ചുമട്ടു തൊഴിലാളി സമരം ഉടന്‍ തീര്‍പ്പാക്കണമെന്ന് കയറ്റുമതി സംഘടനകള്‍
കൊച്ചി: ഹെഡ് ലോഡ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡ് പെരുന്നാള്‍ അഡ്വാന്‍സ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളികള്‍ നടത്തുന്ന സമരം ഉടന്‍ തീര്‍പ്പാക്കണമെന്ന് കയറ്റുമതി സംഘടനകള്‍ ആവശ്യപ്പെട്ടു.കയറ്റുമതി ചെയ്യാന്‍ കഴിയാതെ ചരക്കുകള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നത് വഴി ഭീമമായ നഷ്ടമാണ് പ്രതിദിനം സംഭവിക്കുന്നത്.
സര്‍ക്കാര്‍ ഇടപെട്ട് പ്രശ്ന പരിഹാരം ഉടന്‍ കാണണമെന്ന് ആള് ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എ.ഐ.എസ്.ഇ. എഫ് ), കൊച്ചിന് ചേമ്പര്‍ ഓഫ് കൊമേഴ്സ്, ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് എന്നീ സംഘടനകള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ വര്‍ഷത്തെപ്പോലെ പതിനയ്യായിരം രൂപ ഉത്സവ അഡ്വാന്‍സ് വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ തൊഴിലാളികളുടെ ശരാശരി വേതനം പരിശോധിച്ച് തയാറാക്കിയ സ്ലാബ് അടിസ്ഥാനത്തില്‍ അഡ്വാന്‍സ് നല്‍കാമെന്നാണ് വെല്‍ഫയര്‍ ബോര്‍ഡിന്റെ നിലപാട്. ബോര്‍ഡിന്റെ കണക്കില്‍ ഇവര്‍ക്ക് വേണ്ട ശരാശരി വേതനം ഇല്ല. ഇതിനു കാരണം തെറ്റായ തൊഴില്‍ പ്രവണതകളാണെന്ന് ബോര്‍ഡ് അഭിപ്രായപ്പെടുന്നു. എന്നാല്‍ പ്രശ്നത്തിന്റെ മുഴുവന്‍ ആഘാതവും പേറുന്നത് കയറ്റുമതി വ്യാവസായമാണെന്ന് എ.ഐ.എസ്.ഇ.എഫ് ചെയര്മാന് രാജീവ് പലീച പറഞ്ഞു.
ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് മധുസൂദനന് ഗുപ്ത, കൊച്ചിന് ചേമ്പര്‍ ഓഫ് കൊമേഴ്സ് മുന്‍ ചെയര്മാന് സി.എസ് കര്‍ത്ത, ഓള് ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം മുന്‍ ചെയര്മാന് ഗുല്‍ഷന്‍ ജോണ്‍, എക്സിക്യൂട്ടീവ് ഡയരക്ടര്‍ കേണല്‍ ഡെറിക് സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."