കുമാര്, പി.സി ജോര്‍ജ് എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."