നീതിക്കു നേരെ കണ്ണടയ്ക്കുന്ന ഭരണകൂടങ്ങള്‍
ഉത്തര്‍പ്രദേശില്‍ നിന്നും ദിനംപ്രതി വരുന്ന പീഡന വാര്‍ത്തകളോട് ബി.ജെ.പി നേതാക്കള്‍ പ്രതികരിക്കുന്നത് പഞ്ചാബിലെയും രാജസ്ഥാനിലെയും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്. പഞ്ചാബിലേക്ക് മാര്‍ച്ച് നടത്താന്‍ ഉപദേശിച്ച ജാവ്‌ഡേക്കറോട് രാഹുല്‍ ഗാന്ധി പ്രതിവചിച്ചത് ഇരകളോടും കുടുംബത്തോടും യു.പി മോഡല്‍ അന്യായം കാണിച്ചാല്‍ അവിടേക്കും പ്രതിഷേധം നയിക്കും എന്നായിരുന്നു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ദലിത് പീഡനവുമൊക്കെ പുതിയ വാര്‍ത്തകളല്ലെങ്കിലും ഇരയ്ക്കും കുടുംബത്തിനും നീതി ലഭ്യമാക്കുന്നതിനു പകരം കടുത്ത പ്രതികാര നടപടികളിലൂടെ ചിത്രവധം ചെയ്യുന്ന രീതി അമ്പരപ്പിക്കുന്നതാണ്. മാനം കവര്‍ന്ന് കശേരുക്കളും ഇടുപ്പെല്ലും സുഷുമ്‌നാ നാഡിയും തകര്‍ത്ത് കൊന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് വീട്ടുകാരെ ബന്ദികളാക്കി പൊലിസ് ചുട്ടെരിച്ചത്. അവസാനമായി ബലാത്സംഗം നടന്നില്ല എന്ന വാദം മുന്‍നിര്‍ത്തി വീട്ടുകാരെ നാര്‍ക്കോ അനാലിസിസിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയരാക്കുകയാണ്. അത്യധികം സഹതാപം അര്‍ഹിക്കുന്ന ഒരു ഇരയ്ക്കു നേരെ ഇത്രമേല്‍ അന്യായം പ്രവര്‍ത്തിച്ചുപോരുന്ന ഒരു സര്‍ക്കാര്‍ പരിഷ്‌കൃത ലോകത്തിന് അവിശ്വസനീയത ഉയര്‍ത്തുകയാണ്.
ആരോഗ്യകരമായ വിമര്‍ശനങ്ങളെയും റിപ്പോര്‍ട്ടിങ്ങിനെയും വിലക്കുക എന്നത് സര്‍ക്കാര്‍ നയമായി മാറിക്കഴിഞ്ഞു. ഹത്രാസുള്‍പ്പടെ എവിടെയും തങ്ങളുടെ നിലപാടുകള്‍ക്ക് നേരെ ഉയരുന്ന വാക്കുകളും വിമര്‍ശനങ്ങളും വലിയ അസഹിഷ്ണുതയോടെ സമീപിക്കപ്പെടുന്നു. സര്‍ക്കാര്‍ നിയമങ്ങളെയും നയങ്ങളെയും ജനാധിപത്യ രീതിയില്‍ എതിര്‍ക്കുയും പ്രതിഷേധിക്കുകയും ചെയ്യുന്ന വ്യക്തികളും സംഘടനകളും പകപോക്കലിന് വിധേയരാവുകയാണ്. പൗരത്വ നിയമ പ്രതിഷേധത്തിന്റെ പേരില്‍ ഡസനിലധികം പേര്‍ കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് ജയിലഴികളികള്‍ക്കുള്ളിലായി. സര്‍ക്കാര്‍ നിയമങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുക എന്നത് രാജ്യദ്രോഹവും ഭരണാധികാരികളോടുള്ള വിയോജിപ്പ് ജാമ്യമില്ലാത്ത കുറ്റവുമായി മാറി. സിവിലിയന്‍മാര്‍ക്കു പുറമെ പത്രപ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെടുന്നു. ഭയപ്പെടുത്തി വശപ്പെടുത്തുക എന്ന കാര്‍ക്കശ്യം ഇന്ത്യയുടെ ജനാധിപത്യ സാര്‍വലൗകികതയുടെ മേല്‍ കരിമ്പടം പുതച്ചിരിക്കുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യം പ്രാഥമികമായി കുടികൊള്ളുന്നത് പത്രസ്വാതന്ത്ര്യത്തിലാണ് എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു വിശ്വസിച്ചിരുന്നത്. ജനാധിപത്യം പ്രായോഗിക തലത്തില്‍ പൂര്‍ണത പ്രാപിക്കുന്ന വേളയായാണ് അദ്ദേഹം പത്രസമ്മേളനത്തെ എണ്ണിയിരുന്നത്. മണിക്കൂറുകള്‍ നീളുന്ന നെഹ്‌റുവിന്റെ വാചക സദ്യയെ പരസ്പര ബഹുമാനത്തിന്റെയും അക്കാദമിക മികവിന്റെയും ഉരകല്ലായി ലോകം വിലയിരുത്തിയിരുന്നു. പണ്ഡിറ്റ്ജിയുടെ ഇന്ത്യ ഇന്ന് പത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു പാരീസ് ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ 142ാം സ്ഥാനത്താണ്. പട്ടാള ഭരണവും ഏകാധിപത്യവും കൊടികുത്തി വാഴുന്ന 38 രാഷ്ട്രങ്ങള്‍ മാത്രമാണ് നമുക്ക് പിറകിലുള്ളത്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ആകേണ്ട മാധ്യമ ലോകത്തെ തങ്ങളുടെ പാവകളായി പ്രതിഷ്ഠിക്കുന്ന പുതിയ രാഷ്ട്രീയ സംസ്‌കാരം ഇന്ത്യയില്‍ വേരുകളാഴ്ത്തിക്കഴിഞ്ഞിരിക്കുന്നു.
