ധര്‍മ്മരാജിന്റെ ചികിത്സ; ബഹ്‌റൈന്‍ കേരളീയ സമാജം സഹായ കമ്മിറ്റി രൂപീകരിക്കുന്നു
മനാമ: പക്ഷാഘാതത്തെ തുടര്‍ന്ന് കിംഗ് ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബഹ്‌റൈന്‍ പ്രവാസിയും കാസര്‍ഗോഡ് ചെറുവത്തൂര്‍ കുട്ടമത്ത് സ്വദേശിയുമായ ധര്‍മ്മരാജിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കൈവന്നതായി ബന്ധുക്കള്‍ അറിയിച്ചു. എങ്കിലും നീണ്ട നാളത്തെ ഫലപ്രദമായ ചികിത്സ ലഭിച്ചെങ്കില്‍ മാത്രമേ അദ്ദേഹത്തിന്ന് സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ട് വരാനാവുകയുള്ളൂ. ബഹ്‌റൈനിലെ വിവിധ സംഘടനകളിലായി അക്ഷീണം പ്രയത്‌നിച്ചു കൊണ്ടിരുന്ന, കമ്പ്യൂട്ടര്‍ വിദഗ്ധനും ശില്പിയും, മികച്ച കലാകാരനുമായ ധര്‍മ്മരാജന്‍ മെയ് 5 നാണ് അസുഖബാധിതനായത്.
മുഹറഖില്‍ അദ്ദേഹം പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂറ്റിനടുത്ത മുറിയില്‍ ബോധരഹിതനായി വീണത് തൊട്ടടടുത്തുണ്ടായിരുന്ന വീട്ടുകാരാണ് കണ്ടത്. ഉടന്‍ ആംബുലന്‍സ് വിളിച്ചു കിംഗ് ഹമദ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ധ പരിശോധനയില്‍ ആണ് പക്ഷാഘാതമാണെന്നു മനസ്സിലായത്. തലയില്‍ രക്തം കട്ട പിടിക്കുകയും ശരീരം തളര്‍ന്ന അവസ്ഥയിലും ആയിരുന്നു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും അത്യാഹിത വിഭാഗത്തില്‍ തുടര്‍ ചികിത്സ നടത്തുകയുമായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സ കൊണ്ട് നേരിയ പുരോഗതി കൈവരിച്ചുവെങ്കിലും ശരീരത്തിന്റെ ഒരു ഭാഗത്തെ ചലന ശേഷി വീണ്ടു കിട്ടിയിട്ടില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നാട്ടിലേയ്ക്ക് കൊണ്ട് പോയി വിദഗ്ധ ചികിത്സ ലഭ്യമാക്കിയാല്‍ മാത്രമേ പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. നിലവിലെ അവസ്ഥയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള സംഘം രോഗിയോടൊപ്പം ഉണ്ടെങ്കില്‍ മാത്രമേ വിമാനയാത്ര സാധ്യമാവുകയുള്ളൂ. അതിന് വേണ്ടി വരുന്ന ഭീമമായ ചിലവ് താങ്ങാനുള്ള സ്ഥിതി കുടുംബത്തിനില്ല. ഭാര്യ വിനീത ഒരു സ്വകാര്യ സ്‌കൂളില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യുന്നു. ഏക മകന്‍ ഗൗരി ശങ്കര്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
2000 ത്തില്‍ ആണ് ധര്‍മരാജന്‍ ബഹ്‌റൈനില്‍ എത്തിയത്. പ്രമുഖ കാറ്ററിംഗ് കമ്പനിയില്‍ അഡ്മിന്‍ വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് മറ്റൊരു കമ്പനിയിലേയ്ക്ക് മാറിയത്. ബഹ്‌റൈന്‍ കേരളീയ സമാജത്തിലെ സജീവ കലാകാരമായിരുന്ന ഇദ്ദേഹം ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ധനായിരുന്നു. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നിരവധി ശില്‍പ്പങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. നാടകങ്ങള്‍ക്ക് വേണ്ടു രംഗ പടങ്ങള്‍ ആയാലും നൃത്തത്തിന്റെ പശ്ചാത്തലം ആയാലും ധര്മരാജന്റെ കൈയ്യൊപ്പ് പതിയാത്ത അരങ്ങുകള്‍ ഉണ്ടായിരുന്നില്ല. ഓരോ പ്രോഗ്രാമുകള്‍ക്കും വേണ്ടുന്ന വിഷ്വല്‍സ് ചെയ്യുന്നതോടൊപ്പം തന്നെ പരിപാടി പൂര്‍ത്തീകരിക്കും വരെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് പരിപാടിയെ വിജയിപ്പിക്കുന്നതിന് ധര്‍മ്മരാജിനുള്ള പാടവം വേറെ തന്നെ ആയിരുന്നു.
രാഷ്ട്രീയമോ ഇതര സംഘടനകളോ ഏതെന്നു പോലും നോക്കാതെ കലയ്ക്കു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ധര്മരാജിനുണ്ടായ ദുര്യോഗത്തില്‍ ബഹ്‌റൈനിലെ പ്രവാസി മലയാളികള്‍ ഒന്നടങ്കം ദുഖിതരാണ്. സാമ്പത്തികമായി ഇതുവരെ ഒന്നും നേടിയിട്ടില്ലാത്ത ധര്മരാജിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി ബഹ്‌റൈന്‍ കേരളീയ സമാജം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടി ഒരു സഹായ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള സമാജം ജനറല്‍സെക്രട്ടറി എം പി രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ജൂണ്‍ 2 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വച്ച് ചേരുന്ന ചികില്‍സാ സഹായ കമ്മിറ്റി യോഗത്തിലേക്ക് എല്ലാവരും എത്തിച്ചേരണമെന്നും സമാജം കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."