മാരക എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി മൂന്നുപേര്‍ പിടിയില്‍
തിരുവനന്തപുരം: മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന മാരക എല്‍.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി മൂന്നുപേര്‍ തലസ്ഥാനത്ത് പൊലിസ് പിടിയിലായി. തലസ്ഥാനം കേന്ദ്രീകരിച്ച് ഏറെനാളായി ഡി.ജെ പാര്‍ട്ടികളുടെ സംഘാടകരായി പ്രവര്‍ത്തിച്ചുവന്ന മൂന്നുയുവാക്കളാണ് നൂറിലേറെ ലഹരി സ്റ്റിക്കറുകളുമായി പിടിയിലായത്.
തിരുവനന്തപുരം നഗരത്തില്‍ ഡി.ജെ പാര്‍ട്ടി സംഘം ഇത്തരം മാരക ലഹരി വസ്തുക്കളുമായി ഇതാദ്യമായാണ് പിടിയിലാകുന്നത്.
പിടിയിലായ സംഘത്തെ പൊലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വഞ്ചിയൂര്‍ ഋഷിമംഗലം സ്വദേശി വൈശാഖ് (25), ആര്യനാട് സ്വദേശി അക്ഷയ് (26), കടയ്ക്കാവൂര്‍ സ്വദേശി വൈശാഖ് (23) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കും പിടിച്ചെടുത്തു.
കടയ്ക്കാവൂര്‍ സ്വദേശി വൈശാഖിന്റെ പക്കല്‍ നിന്ന് അമ്പത് സ്റ്റിക്കറും, അക്ഷയുടെ പക്കല്‍ നിന്ന് നാല്പത്തിയഞ്ചും ഋഷിമംഗലം സ്വദേശി വൈശാഖിന്റെ പക്കല്‍ നിന്ന് അഞ്ചും സ്റ്റിക്കറാണ് പിടിച്ചെടുത്തത്. സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അരുള്‍ ബി കൃഷ്ണയുടെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ ബൈജു, കണ്‍ട്രോള്‍റൂം അസി.കമ്മിഷണര്‍ സുരേഷ് കുമാര്‍, നര്‍ക്കോട്ടിക് സെല്‍ അസി.കമ്മിഷണര്‍ ദത്തന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.
ഫേസ് ബുക്ക്, വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും പ്രത്യേക സൈറ്റുകള്‍ വഴിയും ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി തെന്‍മല, പാലോട്, പൊന്‍മുടി തുടങ്ങിയ മലയോരപ്രദേശത്തെ വിജനമായ സ്ഥലങ്ങളിലെത്തിച്ച് ആഘോഷങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തിരുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് സൂചന.
ലഹരി സ്റ്റാമ്പുകളുടെ ഇനത്തില്‍പെട്ടതും ചെറിയ സൈസിലുള്ളതുമായ 100 സ്റ്റിക്കറുകളാണ് ഇപ്പോള്‍ പിടിച്ചത്. ഒരെണ്ണത്തിന് 1500 രൂപ വിലവരുന്ന സ്റ്റിക്കറുകള്‍ ഡിമാന്റനുസരിച്ച് ഇരട്ടിയിലേറെ വിലയ്ക്ക് വരെ പാര്‍ട്ടികളില്‍ വിറ്റഴിക്കാറുണ്ടെന്നാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്.
വിപണിയില്‍ ഇവയ്ക്ക് പരമാവധി രണ്ടുലക്ഷം രൂപയേ വിലയുള്ളുവെങ്കിലും പാര്‍ട്ടികളില്‍ ആവശ്യക്കാരേറുമ്പോള്‍ മോഹവിലയ്ക്കാണ് ഇത് വിറ്റുപോകുന്നത്. അത്തരത്തില്‍ കണക്കാക്കുമ്പോള്‍ ഇതിന് മൂന്നുലക്ഷം രൂപവരെ ലഭിക്കുമെന്നാണ് പൊലിസ് സംഘത്തോട് ഇവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ബംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നുമാണ് ഇവര്‍ സ്റ്റിക്കറുകള്‍ എത്തിക്കുന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."