വഴിപാടായി സ്‌കൂള്‍ പരിശോധന ആഷിഖ് അലി ഇബ്രാഹിം
മുക്കം: ഡി.ഡി.ഇ, എ.ഇ.ഒമാരുടെ സ്‌കൂള്‍ പരിശോധന സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപം. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ നടക്കുമ്പോഴും കൃത്യമായ പരിശോധനകളുടെ അഭാവം നിലവാരമുള്ള വിദ്യാഭ്യാസം ഇല്ലാതാക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം സെക്കന്‍ഡറി, ട്രെയിനിങ്, സ്‌പെഷല്‍ സ്‌കൂളുകള്‍ എന്നിവയുടെ ഭരണപരമായും പരിശോധനപരമായുമുള്ള ചുമതലകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടക്കേണ്ടത്. ലോവര്‍, അപ്പര്‍ പ്രൈമറി സ്‌കൂളുകളുടെ നിയന്ത്രണം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരിലും നിക്ഷിപ്തമാണ്. എന്നാല്‍, സ്‌കൂളുകളുടെ ദൈനംദിന കാര്യങ്ങളില്‍ പോലും കൃത്യമായി ഇടപെട്ട് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും എല്ലാം പേരിനു മാത്രമാണ് നടക്കുന്നത്.
വര്‍ഷത്തിലൊരിക്കലെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കീഴിലുള്ള സ്‌കൂളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് കൃത്യമായി നടക്കുന്നില്ലെന്നും ചടങ്ങുമാത്രമായി ഇതിനെ ഉദ്യോഗസ്ഥര്‍ മാറ്റിയതായും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ തന്നെ പറയുന്നു. കെ.ഇ.ആര്‍ ചട്ടമനുസരിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന വിഷയങ്ങളെ സംബന്ധിച്ചും പഠിപ്പിക്കുന്ന രീതിയെ സംബന്ധിച്ചും അറിവുണ്ടായിരിക്കുക, സ്‌കൂള്‍ ഭരണം, ബോധനം, അച്ചടക്കം, വിദ്യാഭ്യാസ ഉപകരണങ്ങള്‍, ലൈബ്രറി, കെട്ടിട സൗകര്യം, പാഠ്യേതര വിഷയങ്ങള്‍, ഒഴിവു ദിവസങ്ങളുടെ വിനിയോഗം എന്നീ കാര്യങ്ങളില്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുക, സ്‌കൂളുകളിലെ അനുകരണീയ മാതൃകകള്‍ കണ്ടെത്തി മറ്റു സ്‌കൂളുകളില്‍ നടപ്പിലാക്കുക, കേരള വിദ്യാഭ്യാസ നിയമങ്ങള്‍ അനുസരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുക, അധ്യാപനത്തിന്റെ മേന്മയും അച്ചടക്കവും പരിശോധിക്കുക, കുട്ടികളുടെ പഠനിലവാരവും അവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരവും പരിശോധിക്കുക തുടങ്ങിയവ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ ചുമതലകളാണ്.
കൂടാതെ സൗജന്യ വിദ്യാഭ്യാസ അവകാശ നിയമ ചട്ടങ്ങള്‍ പ്രകാരം വര്‍ഷത്തിലൊരിക്കലെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അക്കാദമിക നിലവാരം മോണിറ്റര്‍ ചെയ്യുകയും തെറ്റുകുറ്റങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തെ മിക്ക ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും നടത്തുന്ന ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 'സ്‌കൂള്‍ പരിശോധന കാര്യക്ഷമമായി നടക്കുന്നില്ല' എന്ന പ്രതികൂല പരാമര്‍ശം അക്കൗണ്ട് ജനറല്‍ എഴുതാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ഇതിനൊരു മാറ്റം ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."