മണക്കാട്ടെ സ്‌ഫോടകവസ്തു ശേഖരം; ഒരാള്‍ അറസ്റ്റില്‍
തൊടുപുഴ: മണക്കാട് ഭാഗത്തെ ആള്‍താമസമില്ലാത്ത പുരയിടത്തില്‍ നിന്നും സ്‌ഫോടകവസ്തു ശേഖരം കണ്ടെടുത്ത സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. വയനാട് ചുണ്ടംമാക്കല്‍ മനോജ് രാഘവനെ(45)യാണ് എസ്.ഐ ജോബിന്‍ ആന്റണി അറസ്റ്റ് ചെയ്തത്.
മണക്കാട് ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും 188 ഇലക്ട്രിക് ഡിറ്റണേറ്ററുകളും 41 ജലാറ്റിന്‍ പശയുമാണ് കണ്ടെടുത്തത്. തൊടുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആള്‍താമസമില്ലാത്ത പറമ്പില്‍ ചാക്കില്‍ പൊതിഞ്ഞ് അതിന് മുകളില്‍ പാളയും മറ്റും ഉപയോഗിച്ച് മൂടിയാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. പുരയിടത്തില്‍ കൊക്കോ പറിക്കാനെത്തിയ ആളാണ് പൊലിസിന് സ്‌ഫോടകവസ്തുശേഖരത്തെക്കുറിച്ച് വിവരം നല്‍കിയത്. തുടര്‍ന്ന് പൊലിസ് ഇത് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മണക്കാട് വാടകയ്ക്ക് താമസിക്കുന്നയാളാണ് മനോജ്. സ്‌ഫോടകവസ്തുക്കള്‍ കിണറ്റിലെ പാറപൊട്ടിക്കാന്‍ വാങ്ങി സൂക്ഷിച്ചതാണെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്.
എസ്.ഐ. അബ്ബാസ് റാവുത്തര്‍, സി.പി.ഒ സോണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ ഇന്ന് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."