'നോര്‍ക്ക സഹായം നിഷേധിച്ചത് അനീതി': പ്രവാസികളുടെ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളിയതിന്റെ കാരണം വ്യക്തമാക്കണം
മനാമ: കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കാരണം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരസഹായമായി പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷയില്‍ മുക്കാൽ ലക്ഷത്തോളം അപേക്ഷകള്‍ തള്ളിയ നടപടി ദുരൂഹമാണെന്നും ഇത്രയും അപേക്ഷകള്‍ തള്ളാനിടയായ സാഹചര്യം നോര്‍ക്ക വ്യക്തമാക്കണമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഏറെ പ്രതീക്ഷയോടെയാണ് ദുരിതത്തിലായ പ്രവാസികള്‍ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചത്.
ഇക്കാര്യം പരിഗണിക്കാതെയാണ് ഇത്രയുമധികം അപേക്ഷകള്‍ നോര്‍ക്ക ഒറ്റയടിക്ക് തള്ളിയത്. ഏതാനും അപേക്ഷകളാണ് തള്ളിയതെങ്കില്‍ അപേക്ഷാ സമര്‍പ്പണത്തില്‍ വന്ന വീഴ്ചയാണെന്ന് കരുതാമായിരുന്നു. എന്നാല്‍ കാരണം പോലും വ്യക്തമാക്കാതെയുള്ള നോര്‍ക്കയുടെ നടപടി വിശ്വാസയോഗ്യമല്ലെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വിസകളുടെ സ്വഭാവവും ധനസഹായത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുന്നുണ്ടെന്നാണ് നോര്‍ക്ക ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിയുന്നത്. ഇത് പ്രവാസികള്‍ക്കിടയില്‍ തന്നെ വേര്‍തിരിവുണ്ടാക്കുന്ന തീരുമാനമാണ്. പലരും ഗൾഫ് നാടുകളിൽ വിത്യസ്ത വിസയിൽ എത്തിയാണ് ജോലി ചെയ്യുന്നത്. ഇത്തരമാളുകള്‍ക്ക് ധനസഹായം നിഷേധിക്കുന്നത് അനീതിയാണ്. പ്രയാസങ്ങളും കഷ്ടപ്പാടുകളും മനസ്സിലാക്കിയിട്ടും പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക തന്നെ ഇത്തരത്തില്‍ സുതാര്യമല്ലാത്ത നടപടികള്‍ സ്വീകരിക്കരുത്. ഏറെ പ്രതീക്ഷയോടെ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും ധനസഹായം ലഭ്യമാക്കണമെന്നും അതുവരെ കെ.എം.സി.സി ഈ വിഷയത്തില്‍ ശബ്ദമുയര്‍ത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."