കുടിവെള്ളവിതരണം അട്ടിമറിക്കാന്‍ നീക്കം; യൂത്ത്ലീഗ് തഹസില്‍ദാറെ തടഞ്ഞുവച്ചു
പട്ടാമ്പി: പട്ടാമ്പി നഗരസഭയിലെ കുടിവെള്ളവിതരണം അട്ടിമറിക്കാനുള്ള റവന്യൂവകുപ്പ് നീക്കത്തില്‍ പ്രതിഷേധിച്ച് മുസ്ലിംയൂത്ത്ലീഗ് പ്രവര്‍ത്തകര്‍ തഹസില്‍ദാറെ തടഞ്ഞുവെച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ താലൂക്ക് ഓഫിസിലെത്തിയത്. രണ്ട് മണിക്കൂറോളം സമരം നീണ്ടു. കുടിവെള്ള വിതരണം ചൊവ്വാഴ്ച രാവിലെ ആരംഭിക്കുമെന്ന കലക്ടറുടെ ഉറപ്പില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു. വരള്‍ച്ചയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഡപ്യൂട്ടി കലക്ടറാണ് കലക്ടര്നല്കിയ ഉറപ്പ് യൂത്ത്ലീഗ് പ്രവര്‍ത്തകരെ അറിയിച്ചത്. വരള്‍ച്ചയെ പ്രതിരോധിക്കുന്നതിന് സര്‍ക്കാര്‍ റവന്യൂ വകുപ്പ് മുഖേന നടപ്പാക്കിയ കുടിവെള്ളവിതരണ പദ്ധതി പട്ടാമ്പിയില്‍ പ്രഹസനമായി മാറിയിരിക്കുകയാണ്. കുടിവെള്ളവിതരണത്തിന് തടസമായി പറയുന്നത് ഇതുവരെയും കലക്ട്രേറ്റില്നിന്നുള്ള അനുമതി ലഭ്യമായിട്ടില്ലെന്നാണ്. ഇതുമൂലം കുടിവെള്ളവിതരണം അനിശ്ചിതമായി നീളുകയാണ്. നഗരസഭയില്‍ മൂന്ന് മേഖലകളിലായി സ്ഥാപിച്ച വാട്ടര്കിയോസ്ക് ഇതുവരെയും ഉപയോഗിക്കാനായിട്ടില്ല. ടാങ്കുകള്‍ സ്റ്റാന്റില്‍ സ്ഥാപിച്ചുവെന്നല്ലാതെ ഒരിറ്റു വെള്ളം പോലും ഇതുവരെ ലഭ്യമായിട്ടില്ല. ടാങ്കുകള്‍ സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിലാണ് സ്ഥാപിച്ചിട്ടുള്ളത്. ടാങ്കും സ്റ്റാന്റും പര്‍ച്ചേസിങ് മാത്രമാണിവിടെ നടന്നിട്ടുള്ളതെന്നും യൂത്ത്ലീഗ് ആരോപിച്ചു.
ഇന്ന് മുതല്‍ കുടിവെള്ളവിതരണം ആരംഭിക്കുമെന്ന് ഉറപ്പ് ലഭ്യമായാണ് സമരം അവസാനിപ്പിച്ചത്. നഗരസഭയില്‍ വെള്ളം വിതരണത്തിനാവശ്യമായ സൗകര്യങ്ങള്‍ റവന്യൂവകുപ്പ് ഏര്‍പെടുത്തുമെന്നാണ് തഹസില്‍ദാര്‍ ഉള്പടെയുള്ളവര് നല്കിയ ഉറപ്പ്. ഇത് ലംഘിച്ചാല്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് സി.എ. റാസി മുന്നറിയിപ്പ് നല്കി.
കെ.എം.എ. ജലീല്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ഉമര്‍ പാലത്തിങ്ങല്‍, എം.കെ. മുഷ്താഖ്, വി.കെ. സൈനുദ്ദീന്‍, സൈതലവി വടക്കേതില്‍, ഇ.ടി. റഷീദ്, യു.കെ. ഷറഫുദ്ദീന്, പി. ഷഫീഖ്, പി. ഇബ്രാഹിം, മന്‍സൂര്‍ പാലത്തിങ്ങല്‍, എം.വി. അര്‍ഷാദ്, ഹനീഫ് പറക്കാട്, സി.ടി. മുനീര്‍ സദ്ദാം ശങ്കരമംഗലം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."