വാഷിങ്ടണിലെ പി.എല്‍.ഒ ഓഫിസ് പൂട്ടാനൊരുങ്ങി യു.എസ്
വാഷിങ്ടണ്‍: ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പി.എല്‍.ഒ) വാഷിങ്ടണിലെ ഓഫിസ് പൂട്ടാനൊരുങ്ങി ട്രംപ് ഭരണകൂടം. യു.എസിലെ ഫലസ്തീന്‍ ദൗത്യം അവസാനിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചുവെന്ന് പി.എല്‍.ഒ സെക്രട്ടറി ജനറല്‍ സാഇബ് ഇര്‍ക്കത്ത് പറഞ്ഞു.
ഫലസ്തീന്‍ ജനതയെ ശിക്ഷിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ മറ്റൊരു നീക്കമാണിത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സഹായങ്ങള്‍ യു.എസ് നേരത്തേനിര്‍ത്തിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
പി.എല്‍.ഒ ഓഫിസ് പൂട്ടുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ നടത്തുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈലുമായി നേരിട്ടുള്ളതും അര്‍ഥപൂര്‍ണവുമായ ചര്‍ച്ച നടത്താത്തതിനാലാണ് ഇത്തരം തീരുമാനമെടുക്കുന്നതെന്നാണ് യു.എസ് വിശദീകരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പി.എല്‍.ഒ ഓഫിസ് പൂട്ടുമെന്ന് ട്രംപ് കഴിഞ്ഞ വര്‍ഷം ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഈ നീക്കത്തില്‍ നിന്ന് യു.എസ് പിന്‍മാറുകയായിരുന്നു. ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്ന പ്രധാന സംഘടനയാണ് പി.എല്‍.ഒ. ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി യു.എസ് അംഗീകരിച്ചതിനെതിരേ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രംഗത്തെത്തിയിരുന്നു. യു.എസ് നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ പ്രഖ്യാപിച്ചു. കൂടാതെ യു.എസുമായുള്ള ബന്ധം ഫലസ്തീന്‍ വിച്ഛേദിച്ചിരുന്നു. കിഴക്കന്‍ ജറൂസലമിനെ തങ്ങളുടെ ഭാവി തലസ്ഥാനമായിട്ടാണ് ഫലസ്തീന്‍ വിലയിരുത്തുന്നത്.
അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ ഫലസ്തീനികള്‍ക്കായുള്ള 25 ദശലക്ഷം ഡോളറിന്റെ സഹായം യു എസ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ആറോളം ആശുപത്രികള്‍ക്ക് നല്‍കിവരുന്ന സഹായം റദ്ദാക്കിയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഹൃദയ ശസ്ത്രക്രിയ, അര്‍ബുദം, ഡയാലിസിസ് തുടങ്ങിയ ചികിത്സകള്‍ക്കായാണ് യു.എസ് ഫണ്ട് വിനിയോഗിച്ചിരുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലോ, ഗസ്സയിലോ ലഭ്യമല്ല. ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍.ആര്‍.ഡബ്ല്യു.എക്കുള്ള സഹായം യു.എസ് കഴിഞ്ഞയാഴ്ച നിര്‍ത്തിവച്ചിരുന്നു. വെസ്റ്റ് ബാങ്കിനും ഗസ്സക്കും നല്‍കിയിരുന്ന 200 മില്യന്‍ ഡോളറിന്റെ സഹായം ട്രംപ് ഭരണകൂടം കഴിഞ്ഞ മാസമാണ് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."