2019 ല്‍ മോദി സര്‍ക്കാരിന്റെ വേരറുക്കണം; നീലിമ വിപ്ലവത്തിനാഹ്വാനവുമായി ചന്ദ്രശേഖർ ആസാദ്
ലഖ്‌നോ: ദലിത് മുന്നേറ്റ സംഘടനയായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജയില്‍മോചനം. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹം സഹാറന്‍പൂര്‍ ജയിലില്‍ നിന്ന് മോചിതനായത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വേരറുക്കണമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു.
സഹാറന്‍പൂര്‍ ജാതി കലാപ കേസില്‍ 2017 ജൂണിലാണ് ആസാദിനെ അറസ്റ്റ് ചെയ്തത്. ദലിതുകള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയാണ് നേതാവിനെ ജയില്‍ മോചിപ്പിക്കാന്‍ യു.പി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അദ്ദേഹം ആദ്യം പ്രതികരിച്ചത് മോദിക്കെതിരെയായിരുന്നു.
ആസാദിന് ജയിലിനു പുറത്ത് വന്‍ താരപരിവേഷത്തോടെ സ്വീകരണം നല്‍കി. വ്യാഴാഴ്ച രാത്രി മുതല്‍ ആളുകള്‍ ജയിലിനു പുറത്ത് തിങ്ങിനിറഞ്ഞിരുന്നു.
''അവകാശത്തിനു വേണ്ടി പോരാടാന്‍ എല്ലാ ദലിതുകളോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ ദലിതുകള്‍ തയ്യാറാവണം. ഏകാധിപത്യ ബി.ജെ.പി സര്‍ക്കാരിന്റെ വേരറുക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത് ഞാന്‍ തുടരും''- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
തനിക്ക് ബി.എസ്.പി നേതാവ് മായാവതിയുമായി ഒരു ഭിന്നതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ തനിക്ക് അമ്മായിയെപ്പോലെയാണെന്നും അവരും ദലിതുകളുടെ അവകാശത്തിനു വേണ്ടി പോരാടുന്നവരാണെന്നും ആസാദ് പറഞ്ഞു.
സര്‍ക്കാര്‍ തനിക്കെതിരെ വൈകാതെ മറ്റു കേസുകള്‍ ചാര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതിയില്‍ വലിയ തിരിച്ചടി നേരിടുമെന്ന് ഭയപ്പെട്ടതിനാലാണ് സര്‍ക്കാര്‍ തന്നെ നേരത്തെ മോചിപ്പിച്ചത്. സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്തവര്‍ക്കെതിരായ തന്റെ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. പ്രതിഷേധം അക്രമരഹിതമായിരുന്നു. പക്ഷെ, എങ്ങനെയാണ് 11 പേര്‍ കൊല്ലപ്പെട്ടത്? ബി.ജെ.പി ഇരുതലയുള്ള പാമ്പാണ്. അവരെ വിശ്വസിക്കാന്‍ കൊള്ളില്ല. എല്ലാവരും ഇവരുടെ പീഡനം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."