റൈറ്റ്‌സ് ഫോര്‍ റിസ്‌ക് അനാലിസിസ് ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം കൊവിഡ് കാലത്ത് റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പ്രതികാര നടപടികളുടെ കാര്യത്തില്‍ ഇന്ത്യ മുന്നിലാണ്. ജൂണില്‍ പ്രസിദ്ധീകരിച്ച പാദ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത 55 കേസുകളില്‍ 11 ഉം ഉത്തര്‍പ്രദേശിലാണ്. ഭരണകൂട വീഴ്ചകള്‍ ശ്രദ്ധയില്‍ പെടുത്തുന്ന മാധ്യമപ്രവര്‍ത്തകരെ പ്രതികാര ബുദ്ധിയോടെ നേരിടുന്ന നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. യു.പിയില്‍ സിതാപുര്‍ ജില്ലയിലെ മെഹ്‌റോളിയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ അഴുകിയ ഭക്ഷണം നല്‍കിയതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറം ലോകത്തെത്തിച്ചതിന് ടുഡേ 24 ലേഖകനായ രവീന്ദര്‍ സക്‌സേനക്കെതിരേ ദലിത് അതിക്രമ വിരുദ്ധ നിയമമനുസരിച്ചാണ് കേസെടുത്തത്. വാരണാസിയിലെ സാധാരണക്കാര്‍ ലോക്ക്ഡൗണ്‍ കാലത്തനുഭവിക്കുന്ന ദുരിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് സ്‌ക്രോള്‍ ന്യൂസ് പോര്‍ട്ടലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സുപ്രിയ ശര്‍മ്മക്കെതിരേ ഐ.പി.സി 501, 209 പ്രകാരം യു.പി. പൊലിസ് കേസെടുക്കുകയുണ്ടായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരേ യു.പിയില്‍ കേസ് ചാര്‍ജ് ചെയ്തത് ലോക്ക്ഡൗണ്‍ ലംഘിച്ചു യു.പി മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തുവെന്ന അഭിപ്രായം പങ്കുവച്ചതിനായിരുന്നു. പ്രശാന്ത് കനോജിയ അറസ്റ്റ് ചെയ്യപ്പെട്ടത് യോഗി ആദിത്യനാഥിനെയും നരേന്ദ്രമോദിയെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ്. കനോജിയ ഒരു വര്‍ഷം മുമ്പും പൊലിസ് പകപോക്കലിനിരയായിട്ടുണ്ട്. പ്രണയ ദിനത്തിനും പ്രണേതാക്കള്‍ക്കുമായി 'ഇഷ്‌ക് ചുപ്താ നഹീ, ചുപാനേ സെ യോഗി ജീ' എന്ന ട്വീറ്റ് ചെയ്തതിന്റെ പേരിലായിരുന്നുവത്. കൊവിഡിന്റെ മുമ്പും യു.പിയില്‍ നിരവധി തവണ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാന അനുഭവമുണ്ടായിട്ടുണ്ട്. 2019 സെപ്റ്റംബറില്‍ മിര്‍സാപൂറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണമായി റൊട്ടിയുടെ കൂടെ ഉപ്പ് കഴിക്കുന്ന വാര്‍ത്ത പുറംലോകത്തെത്തിച്ച ജനസന്ദേശ് ടൈംസിലെ പവന്‍ ജയ്‌സ്വാളും വാരണാസിയിലെ ദലിത് ഉപവിഭാഗമായ മുഷാഹര്‍ വിഭാഗം പട്ടിണി കൊണ്ട് പുല്ല് തിന്നുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ജനസന്ദേശ് ടൈംസിലെ തന്നെ വിജയ് വിനീതും മനീഷ് മിശ്രയും സര്‍ക്കാരിന്റെ പകപോക്കലിനിരയായ വലിയ പട്ടികയിലെ ചില പേരുകള്‍ മാത്രമാണ്.
