സമരഭൂമിയില്‍ ഉരുകി തീരുന്ന ആദിവാസി ജീവിതങ്ങള്‍
മേപ്പാടി: മനസ് നിറയെ മോഹങ്ങളും ആഗ്രഹങ്ങളും നിറഞ്ഞപ്പോള്‍ വെന്തുരുകുന്ന വെയിലും മരം കോച്ചുന്ന തണുപ്പും കോരിച്ചൊരിയുന്ന മഴയും ഇവരുടെ സമരാവേശം ഒട്ടും കുറച്ചില്ല. തല ചായ്ക്കാന്‍ സ്വന്തമായൊരു വീട്, കൃഷി ചെയ്യാന്‍ സ്വല്‍പം ഭൂമി ഇതാണ് ഇവരുടെ വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും.
സി.പി.എം നേതൃത്വം കൊടുക്കുന്ന ആദിവാസി കൂട്ടായ്മയായ എ.കെ.എസിന്റെ പിന്‍ബലത്തില്‍ 2013-14 കാലഘട്ടത്തില്‍ മേപ്പാടിയുടെ വിവിധ മേഖലകളില്‍ ഭൂമി കൈയേറി ആദിവാസികള്‍ കുടില്‍ കെട്ടി താമസിച്ച് വരികയാണ്.
ആദ്യമൊക്കെ സമര നേതാക്കള്‍ കുടിലുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ആരും ഈ വഴി തിരിഞ്ഞ് നോക്കുന്നില്ലെന്ന് നെടുമ്പാല കൈയേറ്റ ഭൂമിയിലെ ബാബു പറയുന്നു. ഭൂമി കിട്ടും എന്നു പറഞ്ഞാണ് കൊണ്ടുവന്നത്. ആദ്യമൊക്കെ കുടില്‍ കെട്ടാന്‍ ചെറിയ മരകൊമ്പുകള്‍ വെട്ടി പരുവപ്പെടുത്തിയാണ് കുടിലുകള്‍ നിര്‍മിച്ചത്. ഇപ്പോള്‍ ഒരു മരത്തിന്റെ കൊമ്പ് മുറിച്ചാല്‍ വനംവകുപ്പ് പ്രശ്‌നമുണ്ടാക്കും. പിന്നെങ്ങനെ കുടില്‍ കെട്ടുമെന്നാണ് ബാബു ചോദിക്കുന്നത്.
ഭരണം മാറി മാറി വന്നിട്ടും ഞങ്ങള്‍ക്ക് ഒരു ഗുണവുമില്ല, വരള്‍ച്ച കാരണം ജോലിയുമില്ല, കുടിക്കാന്‍ വെള്ളവുമില്ല. അങ്ങകലെ ഏതെങ്കിലും വീട്ടുകാരുടെ കാരുണ്യത്താല്‍ രണ്ട് പാത്രങ്ങളില്‍ ലഭിക്കുന്ന വെള്ളമാണ് ഇവരുടെ ജീവിതം മുന്നോട്ട് നയിക്കുന്നത്.
നാലുകാലില്‍ പ്ലാസ്റ്റിക്ക് വലിച്ചുകെട്ടിയാണ് ഈ കുടുംബം സമരഭൂമിയില്‍ കഴിയുന്നത്. ഇത് ഒരു കുടുംബത്തിന്റെ മാത്രം കഥയല്ല. മിക്ക കുടുംബങ്ങളുടെയും സ്ഥിതി ഇങ്ങനെന്നെയാണ്. ഇവര്‍ക്ക് പോകാന്‍ ഇനി മറ്റൊരിടമില്ല.
വിവിധ കോളനികളില്‍ ഒരുവീട്ടില്‍ മൂന്നും നാലും കുടുംബമായി കഴിഞ്ഞിരുന്നവരാണ് സ്വന്തമായി ഒരുതുണ്ടു ഭൂമിക്ക് വേണ്ടി ദുരിതം അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."