നമുക്ക് വേണ്ടത് മികവിന്റെ പാഠങ്ങള്‍
ഒരു കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പൂര്‍ണമായും പരിശോധിച്ചശേഷമല്ലേ അത് അംഗീകരിക്കാവുന്നതാണോ അല്ലയോ എന്നു തീരുമാനിക്കാനാകൂ. അതാണ് ശരിയായ രീതി. എന്നാല്‍, വിദ്യാഭ്യാസരംഗം അഴിച്ചുപണിയാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഖാദര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി വരുംമുമ്പ് ആദ്യഭാഗത്തെ ചില ശുപാര്‍ശകള്‍ നടപ്പാക്കി വിദ്യാഭ്യാസമേഖലയെ അനിശ്ചിതത്വത്തിലേക്കും സംഘര്‍ഷത്തിലേക്കും തള്ളിവിട്ടിരിക്കുകയാണു സര്‍ക്കാര്‍.
റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം കൈയില്‍ കിട്ടിയപ്പോള്‍ത്തന്നെ ഭരണപക്ഷ അധ്യാപകസംഘടനയായ കെ.എസ്.ടി.എ പറയുന്നതനുസരിച്ചു രാഷ്ട്രീയ ലക്ഷ്യത്തോടെ റിപ്പോര്‍ട്ടിലെ അഞ്ചോ ആറോ പോയിന്റുകള്‍ ധൃതിപിടിച്ചു നടപ്പാക്കുകയാണു ചെയ്തത്. വിദ്യാഭ്യാസ പരിഷ്‌കരണം സങ്കുചിത രാഷ്ട്രീയലക്ഷ്യത്തോടെ നടപ്പിലാക്കുന്നത് ഹീനമാണ്. വിദ്യാര്‍ഥികളോടും സമൂഹത്തോടും ചെയ്യുന്ന പാതകവുമാണ്.
പ്രീപ്രൈമറി മുതല്‍ പ്ലസ് ടുവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന പരിഷ്‌കരണം നടപ്പാക്കുന്നതിനു മുമ്പ് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ബന്ധപ്പെട്ട സംഘടനകളുടെയും യോഗം വിളിച്ച് അഭിപ്രായം ആരായേണ്ടതായിരുന്നു. അതിനു സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നതു ഖേദകരമാണ്. സമൂഹത്തെ ബാധിക്കുന്ന ഇത്തരത്തിലുള്ള വലിയ നീക്കം നടത്തുമ്പോള്‍ ആദ്യം അറിയിക്കേണ്ടതു പ്രതിപക്ഷത്തെയും പ്രതിപക്ഷ അധ്യാപക സംഘടനകളെയുമാണ്.
കാതലായ അഴിച്ചുപണി ലക്ഷ്യമിട്ട് മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ സംസാരിക്കുന്നത് ഏകീകരണത്തെക്കുറിച്ചാണ്. വിദ്യാഭ്യാസ വകുപ്പിനെ പോലും രണ്ടു മന്ത്രിമാര്‍ക്കായി വിഭജിച്ചുകൊടുത്ത് വികേന്ദ്രീകരണം നടത്തിയ സര്‍ക്കാര്‍ ഇവിടെ ഏകീകരണത്തെക്കുറിച്ച് ആലോചിക്കുന്നത് തന്നെ വിരോധാഭാസമാണ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ആത്യന്തികമായി ഉണ്ടാകാന്‍ പോകുന്നത് വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തകര്‍ച്ചയാണ്. കഴിഞ്ഞ 28 വര്‍ഷമായി അക്കാദമിക് ഗുണമേന്മയോടും ഭരണകാര്യക്ഷമതയോടും കൂടി പ്രവര്‍ത്തിച്ച് പൊതുവിദ്യാഭ്യാസമേഖലയ്ക്ക് അഭിമാനമായി മാറിക്കഴിഞ്ഞ ഹയര്‍സെക്കന്‍ഡറി വകുപ്പിനെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുമായി ലയിപ്പിച്ച് ഡയരക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷന്റെ ഭാഗമാക്കുന്നത് ഹയര്‍ സെക്കന്‍ഡറിയുടെ ഗുണനിലവാരത്തകര്‍ച്ചയ്ക്കായിരിക്കും വഴി വയ്ക്കുക. 10+2+3 എന്ന ദേശീയ വിദ്യാഭ്യാസ നയത്തെ 5+3+3+4 ആക്കി പൊളിച്ചടുക്കാന്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനിടയിലാണ് കേരളത്തില്‍ മറ്റൊരു പരിഷ്‌കാരം വരുന്നത്. രണ്ടും കൂടി ഉണ്ടാക്കുന്ന ആശയക്കുഴപ്പം ചെറുതല്ല.
ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്ന ഹയര്‍ സെക്കന്‍ഡറിയെ സ്‌കൂളിലേക്ക് പറിച്ചുനടുമ്പോള്‍ സര്‍ക്കാരിനു മുന്നില്‍ ഉണ്ടായിരുന്നത് കൂടുതല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് നല്‍കുക എന്നതായിരുന്നു. അതുകൊണ്ടു തന്നെ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ യോഗ്യതയും അതനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ പി.ജി, ബി.എഡ്, സെറ്റ്, നെറ്റ്, എം.ഫില്‍, പി.എച്ച്ഡി എന്നിങ്ങനെയുള്ള ബിരുദങ്ങളുള്ള അധ്യാപകരാണ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെ നിന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ ഗുണനിലവാരവും മികച്ചതാണ്. അതിനു കടകവിരുദ്ധമായി ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ യോഗ്യതയില്‍ ഇളവു വരുത്തുന്നത് ഈ മേഖലയെ ദോഷകരമായി ബാധിക്കും. എന്‍.സി.ആര്‍.ടി.സി സിലബസ് ലഘൂകരിക്കാനും ശാസ്ത്ര വിഷയങ്ങളിലടക്കമുള്ള പാഠപുസ്തകങ്ങള്‍ മലയാളവല്‍ക്കരിക്കാനുമുള്ള നീക്കം അത്യന്തം അപകടകരമാണ്. ദേശീയതലത്തില്‍ മത്സരപ്പരീക്ഷകളില്‍ നമ്മുടെ കുട്ടികള്‍ പിന്നാക്കം പോകാന്‍ ഇത് ഇടയാക്കും. ഐ.ഐ.ടികള്‍ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാജ്യത്തെ പ്രശസ്തമായ കലാലയങ്ങളിലും സര്‍വകലാശാലകളിലും ഉപരിപഠനം നടത്തുന്നതിനായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും അന്യസംസ്ഥാനങ്ങളിലേക്കു പോകുന്നത്. ഇവരെ ശാസ്ത്രവിഷയങ്ങള്‍ അടക്കം മലയാളത്തില്‍ പഠിപ്പിച്ചു വിട്ടാല്‍ എന്താവും അവസ്ഥ.
40ല്‍ പരം വിഷയങ്ങളിലാണ് ഹയര്‍സെക്കന്‍ഡറിയില്‍ ഇപ്പോള്‍ പരീക്ഷകള്‍ നടക്കുന്നത്. ഇതിന്റെ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവുമെല്ലാം ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ തന്നെ സമയബന്ധിതമായും പരാതിരഹിതവുമായി നടത്താനും ഹയര്‍സെക്കന്‍ഡറി വകുപ്പിനായി. ഈ പരീക്ഷകളെയെല്ലാം ഏകീകരിക്കാനുള്ള നിര്‍ദേശവും ഖാദര്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നുണ്ടായത് ആവശ്യമായ ചിന്ത കൂടാതെയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ഏതെങ്കിലും ഒരു ശുപാര്‍ശ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗത്ത് കാണുന്നില്ല. വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചാഘട്ടങ്ങള്‍ തിരസ്‌കരിച്ചുകൊണ്ടുള്ള അശാസ്ത്രീയമായ സ്‌കൂള്‍ ഘടനാ പരിഷ്‌കരണം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള ഘടനാമാറ്റം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വളരെയേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ള വിദഗ്ധാഭിപ്രായവും നിലനില്‍ക്കുന്നു.
