യുവേഫ യൂറോപ്പ ലീഗ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- അയാക്സ് ഫൈനല്‍
ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഹോളണ്ട് ടീം അയാക്സും തമ്മില്‍ പോരാടും. സെമിയുടെ ഇരു പാദ മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്പാനിഷ് ടീം സെല്‍റ്റ വിഗോയെ 2-1നും അയാക്സ് ഫ്രഞ്ച് ടീം ഒളിംപിക്ക് ലിയോണിനെ 5-4നും വീഴ്ത്തിയാണ് കലാശ പോരാട്ടത്തിനെത്തുന്നത്.
ആദ്യ പാദത്തിലെ എവേ പോരാട്ടത്തില്‍ 1-0ത്തിന്റെ സുരക്ഷിത വിജയം സ്വന്തമാക്കി രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ അവസാന നിമിഷം സമനില വഴങ്ങേണ്ടി വന്നെങ്കിലും മാഞ്ചസ്റ്റര്‍ ആദ്യ പാദത്തിലെ എവേ വിജയത്തിന്റെ പിന്‍ബലത്തിലാണ് ഫൈനലിലേക്ക് മുന്നേറിയത്.
സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദ പോരാട്ടത്തിന്റെ 17ാം മിനുട്ടില്‍ ഫെല്ലയ്നിയുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ കളി തീരാന്‍ മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ 85ാം മിനുട്ടില്‍ ഗോള്‍ മടക്കി സെല്‍റ്റ സമനില പിടിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പ്രതീക്ഷ അവസാനിച്ച മാഞ്ചസ്റ്ററിന് യൂറോപ്യന്‍ പോരാട്ടത്തില്‍ കിരീടത്തിലേക്ക് ഒരു വിജയം മാത്രം മതി.
21 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു യൂറോപ്യന്‍ പോരാട്ടത്തിന്റെ ഫൈനലിലേക്ക് അയാക്സ് മുന്നേറുന്നത്.
യുവ താരങ്ങളുടെ ഊര്‍ജത്തില്‍ യൂറോപയില്‍ മുന്നേറിയ അവര്‍ രണ്ടാം പാദ പോരാട്ടത്തില്‍ ലിയോണിനെതിരേ 3-1ന് പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ 4-1ന്റെ വിജയം സ്വന്തമാക്കിയതും രണ്ടാം പാദത്തിലെ എവേ പോരാട്ടത്തില്‍ ഒരു ഗോള്‍ മടക്കിയതും അവര്‍ക്ക് തുണയാവുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- അയാക്സ് കലാശപ്പോരാട്ടം ഈ മാസം 25ന് സ്വീഡനിലെ സ്റ്റോക്ക്ഹോം ഫ്രന്‍ഡ്സ് അരേന സ്റ്റേഡിയത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."