ഹത്രാസിലേക്കുള്ള യാത്രാമധ്യേ മഥുരയില്‍വച്ച് യു.പി പൊലിസ് അറസ്റ്റ് ചെയ്ത കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പനാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ ഇരയായിരിക്കുന്നത്. ഹത്രാസ് പെണ്‍കുട്ടിക്ക് നീതി നല്‍കുക എന്ന ലഘുലേഖ വാഹനത്തില്‍നിന്നു കണ്ടെടുത്തു എന്നതാണ് ചാര്‍ജുകള്‍ക്ക് കാരണമായി പറയപ്പെടുന്നത്. വക്കാലത്ത് ഒപ്പിടുവിക്കാന്‍ അഭിഭാഷകന് പോലും സന്ദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സമൂഹത്തില്‍ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്ന പത്രപ്രവര്‍ത്തകരോടുള്ള മനോഭാവം ഇത്തരത്തിലാവുമ്പോള്‍ സാധാരണക്കാര്‍ ചെറുവിരലനക്കാന്‍ പോലും ഗതിയില്ലാതെ, നിയമ പോരാട്ടങ്ങള്‍ക്ക് വഴിയില്ലാതെ തങ്ങളുടെ ദുര്‍ഗതിയെ പഴിച്ച് ജയിലറക്കുള്ളില്‍ ജീവിതം ഹോമിക്കുകയാണ്.
അധികാരത്തിന്റെ അനിയന്ത്രിതമായ പ്രയോഗം സൃഷ്ടിക്കുന്ന അപ്രമാദിത്തം പല സംസ്ഥാനങ്ങളും മാതൃകയാക്കുന്ന ദുര്യോഗവും സമീപകാല ഇന്ത്യയുടെ പ്രത്യേകതയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കു പ്രകാരം രാജ്യദ്രോഹം ചുമത്തിയ കേസുകളില്‍ 165 ശതമാനത്തിന്റെയും, യു.എ.പി.എ കേസുകളില്‍ 33 ശതമാനത്തിന്റെയും വര്‍ധന കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മാത്രം 120 പേരാണ് യു.പിയില്‍ മാത്രം എന്‍കൗണ്ടറുകളിലൂടെ കൊല്ലപ്പെട്ടത്. താരതമ്യേന മാവോവാദികള്‍ക്ക് ദുര്‍ബലമായ സാന്നിധ്യം മാത്രമുള്ള കേരളത്തില്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് ഏഴു പേരാണ് നക്‌സല്‍ മുദ്ര പേറി ഏറ്റുമുട്ടല്‍ കൊലക്കിരയായത്. നിലമ്പൂരില്‍ രണ്ടും വൈത്തിരിയില്‍ ഒന്നും അട്ടപ്പാടിയില്‍ നാലു പേരും വധിക്കപ്പെട്ടു. 2019 ജൂണില്‍ പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം നൂറിലധികം പേര്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തില്‍ കേസ് നേരിടുന്നുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 26 പേരും സര്‍ക്കാര്‍തല നടപടി നേരിട്ട ഉദ്യോഗസ്ഥരും മറ്റ് മന്ത്രിമാരെ ആക്ഷേപിച്ചുവെന്ന പേരിലുള്ള കേസുകളും ഇതിനു പുറമെയാണ്.
ലോകമെങ്ങുമുള്ള ജനാധിപത്യ ആരാധകരുടെ സ്വപ്ന ഭൂവായിരുന്ന ഇന്ത്യ നേരിടുന്ന സമാനതകളില്ലാത്ത അപചയം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. മതവും വര്‍ഗീയതയും എല്ലാ കാതലായ വിഷയങ്ങളെയും എരിയിച്ചുകളയാന്‍ ശേഷിയുള്ളതാണെന്ന അമിത ആത്മവിശ്വാസമാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെ നയിക്കുന്നത്. വ്യക്തിഗത മികവും മികച്ച ഭൂതകാലവും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മാനദണ്ഡമാകുന്ന പതിവു രീതി അവസാനിപ്പിക്കുന്നതില്‍ ബി.ജെ.പി ഇന്ത്യയില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. മതേതരവാദികളായി പരിഗണിച്ചുപോരുന്ന പല നേതാക്കളും തങ്ങളുടെ ആയുഷ് കാലത്ത് അധികാരവും ഭരണവും ആസ്വദിക്കുന്നതിനായി വഴിവിട്ട നീക്കങ്ങള്‍ ആശാസ്യമായി കാണുകയും ദീര്‍ഘകാല രാഷ്ട്രീയ സംസ്ഥാപനങ്ങളെ അവഗണിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ ശരി നടത്തങ്ങള്‍ കൂടുതല്‍ ആയാസകരമായ ദൗത്യമായി മാറുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."