ദേശീയതലത്തില്‍ കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടാണ് വിദ്യാഭ്യാസരംഗത്ത് ഇതുവരെ പിന്തുടരുന്ന ആധികാരികമായ റിപ്പോര്‍ട്ട്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടും കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ടും പരസ്പര വിരുദ്ധമായി നില്‍ക്കുന്നത് ഗൗരവമായ പ്രശ്‌നമാണ്. കലാ,കായിക അധ്യാപക നിയമനത്തിലെ ക്ലസ്റ്റര്‍ സംവിധാനം വിദ്യാഭ്യാസ അവകാശ നിയമം 2009ന്റെ നഗ്‌നമായ ലംഘനമാണ്. ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ വിദ്യാഭ്യാസ മേഖലയില്‍ നിയമന നിരോധനം ഉണ്ടാകുമെന്ന് വിദഗ്ധന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സ്‌കൂളില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാവുകയാണ്. അവര്‍ തമ്മിലുള്ള അധികാര വടംവലി സ്ഥിതി സങ്കീര്‍ണമാക്കും. വി.എച്ച്.എസ്.സിയെ ഇല്ലാതാക്കുന്നതിനു പകരം കോഴ്‌സുകള്‍ ആരംഭിച്ച് ആകര്‍ഷകമാക്കുയാണു വേണ്ടത്. ഭാഷാ അധ്യാപകരുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് ഒരു ശുപാര്‍ശയും റിപ്പോര്‍ട്ടിലില്ല. വിദ്യാര്‍ഥികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള കാര്യങ്ങളും വിദ്യാര്‍ഥി- അധ്യാപക അനുപാതത്തെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നില്ല. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ പഠിപ്പിക്കുന്ന 99 ശതമാനം അധ്യാപകരെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഈ പരിഷ്‌കാരം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ശമ്പളക്കമ്മിഷന്‍ നിശ്ചയിക്കേണ്ട ശമ്പള പരിഷ്‌കരണം ഈ കമ്മിറ്റി നിര്‍ദേശിക്കുന്നതെങ്ങനെയെന്ന ചോദ്യവും നിലനില്‍ക്കുന്നു.
വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ പ്രതിപക്ഷം എതിരല്ല. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തില്‍ വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തണം. പക്ഷെ ഇവിടെ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിഷ്‌കരണമാണ് നടത്തുന്നത്. വിദ്യാഭ്യാസ രംഗത്തെ പുഷ്ടിപ്പെടുത്താനല്ല, തങ്ങളുടെ അധ്യാപക സംഘടനയുടെ ഇംഗിതം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും മാനേജ്‌മെന്റുകളും പൊതുസമൂഹവും എതിര്‍ത്തിട്ടും ഒരു ചര്‍ച്ച പോലും കൂടാതെ ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ ദുരുദ്ദേശവും ധാര്‍ഷ്ട്യവുമാണ് തെളിഞ്ഞു കാണുന്നത്.
ഖാദര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.
1. 28 വര്‍ഷത്തോളം അക്കാദമിക് ഗുണമേന്മയോടും ഭരണകാര്യക്ഷമതയോടും പ്രവര്‍ത്തിച്ചു വരുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പിനെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുമായി ലയിപ്പിച്ച് (ഡി.പി.ഐ) ഡയരക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷന്റെ (ഡി.ജി.ഇ) ഭാഗമാക്കുന്നത് ഹയര്‍ സെക്കന്‍ഡറിയുടെ ഗുണനിലവാരത്തകര്‍ച്ചയ്ക്കു കാരണമാകുമെന്ന വസ്തുത സര്‍ക്കാര്‍ പഠന വിധേയമാക്കിയിട്ടുണ്ടോ
2. ദേശീയ വിദ്യാഭ്യാസ നയം ഒരു വഴിയിലൂടെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന വിദ്യാഭ്യാസ രംഗം മറ്റൊരു വഴിയിലൂടെ സംസ്ഥാന സര്‍ക്കാരും അഴിച്ചുപണിയുമ്പോള്‍ ഉണ്ടാവുന്ന ആശയക്കുഴപ്പം എങ്ങനെ മറികടക്കും
3. നിലവിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ യോഗ്യത ഇളവ് നിര്‍ദേശം ആ മേഖലയെ തകര്‍ക്കില്ലേ
4. പരീക്ഷകളുടെ ഏകീകരണം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കില്ലേ
5. എന്‍.സി.ആര്‍.ടി.സി സിലബസ് ലഘൂകരിക്കുന്നതും പാഠപുസ്തകങ്ങള്‍ മലയാളത്തിലാക്കുന്നതും ദേശീയ തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടിക്കു കാരണമാകും. നമ്മുടെ വിദ്യാര്‍ഥികള്‍ പിന്നാക്കം പോകണമെന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്
6. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം എന്ന് പുറത്തുവരും
7. വിദ്യാഭ്യാസമേഖലയുടെ വികേന്ദ്രീകരണത്തിന് പകരം ഏകീകരണം ഗുണനിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകില്ലേ
8. വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചാഘട്ടങ്ങള്‍ തിരസ്‌കരിച്ചുകൊണ്ടുള്ള അശാസ്ത്രീയമായ സ്‌കൂള്‍ ഘടനാ ഏകീകരണം ഗുണത്തേക്കാള്‍ ഏറെ ദോഷമല്ലേ ഉണ്ടാക്കുക
9. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായ തരത്തിലുള്ള ഘടനാമാറ്റം മറ്റ് സംസ്ഥാനങ്ങളിലേക്ക് പഠനത്തിന് പോകുന്ന വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കില്ലേ
10. ഡോ. ഡി.എസ് കോത്താരി റിപ്പോര്‍ട്ടും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടും തമ്മിലുള്ള വലിയ വൈരുധ്യം എങ്ങനെ മറികടക്കും
11. കലാ,കായിക അധ്യാപകനിയമനത്തിലെ ക്ലസ്റ്റര്‍ സംവിധാനം വിദ്യാഭ്യാസ അവകാശ നിയമം 2009ന്റെ ലംഘനമാണ്. ഇതു പരിശോധിക്കുമോ
12. നിയമന നിരോധനം ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസമേഖലയില്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ യാഥാര്‍ഥ്യമുണ്ടോ
13. ഒരു സ്‌കൂളില്‍ 2 അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കും നയിക്കും. ഇത് പഠനവിധേയമാക്കിയിട്ടുണ്ടോ
14. പ്രൈമറി വിദ്യാഭ്യാസത്തിന്റെയും ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു പ്രത്യേകം ഡയരക്ടറേറ്റുകള്‍ ഉണ്ടാക്കുന്നതിനു പകരം ഇവയെ ഏകീകരിക്കുന്നത് ഒട്ടും ഗുണകരമാവില്ല എന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടോ
15. എന്‍.എസ്.ക്യൂ.എഫ് നടപ്പാക്കുന്നു എന്ന പേരില്‍ വി.എച്ച്.എസ്.സി ഇല്ലാതാക്കുന്നതിനുപകരം അതിനെ കൂടുതല്‍ ശാക്തീകരിച്ച് പുത്തന്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിച്ച് കൂടുതല്‍ ആകര്‍ഷകമാക്കുകയല്ലേ വേണ്ടത്
16. ഭാഷാ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടിനകത്തില്ല എന്നു മാത്രമല്ല, പുതുതായി പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിലവിലുള്ള നിയമനരീതി തുടരുന്നില്ല എന്ന ആശങ്ക അധ്യാപകര്‍ക്കുണ്ട്. ഇതു പരിഹരിക്കുമോ
17. വിദ്യാര്‍ഥികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളും ഒപ്പം അധ്യാപക വിദ്യാര്‍ഥി അനുപാതവും ഒന്നും തന്നെ നിലവിലുള്ള റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കാത്തത് എന്തുകൊണ്ട്
18. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ പഠിപ്പിക്കുന്ന 99 ശതമാനം അധ്യാപകരെയും മുള്‍മുനിയില്‍ നിര്‍ത്തി ഇടതുപക്ഷ അധ്യാപകസംഘടനയായ കെ.എസ്.ടി.എയ്ക്കു വേണ്ടി മാത്രം ഒരു വിദ്യാഭ്യാസ കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത് ഉചിതമാണോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."